കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം കൊട്ടാരം കണ്ടിട്ടുണ്ടോ?

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

കായംകുളം വഴി പോകുന്നവർ തീർച്ചയായും കൃഷ്ണപുരം കൊട്ടാരത്തിലേക്ക് കൂടി സന്ദർശനം നടത്തണം. ഞാൻ ഓരോ പ്രാവിശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. യാത്രകൾ, എഴുത്ത്, ഫോട്ടോഗ്രഫി, സൗഹൃദം ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ, കൊല്ലക്കാരൻ.

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. ഇന്നത്തെ യാത്ര പ്രാചീന തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന ശ്രീ മാർത്താണ്ഡവർമ്മയുടെ (1729-58) കാലത്തു പണി തീർത്ത കൃഷ്ണപുരം കൊട്ടാരത്തിലേക്കായിരുന്നു. രാമയ്യൻ ദളവയുടെ മേൽനോട്ടത്തിൽ, കായംകുളം രാജാവിന്റെ (ഓടനാട് രാജവംശം) കോട്ടകൊത്തളങ്ങൾ ഇടിച്ചു നിരത്തിയ ശേഷം, ചെറിയ തോതിൽ പണി കഴിപ്പിച്ചതാണ് ഈ കൊട്ടാരം.

പിൽക്കാലത്തു അയ്യപ്പൻ മാർത്താണ്ഡപിള്ള പുതുക്കി പണിയുകയുണ്ടായി. തനി കേരളീയ വാസ്തുശിൽപ്പരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയപതിപ്പ് എന്നു തന്നെ പറയാവുന്ന രീതിയിലാണ്‌ ഇതിന്റെ നിർമ്മാണം. പുറത്തെ ചുറ്റുമതിൽ കടന്ന് ഉള്ളിലേക്കെത്തിയാൽ മനോഹരമായ ഒരു ഉദ്യാനം കാണാം. ഈ ഉദ്യാനം നല്ലരീതിയിൽത്തന്നെ പരിപാലിച്ചിട്ടുണ്ട്‌. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടിലേക്ക് പ്രവേശിക്കാം. കൊട്ടാരത്തിന്റെ പിൻഭാഗത്തായി കൊട്ടാരത്തോടു ചേർന്നു തന്നെ വിശാലമായ ഒരു കുളവും നിർമ്മിച്ചിരിക്കുന്നു.

പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങൾ നൽകാൻ പുരാവസ്തു വകുപ്പിൻറെ ഉദ്യോഗസ്ഥരുമുണ്ട്. മുകൾത്തട്ടിലെ വിശാലമായ ഹാളുകളിൽ അതി ബൃഹത്തായ ഒരു നാണയശേഖരവും, പുരാതന ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

താഴത്തെ മുറികളിൽ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളിൽനിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ മഞ്ചൽ, പല്ലക്ക് തുടങ്ങിയ വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ, കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർച്ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നു. പൂർണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റപ്പാനൽ ചുവർ ചിത്രമാണിത്.

കൊട്ടാരം ഇപ്പോൾ കേരള പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണുള്ളത്. കായംകുളം. പട്ടണത്തിൽനിന്നും ഏകദേശം രണ്ടുകിലോമീറ്റർ തെക്കോട്ടു മാറി, ദേശീയപാതക്കു സമീപത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്.

പ്രവേശന സമയം – 9:00 Am to 4:30 Pm. തിങ്കളാഴ്ച ദിവസം അവധിയാണ്. ടിക്കറ്റ് ചാർജ് – 20 രൂപ, മൊബെൽ ഫോട്ടോഗ്രഫി ചാർജ് – 10 രൂപ, ക്യാമറ ചാർജ് : ഫോട്ടോഗ്രാഫി – 400 രൂപ, വീഡിയോഗ്രാഫി – 900 രൂപ.

“അക്ഷരങ്ങൾ കൊണ്ട് ഞാനൊരു കൊട്ടാരം പണിഞ്ഞാൽ അതിൽ ഓരോക്ഷരവും നിന്നോട് പറയുന്നത് എന്റെ യാത്രകളുടെ അടങ്ങാത്ത പ്രണയമായിരിക്കും”. സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത് . ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.