ഹർത്താൽ ദിവസം വണ്ടി ഓടിച്ചാൽ? ഒരു യാത്രാനുഭവവും കുറച്ചു ചിന്തകളും..

കഴിഞ്ഞ ദിവസം, അതായത് ഡിസംബർ 14 നു എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ മനോരമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വോയേജർ എന്നു പേരുള്ള ട്രാവൽ ആൻഡ് ടൂറിസം എക്സ്പോയിൽ പങ്കെടുക്കുവാനുള്ള പ്രത്യേക ക്ഷണം ഞാനുൾപ്പെടെ മൂന്നു ബ്ലോഗർമാർക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. കണ്ണൂർ – കാസർഗോഡ് യാത്രയ്ക്കുശേഷം ഞാൻ പത്തനംതിട്ടയിലെ വീട്ടിൽ അൽപ്പം വിശ്രമത്തിൽ ആയിരുന്നു.

പിറ്റേദിവസം ട്രാവൽ എക്സ്പോയിൽ പങ്കെടുക്കുന്നതിനായുള്ള എറണാകുളം യാത്രയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ഹർത്താൽ പ്രഖ്യാപനം വർത്തകളിൽക്കൂടി ഞാൻ അറിയുന്നത്. എത്രാമത്തെ ഹർത്താൽ ആണെന്ന് ഓർമ്മയില്ല, എങ്കിലും ഇങ്ങനെ അടുപ്പിച്ചടുപ്പിച്ച ഹർത്താൽ പ്രഖ്യാപനങ്ങൾ, അത് ഏത് പാർട്ടികളുടേത് ആയാലും സംഘടനകളുടേത് ആയാലും ജനജീവിതത്തെ ബുദ്ധിമുട്ടിക്കും എന്നുറപ്പാണ്.

കാര്യങ്ങൾ എന്തായാലും എനിക്ക് 14 നു എറണാകുളത്ത് എത്തിയേ തീരൂ. അതുകൊണ്ട് ധൈര്യപൂർവ്വം ഞാൻ കാറുമായി കോഴഞ്ചേരിയിൽ നിന്നും എറണാകുളം ലക്ഷ്യമാക്കി യാത്ര തുടങ്ങി. കോഴഞ്ചേരി ടൗണിൽ കടകളെല്ലാം അടച്ചിട്ടിരിക്കുന്ന കാഴ്ചയായിരുന്നു കാണുവാൻ സാധിച്ചത്. റോഡിലൂടെ വാഹനങ്ങൾ വളരെ കുറവും. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ കൂട്ടംകൂടി നിൽക്കുന്നത് കാണാമായിരുന്നു. എങ്കിലും തടയുന്നുണ്ടായിരുന്നില്ല എന്നത് ആശ്വാസമായി.

ഹർത്താലായിട്ട് വാഹനങ്ങൾ നിരത്തിലിറക്കുന്നത് എന്തോ ഭീകര സംഭവമായിട്ടാണ് നമ്മുടെ നാട്ടിൽ ആളുകൾ കാണുന്നത്. ഹർത്താലനുകൂലികൾ കരുതുന്നത് വണ്ടിയെടുക്കുന്നവരെല്ലാം തങ്ങളുടെ പാർട്ടിയ്ക്ക് എതിരായിട്ടുള്ളവർ ആണെന്നാണ്. എന്നാൽ സത്യമതല്ല. ഒഴിവാക്കാനാവാത്ത അത്യാവശ്യ കാരണങ്ങൾ ഉള്ളതിനാലാണ് ബുദ്ധിമുട്ടിയാണെങ്കിലും റിസ്ക്ക് എടുത്ത് ഹർത്താൽ ദിവസം പുറത്തിറങ്ങുന്നത്.

ഹർത്താൽ ദിനത്തിൽ പെട്ടുപോയവരെ നോക്കി സാധാരണയായി ചിലർ പറയുന്ന ഒരു കാര്യമുണ്ട്. ഹർത്താൽ ആണെന്നറിഞ്ഞിട്ടും പോയത് അവരുടെ അഹങ്കാരം കൊണ്ടല്ലേ? നന്നായിപ്പോയി എന്നൊക്കെ. ഇങ്ങനെ ചിന്തിക്കുന്നവർ ഒരു കാര്യം ഓർക്കുക. ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ഒരു പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനു എതിരു നിൽക്കുവാൻ ആർക്കാണ് അവകാശം? ഹർത്താൽ പ്രതിഷേധത്തിൻ്റെ അവസാന വാക്ക് ആയത് എങ്ങനെയാണ്? ഹർത്താൽ നടത്തിയാൽ നമുക്ക് എന്തു ലാഭമാണുള്ളത്?

ഹർത്താലിന്റെ ചരിത്രം നമ്മളിൽ എത്രപേർക്ക് അറിയാം? ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരവ്യവഹാരങ്ങളിൽ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ചു ഹർത്താലിൽ പങ്കെടുത്തു. 1997-ൽ കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹർത്താൽ വ്യാപകമായത്. ബന്ദ് പോലെ നിർബന്ധപൂർവ്വമായ ഒരു സമര പരിപാടിയല്ല ഹർത്താൽ. പക്ഷേ ഹർത്താലുകൾ പലപ്പോഴും അക്രമാസക്തമാകുന്നതായും നിർബന്ധപൂർവ്വമാകുന്നതും കണ്ടുവരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത ഹർത്താൽ തീർത്തും അഹിംസയോടെയായിരിക്കണം എന്നാണ്. ഹർത്താൽ ആഹ്വാനത്തോട് എല്ലാവരും സ്വമേധയാ പങ്കെടുക്കുക എന്നതാണു് അതിന്റെ സ്വഭാവം പക്ഷേ ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹർത്താലിൽ സഹകരിക്കാൻ നിർബന്ധിതരാവുകയാണ്‌ ഇന്ന് പലപ്പോഴും.

രണ്ടു വര്ഷം മുൻപ് ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന ഹർത്താൽ പെട്ടുപോയ വ്യക്തിയാണ് ഈ ഞാൻ. എറണാകുളത്തു നിന്നും കോഴഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ വണ്ടി തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അവർ. ആ സമയത്ത് ഞങ്ങൾക്ക് രക്ഷരായത് പോലീസുകാർ ആയിരുന്നു.

ഹർത്താലുകാരുടെ അക്രമത്തിനിരയായ ഏതൊരു സാധാരണക്കാരെയും പോലെ ഇതും അവസാനിക്കുമെന്നാണ് ഹർത്താലനുകൂലികൾ കരുതിയത്. പക്ഷെ അവർക്ക് എട്ടിന്റെ പണി കാത്തുവെച്ചത് എന്റെ കാറിൽ പ്രവർത്തിക്കുകയായിരുന്നു ഡാഷ് ക്യാമറയായിരുന്നു. അതിൽ എല്ലാ ദൃശ്യങ്ങളും നല്ല കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നതിനാൽ പോലീസ് ഉടനെ കേസ് എടുക്കുകയും പ്രതികളെ കയ്യോടെ പൊക്കുകയുമാണുണ്ടായത്. അന്ന് എന്നെ വഴിയിൽ തടഞ്ഞുനിർത്തി പ്രകടനം (ഷോ ഓഫ്) കാഴ്ച വെച്ചവരുടെ ദയനീയമായ മറ്റൊരു പ്രകടനം കൂടി പോലീസ് സ്റ്റേഷനിൽ വെച്ചു കാണുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഇതുപോലെ ബുദ്ധിമുട്ടനുഭവിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതികരിച്ചാൽ തീരാവുന്നതേയുള്ളൂ നമ്മുടെ നാട്ടിലെ ഹർത്താൽ അക്രമങ്ങൾ.

ഹർത്താൽ ആയിട്ടും ചങ്ങനാശ്ശേരി – ആലപ്പുഴ റോഡിൽ ചെറിയ കടകളൊക്കെ തുറന്നിട്ടുണ്ടായിരുന്നു. AC റോഡ് പകൽ സമയത്ത് വാഹനങ്ങളില്ലാതെ ഇതുപോലെ ഒഴിഞ്ഞു കാണണമെങ്കിൽ ഹർത്താൽ ദിനം വരണം. ആലപ്പുഴ ബസ് സ്റ്റാൻഡിൽ ചുമ്മാ ഒന്നു പോയി നോക്കിയപ്പോൾ കെഎസ്ആർടിസി ബസുകളൊന്നും ഓടാതെ കിടക്കുകയായിരുന്നു.

ഇത്തവണ ഹർത്താൽ ദിനത്തിൽ ശ്രദ്ധേയമായത് സിനിമാ തിയേറ്ററുകൾ ആയിരുന്നു. മോഹൻലാൽ ചിത്രമായ ഒടിയന്റെ റിലീസ് ദിനമായിരുന്നതിനാൽ ഫാൻസുകാരുടെ ഒറ്റക്കെട്ടായ നിലപാട് മൂലം ഒടിയനെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരിക്കുകയായിരുന്നു. വരുന്ന വഴിക്ക് തിയേറ്ററുകളുടെ പരിസരമെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്ന കാഴ്ചയായിരുന്നു എനിക്ക് കാണുവാൻ സാധിച്ചത്. ഫാൻസുകാരുടെയും സിനിമാപ്രേമികളുടെയും ഒറ്റക്കെട്ടായ ഈ വിജയം എന്തുകൊണ്ട് നമ്മൾ പൊതുജനങ്ങൾക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് കരസ്ഥമാക്കിക്കൂടാ? ഈ കാര്യം നമ്മളെല്ലാം ചിന്തിക്കേണ്ട ഒന്നാണ്.

അങ്ങനെ ഹർത്താൽ ദിനത്തിൽ ഒട്ടും ശല്യങ്ങളൊന്നും കൂടാതെ ഞാൻ സുരക്ഷിതമായി എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ എത്തിച്ചേർന്നു. അധികം പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതിരുന്നതിനു ഹർത്താലനുകൂലികൾക്ക് നന്ദി.  ഈ അവസരത്തിലും എനിക്ക് നിങ്ങളോടായി പറയുവാനുള്ളത് ഇതാണ്. “ഹർത്താലുകൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് ജനം വീട്ടിൽ ഇരിക്കുന്നത്? ഹർത്താലുകൾക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നമുക്ക് ഒരുമിച്ച് പറയാം ‘Say No To Hartal’.”