കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആർടിസി…

“കഥകളിയുടെ നാട്ടിൽ നിന്നും മടിക്കേരിയുടെ മടിത്തട്ടിലേക്ക്..” എന്ന പരസ്യ വാചകവുമായാണ് കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് പുതുതായി ആരംഭിച്ച കെഎസആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ് ഓടിത്തുടങ്ങിയത്. 2019 ജൂൺ ഒന്നാം തീയതി മുതലാണ് കൊട്ടാരക്കരയിലെ കെഎസ്ആർടിസി പ്രേമികൾ കാത്തിരുന്ന ഈ സർവ്വീസ് ആരംഭിച്ചത്.

ഇതിനായി കെഎസആർടിസിയിൽ നിലവിൽ മറ്റു സർവ്വീസുകൾ ഓടിക്കൊണ്ടിരുന്ന ATC 156, ATC 157 എന്നീ സൂപ്പർ ഡീലക്സ് ബസ്സുകൾ സിഎഫ് ടെസ്റ്റ് കഴിഞ്ഞു സുന്ദരക്കുട്ടപ്പന്മാരായാണ് ഇറക്കിയത്. സിഎഫ് ടെസ്റ്റ് പാസ്സായ ടാറ്റാ ബസ്സുകൾ കൊട്ടാരക്കര ഡിപ്പോയിൽ എത്തിയപ്പോൾ ജീവനക്കാരുടെയും ആനവണ്ടി പ്രേമികളുടെയും വക നല്ല കിടിലൻ സ്റ്റിക്കർ വർക്കുകൾ ചെയ്യുകയും ബസ് അപ്പാടെ മോടിപിടിപ്പിക്കുകയും ചെയ്തു.

കൊട്ടാരക്കരയിൽ നിന്നും ദിവസേന 5.25 നു പുറപ്പെടുന്ന ഈ സൂപ്പർ ഡീലക്സ് ബസ് അടൂർ, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശ്ശൂർ, എടപ്പാൾ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, കാഞ്ഞങ്ങാട്, കാസർഗോഡ്, മുള്ളേരിയ, പഞ്ചിക്കൽ വഴി പിറ്റേ ദിവസം വെളുപ്പിന് 5.50 നാണു സുള്ള്യയിൽ എത്തിച്ചേരുന്നത്. തിരികെ സുള്ള്യയിൽ നിന്നും വൈകുന്നേരം 5.30 നു പുറപ്പെടുന്ന ബസ് വന്ന വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 6.20 ഓടെ കൊട്ടാരക്കരയിൽ എത്തും.

കൊട്ടാരക്കര മുതൽ മുവാറ്റുപുഴ വരെയുള്ള എല്ലാ ബസ് സ്റ്റാന്റിലും റിസർവേഷൻ ഉൾപ്പടെ ബോർഡിങ് പോയിന്‍റ് ഏർപെടുത്തിട്ടുണ്ട്. 641 രൂപയാണ് കൊട്ടാരക്കരയിൽ നിന്ന് സുള്ള്യ വരെയുള്ള ടിക്കറ്റ് ചാർജ്. Online.ksrtc.com എന്ന വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കർണാടകയിലെ ദക്ഷിണ കാനറ ജില്ലയിലെ ഒരു പട്ടണം ആണ് സുള്ള്യ. പുത്തൂരിൽ നിന്ന് 36 കി.മീ അകലെയും മംഗലാപുരത്ത് നിന്ന് 86 കി.മീ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. കാസറഗോഡ് നിന്ന് 58 കി.മീ അകലെയാണ് സുള്ള്യ. സുള്ള്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മടിക്കേരി, കൂര്‍ഗ് യാത്രികര്‍ക്കുമൊക്കെ ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സര്‍വ്വീസ്.

സർവ്വീസ് തുടങ്ങിയ ദിവസം മുതൽ തന്നെ യാത്രക്കാരുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണ് ഈ ബസ്സുകൾക്ക് ലഭിക്കുന്നത്. കാസർഗോഡ് നിന്നും സുള്ള്യയിലേക്ക് ഓർഡിനറി സർവ്വീസുകൾ മുൻപേ തന്നെ സർവ്വീസ് നടത്തി വരുന്നുണ്ട്. എന്തായാലും കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയ്ക്ക് ലാഭകരമായ ഒരു സർവ്വീസ് ആയി മാറും ഇപ്പോൾ തുടങ്ങിയ സുള്ള്യ സർവ്വീസ് എന്നാണു പൊതുവെ വിലയിരുത്തപ്പടുന്നത്.