ഒറ്റശിലയില്‍ കൊത്തിയെടുത്ത അപൂർവ്വമായ ഒരു ഗുഹാക്ഷേത്രം !!

എഴുത്ത് – Akhil Surendran Anchal.

കേരളത്തിൽ അറിയപ്പെടുന്ന ഗുഹാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും അപൂർവവുമായ ഗുഹാക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാക്ഷേത്രം. ക്ഷേത്രങ്ങളുടെ ഐതീഹങ്ങള്‍ അറിയാനും , വായിക്കാനും ഏറെ രസമാണ്. പലപ്പോഴും വിശ്വസിക്കാനാവാത്ത കഥകളായിരിക്കും ഇതിന് പിന്നിലുള്ളതെങ്കിലും വിശ്വസിക്കാതിരിക്കാന്‍ പറ്റില്ല. അത്രയധികമുണ്ടാകും പ്രദേശത്തെ വിശ്വാസങ്ങളും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളും. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് അപൂര്‍വ്വതകളും വിശേഷങ്ങളും ഏറെയുള്ള കോട്ടുക്കല്‍ ഗുഹാക്ഷേത്രം.

ഒറ്റശിലയില്‍ കൊത്തിയെടുത്ത ഈ ഗുഹാക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം. അതെ എന്റെ നാട്ടിൽ അഞ്ചലിൽ നിന്ന് 5 km ദൂരം യാത്ര ചെയ്താൽ ഗുഹാ ക്ഷേത്രത്തിൽ എത്തിചേരാം. ഞാറാഴ്ച ആയതിനാൽ എല്ലാവരും ക്ഷേത്ര ദർശനം നടത്താറുള്ളതു പോലെ ഞാനും ശിവഭഗവാനെ കാണാനും ഗുഹാക്ഷേത്രത്തിന്റെ പെരുമ അറിയാനും യാത്ര കോട്ടുക്കൽ ഗുഹാ ക്ഷേത്ര സന്നിധിയിലേക്ക് യാത്രയായി.

കൊല്ലം ജില്ലയിലെ ഇട്ടിവയ്ക്ക് സമീപം കോട്ടുക്കലാണ് പുണ്യപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഥകൾ ഒരുപാട് ആണ് ഈ ഗുഹാ ക്ഷേത്രത്തിനെപ്പറ്റി. കുറച്ച് കഥകൾ ക്ഷേത്രം തിരുമേനി എന്നോടൊപ്പം പങ്ക് വെച്ചത് നിങ്ങളിലേക്ക് ഞാൻ പകരുന്നു. ‘പരമേശ്വരന്റെ ഭൂതഗണങ്ങള്‍ കൊണ്ടുവന്ന പാറയില്‍ നിര്‍മ്മിച്ച ക്ഷേത്രം’ – ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി സംബന്ധിച്ച് ധാരാളം കഥകള്‍ പ്രദേശത്ത് നിലനില്‍ക്കുന്നുണ്ടത്രെ.

ശിവന്റെ ഭൂതഗണങ്ങള്‍ ഇത്തരത്തിലൊരു പാറ ചുമന്നു കൊണ്ടു വരുന്നുണ്ടെന്ന് ദര്‍ശനം ലഭിച്ച ശിവഭക്തനായ സന്യാസിയുടെ കഥയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. സ്വപ്നത്തില്‍ ഇതിനെപ്പറ്റി ദര്‍ശനം ലഭിച്ച അദ്ദേഹം ഈ പാറയില്‍ ക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് പറയപ്പെടുന്നത്.

ദേവതകള്സ്ഥാപിച്ചക്ഷേത്രം : സന്യാസിയുടെ കഥ കൂടാതെ മറ്റൊരു കഥയും പ്രശസ്തമാണ്. ഒരിക്കല്‍ ശിവഭക്തരായ രണ്ടു ദേവതമാര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ക്ഷേത്രം സ്ഥാപിക്കുക എന്ന ഉദ്ദേശത്തില്‍ സഞ്ചരിച്ചുവെന്നും ഇവിടെയെത്തിയപ്പോള്‍ കോഴി കൂവിയതോടെ ഇവിടെത്തന്നെ പാറകള്‍ സ്ഥാപിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

കല്‍ത്തിരികോവില്‍ : കോട്ടുക്കല്‍ ഗുഹാ ക്ഷേത്രത്തിന് കല്‍ത്തിരി കോവില്‍ എന്നും പേരുണ്ട്. കൊട്ടിയ കല്ല് എന്നും ഇതിനെ പറയുന്നുണ്ട്. ഒറ്റക്കല്ലിലെ അത്ഭുതം : നെല്‍വയലകളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒറ്റപ്പാറയിലുള്ള ഈ ഗുഹാ ക്ഷേത്രം എഡി 6 നും 8 നും ഇടയിലായി നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഈ വലിയ പാറയില്‍ കിഴക്ക് ദര്‍ശനമായി രണ്ടു ഗുഹകളാണുള്ളത്. പത്തടി നീളവും എട്ടടി വീതിയുമുള്ള ഈ ഗുഹകള്‍ അല്ലെങ്കില്‍ മുറികളില്‍ രണ്ട് ശിവലിംഗങ്ങള്‍ കാണാവുന്നതാണ് നമുക്ക് .

ഗുഹാക്ഷേത്രത്തിലെമറ്റ്പ്രതിഷ്ഠകൾ : ഗണപതി വിഗ്രഹം, ഹനുമാന്‍, നന്ദികേശന്‍, അഷ്ടകോണിലെ കല്‍മണ്ഡപം തുടങ്ങിയവയൊക്കെ ഇവിടെ കാണാന്‍ സാധിക്കും. ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

ഇന്ത്യയിലെ ഏകപൂര്‍ണ്ണ ശിവക്ഷേത്രം : ഒന്നാമത്തെ ഗുഹയില്‍ ശിവലിംഗം, തൊട്ടുപുറത്തായി നന്തി , അതിനു മുകളില്‍ ഹനുമാന്‍ എന്നിങ്ങനെയാണുള്ളത്. ഐതിഹ്യമനുസരിച്ച് ഒറ്റത്തവണ മാത്രമേ ഹനുമാന്‍ ശിവനും പാര്‍വ്വതിക്കും കാവല്‍ നിന്നിട്ടുള്ളൂ. അതിന്റെ സൂചനയായാണ് ഇവിടെ ഹനുമാന്‍ രൂപം കാണാന്‍ സാധിക്കുന്നത്. സാധാരണ ശിവക്ഷേത്രത്തില്‍ ശിവലിംഗവും നന്തിയും ഗണപതിയുമാണ് ഉള്ളത്. ബാക്കിയുള്ളതൊക്കെ ഉപദേവതമാരാണ്. അതിനാലാണ് ഇതിനെ പൂര്‍ണ്ണശിവക്ഷേത്രമെന്ന് പറയുന്നത്.

200 വര്‍ഷം നീണ്ടുനിന്ന നിര്‍മ്മാണം : കണക്കുകളും ചരിത്രങ്ങളും അനുസരിച്ച് ഏകദേശം 200 വര്‍ഷത്തോളം വേണ്ടിവന്നുവത്രെ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്. നാല് തലമുറ നീണ്ടുനിന്ന ഒരു നിര്‍മ്മാണ പ്രവര്‍ത്തിയായിരുന്നു ഇത്. പല്ലവ രാജാക്കന്‍മാരുടെ കാലത്താണ് നിര്‍മ്മാണം നടന്നതെന്നാണ് അനുമാനം.

ദ്വൈതക്ഷേത്രം : ഒരു കമാനത്തിനു കീഴില്‍ സാധാരണ ഗതിയില്‍ ഒരു പൂര്‍ണ്ണക്ഷേത്രം മാത്രമേ വരാന്‍ പാടുള്ളൂ എന്നാണ് ശാസ്ത്രം. എന്നാല്‍ ഇവിടെ ഒറ്റകമാനത്തിനു കീഴില്‍ രണ്ടു ക്ഷേത്രങ്ങളാണുള്ളത്. ദ്വൈതക്ഷേത്രം എന്ന പേരില്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ ഒറ്റ ക്ഷേത്രം മാത്രമേയുള്ളുവത്രെ. അത് കോട്ടുക്കല്‍ ഗുഹാ ക്ഷേത്രമാണത്രെ. എന്നിൽ അത്ഭുത നിമിഷങ്ങൾ കടന്ന് പോയി ഇതെല്ലാം കേട്ടപ്പോൾ ശിവ ഭഗവാനെ ഞാൻ മനസ്സ് ഉരുകി പ്രാർത്ഥിച്ച് ഇനിയും ധാരാളം യാത്രകൾ ചെയ്യാൻ സാധിക്കും എനിക്ക് എന്ന ദൃഢനിശ്ചയത്തോടെ ഞാൻ പ്രസാദവും വാങ്ങി യാത്ര തിരിച്ചു .

എത്തിച്ചേരാന്‍ : കൊല്ലം ജില്ലയിലെ ചടയമംഗലം ഇട്ടിവ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരള സർക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം . എം.സി റോഡില്‍ ആയൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്. തിരുവനന്തപുരത്തു നിന്നും 53 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.