പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’

പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും മാംഗോ മെഡോസിനു സമ്മാനിച്ചത് ജപ്തി ഭീഷണിയാണ്.

ലോകമാകെ ജൈവവൈവിധ്യം അപകടത്തിലാവുന്ന ഇക്കാലത്ത്, സകലവിളകളെയും വളര്‍ത്തുമൃഗങ്ങളെയും ഒരിടത്തുകൂട്ടി സംരക്ഷിക്കുന്ന മാംഗോ മെഡോസ് ഇവിടെ ഒരുക്കിയിരിക്കുന്നത് എൻ.കെ. കുര്യൻ എന്ന പ്രകൃതി സ്നേഹിയായ വ്യവസായിയാണ്‌. ഏകദേശം പതിനാലു വർഷംകൊണ്ടാണ് പഴങ്ങളും മരങ്ങളും മത്സ്യക്കുളങ്ങളും മറ്റുമൊക്കെ ഒരുക്കി ഈ പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. ചുരുക്കിപ്പറഞ്ഞാൽ പ്രകൃതിയെക്കുറിച്ച് ഒന്നും അറിയാത്ത പുതുതലമുറയ്ക്കു വേണ്ടിയുള്ള ഒരു യൂണിവേഴ്സിറ്റിയാണ് മാങ്കോ മെഡോസ്.

പ്രവർത്തനം തുടങ്ങിയതു മുതൽ മികച്ച രീതിയിൽ പൊയ്‌ക്കൊണ്ടിരുന്ന മാംഗോ മെഡോസിന് ആദ്യം പ്രഹരമേല്പിച്ചത് 2018 ലെ പ്രളയമാണ്. എന്നാൽ അതിനെയെല്ലാം അതിജീവിച്ചു വീണ്ടും മുന്നേറി വരുന്നതിനിടയിൽ അടുത്ത വർഷം വീണ്ടും പ്രളയം. വീണ്ടും ഉയർത്തെഴുന്നേറ്റു വരുന്നതിനിടെ വില്ലനായെത്തിയത് കോവിഡ് എന്ന മഹാമാരിയും. അവിടുന്നു പിന്നീടങ്ങോട്ട് പാർക്ക് തുറന്നു പ്രവർത്തിക്കുവാൻ കഴിയാതെയായി.

300 ഓളം ആളുകള്‍ക്കാണ് മാംഗോ മെഡോസ് ഉപജീവന മാര്‍ഗം നല്‍കിയിരുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സ്റ്റാഫ് പലരും വീട്ടിലായി. ഇതോടെ ഇവിടത്തെ നോക്കിനടത്തിപ്പിനും പരിപാലനത്തിനായി ഉടമയായ കുര്യന്‍ തൻ്റെ താമസം പാര്‍ക്കിലേക്ക് മാറ്റി.

പാർക്ക് തുറന്നില്ലെങ്കിലും, അവിടത്തെ പക്ഷിമൃഗാദികൾക്കുള്ള ഭക്ഷണത്തിനും, മരങ്ങളും കാവുകളും ഉൾപ്പെടെയുള്ള ആവാസ വ്യവസ്ഥയുടെ പരിപാലനത്തിനുമായി പ്രതിമാസം 6 ലക്ഷം രൂപയാണ് ചെലവാക്കേണ്ടി വരുന്നത്. 13 കോടി രൂപ ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങി. കുടിശിക 25 കോടിയായി. അവസാനം ജപ്തിക്കു കോടതി വിധിയായി. 25 കോടി രൂപ ഒറ്റത്തവണയായി തിരിച്ചടച്ചില്ലെങ്കിൽ പാർക്കും മറ്റു വസ്തുക്കളും വീടും ജപ്തി ചെയ്യുന്ന നിലയിലായി കാര്യങ്ങൾ.

കേരളത്തിന്റെ ജൈവവൈവിധ്യത്തെയാകെ സ്വരുക്കൂട്ടി എന്‍ കെ കുര്യന്‍ നിര്‍മിച്ച ലോകത്തെ ആദ്യ കാര്‍ഷിക തീം പാര്‍ക്കായ മാംഗോ മെഡോസ് അകാലചരമം അടയാതെ തടയേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും കടമയാണ്, ഒപ്പം സര്‍ക്കാരിന്റെ ഉത്തരവാദിത്തവും. അവസാന ശ്രമമെന്നോണം ഉടമയായ എൻ.കെ. കുര്യൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും, ഇതിനു പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

രണ്ടു വലിയ റെക്കോർഡുകളാണ് മാംഗോ മെഡോസിന് ലഭിച്ചിരിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ മനുഷ്യ നിർമ്മിത അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന ലിംക ബുക്ക് ഓഫ് റെക്കോർഡും, ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന URF ന്റെ ലോകറെക്കോർഡും.

മാംഗോ മെഡോസ് വെറുമൊരു പാർക്കല്ല, വരും കാലങ്ങളിൽ കേരളത്തെ ലോകത്തിന് മുന്നിൽ അടയാളപെടുത്താൻ പോകുന്ന ജൈവ വൈവിധ്യമാണ്. ഇനിയും കാലങ്ങളോളം പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യന് അറിവും ആനന്ദവും പകർന്നു നൽകാനുള്ള ഒരിടം. ഈ കടുത്ത പ്രതിസന്ധിയിൽ മാംഗോ മെഡോസിനും ഉടമയായ കുര്യനും മാനസ്സിക പിന്തുണയുമായി നമുക്കും അണിചേരാം.