കെഎസ്ആർടിസിയും പോലീസും കൈകോർത്തു; രക്ഷിച്ചത് ഒരു മനുഷ്യ ജീവൻ…

സർക്കാർ സംവിധാനങ്ങളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പൊതുജനങ്ങളുമായി ഇടപെടേണ്ടി വരുന്ന വിഭാഗമാണ് കേരളാ പോലീസും അതുപോലെ തന്നെ കെഎസ്ആർടിസിയും. നിർഭാഗ്യവശാൽ ചില സമയങ്ങളിൽ അവരുടെ ഭാഗത്ത് നിന്നുള്ള ചെറിയ ചെറിയ വീഴ്ചകൾ വലിയ വാർത്തകളായി മാറുമെങ്കിലും അതേപോലെ തന്നെ അവർ ചെയ്യുന്ന നന്മകൾ കൂടി നിങ്ങളിലെത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. കഴിഞ്ഞ പ്രളയകാലത്തും നമ്മുടെ രക്ഷകരായി എത്തിയവരിൽ രണ്ടു ടീം പോലീസും പിന്നെ കെഎസ്ആർടിസിയും ആയിരുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ അവർ സമുഹത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ച് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട കെഎസ്ആർടിസി യാത്രക്കാരിയ്ക്ക് രക്ഷകരായത് കെഎസ്ആർടിസി ജീവനക്കാരും പോലീസുമായിരുന്നു. ആ സംഭവം ഇങ്ങനെ…

തീയതി- 05/07/2019, സമയം – 11.00 AM : പാപ്പനംകോട് ഡിപ്പോയിലെ ബസായ RPC 154 മായി ഡ്രൈവർ ആർ. രാജേഷും കണ്ടക്ടർ വി. ശ്രീകാന്തും നാഗർകോവിലിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് സർവീസ് നടത്തുകയായിരുന്നു. ബസിൽ എന്നത്തേയും പോലെ സാമാന്യം തിരക്കുമുണ്ടായിരുന്നു. ബാലരാമപുരത്ത് വച്ച് ബസിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞാണ് കണ്ടക്ടർ ശ്രീകാന്ത് അറിയുന്നത്.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന ആ സ്ത്രീയെ കണ്ട ശ്രീകാന്തിന് അവർക്ക് അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള ഘട്ടത്തിലാണെന്ന് മനസിലായി. പക്ഷേ ബസോടുന്ന റൂട്ട് അത്യധികം ഗതാഗതക്കുരുക്കേറിയ മേഖലയാണ്. വിവരം അടിയന്തിരമായി ഡ്രൈവർ രാജേഷിനെ ശ്രീകാന്ത് അറിയിക്കുകയും ബസ് ഉടൻ തന്നെ ഒരു ആംബുലൻസിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. രോഗിയുടെ അവസ്ഥയെ പറ്റി പൂർണബോധ്യം വന്ന വഴിയിലിറങ്ങേണ്ട യാത്രക്കാർ പോലും ഈ ഉദ്യമത്തിൽ ജീവനക്കാരുടെ കൂടെ നിന്നു.

ബസിന്റെ ലൈറ്റിട്ടു കൊണ്ടുള്ള വരവും വേഗതയും ശ്രദ്ധിച്ച കാരക്കാമണ്ഡപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കൺട്രോൾ റൂം വാഹനം വിഷയത്തിന്റെ അടിയന്തിരപ്രാധാന്യം മനസിലാക്കി. തുടർന്ന് ബസിനെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മുന്നോട്ടു പോകാൻ സഹായിച്ചത് പോലീസ് കൺട്രോൾ റൂം വാഹനത്തിന്റെ സാന്നിധ്യമാണ്. അടിയന്തിരമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പ്രസ്തുത യാത്രക്കാരിയെ സ്വന്തം അമ്മയെ പോലെയാണ് പോലീസിലെയും കെഎസ്ആർടിസിയിലെയും ഉദ്യോഗസ്ഥർ കണക്കാക്കിയത്.

ഇതെല്ലാം ബസ്സിലെ ഏതോ ഒരു യാത്രക്കാരൻ വീഡിയോ പകർത്തുകയും ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തു. ഈ വീഡിയോയും കുറിപ്പും വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഈ ഉദ്യമത്തിനായി പങ്കുവഹിച്ച കെഎസ്ആർടിസി ജീവനക്കാരും, കേരളാ പോലീസിലെ ഉദ്യോഗസ്ഥരും, അതോടൊപ്പം തന്നെ സ്വന്തം തിരക്കുകൾ മറന്നു ഇതിനെല്ലാം വേണ്ട പിന്തുണ നൽകിയ യാത്രക്കാരും, ബസ്സിനു വഴിയൊരുക്കിയ പൊതുജനങ്ങളും എല്ലാം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒരു ജീവൻ രക്ഷിക്കുവാൻ എല്ലാം മറന്നു പ്രവർത്തിച്ച എല്ലാവർക്കും നന്ദി.

വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ, വീഡിയോ കടപ്പാട് – ബസിൽ യാത്ര ചെയ്തിരുന്ന അജ്ഞാത സുഹൃത്തിന്.