മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിച്ച് കെഎസ്ഇബി

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴയും, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലുമൊക്കെ മൂലം ഭീകരാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതുമൂലം പലയിടങ്ങളിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത തകരാറുകളുമുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിച്ച് കെഎസ്ഇബി തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്.

“തീവ്രമായ മഴയെത്തുടർന്നുണ്ടായ പ്രളയവും ഉരുൾ പൊട്ടലും കാരണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി വിതരണ സംവിധാനത്തിന് സംസ്ഥാനത്തുടനീളം കനത്ത തകരാറുകളുണ്ടായിട്ടുണ്ട്. വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയാണ്. കെ എസ് ഇ ബിയുടെ വൈദ്യുതി സേന പൂർണ്ണ തോതിൽത്തന്നെ ഈ വൈകിയ വേളയിലും രംഗത്തുണ്ട്. തീവ്രമഴ വൈദ്യുതി വിതരണ സംവിധാനത്തെ സാരമായി ബാധിച്ചു എന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചന.

തീവ്രമായ കാറ്റിനെയും മഴയെയും തുടർന്ന് മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിരിക്കുകയാണ്. പൊൻകുന്നം ഡിവിഷനു കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ മിക്കവാറും എല്ലാ 11 കെ വി ഫീഡറുകളും തകരാറിലാണ്. മുണ്ടക്കയം ടൗണിലുണ്ടായ വെള്ളപ്പൊക്കത്തിൽ സെക്ഷൻ ഓഫീസും അകപ്പെട്ടിരിക്കുന്നു.

പാല ഡിവിഷന്റെ കീഴിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രളയത്തെത്തുടർന്ന് ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്ത അവസ്ഥയിലാണ്. 33 കെ വി പൈക ഫീഡർ തകരാറിലായതോടെ പൈക സെക്ഷന്റെ പ്രവർത്തനവും അവതാളത്തിലായി.

കൊല്ലം ജില്ലയിലെ തെൻമല സെക്ഷൻ പ്രദേശത്ത് തീവ്ര മഴയെത്തുടർന്ന് പുഴയുടെ തീരത്തുള്ള കെട്ട് ഇടിഞ്ഞ് 3 ഹൈടെൻഷൻ പോസ്റ്റുകളും 4 ലോ ടെൻഷൻ പോസ്റ്റുകളും വെള്ളത്തിൽ ഒലിച്ചുപോയി. നിരവധി സ്ഥലങ്ങളിൽ ലൈനിൽ മരം വീണു. കോട്ടവാസൽ അച്ചൻകോവിൽ 11 കെ വി ഫീഡറുകൾ തകരാറിലാണ് ആണ്. 35 ഓളം ട്രാൻസ്ഫോർമറുകൾ ഓഫാണ്.

കുഴൽമന്ദം പുല്ലുപ്പാറ ഭാഗത്ത്‌ ഹൈടെൻഷൻ ഫീഡറിൽ വലിയ മരം വീണ് ഡബിൾ പോൾ സ്ട്രക്ചറും 2 ഹൈടെൻഷൻ പോസ്റ്റും തകർന്നതിനാൽ നാല് ട്രാൻസ്‌ഫോർമറിൽ വരുന്ന 300 ഓളം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.

മണിമല സെക്ഷൻ പരിധിയിൽ 2018 നെക്കാളും വളരെ ഉയർന്ന നിരക്കിലാണ് മണിമലയാറ്റിൽ വെള്ളം ഉയർന്നിരിക്കുന്നത്. അപകടസാധ്യത കണക്കാക്കി 60 ഓളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്. ഏകദേശം 8000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ല. ഒൻപതോളം 11 കെ വി പോസ്റ്റുകളും കടപുഴകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.”

മഴ പെയ്താൽ ഒരാഴ്ച കഴിഞ്ഞ് കറൻ്റ് വരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പെരുമഴയത്തും അർപ്പണ ബോധത്തോടെ ജോലി ചെയ്യുന്ന ഓഫീസുകളും കെ എസ് ഇ ബി യ്ക്കുണ്ട് എന്ന് മനസ്സിലാക്കാൻ ഈ പോസ്റ്റ് കൊണ്ട് സാധിക്കും.