നന്മയുള്ള രണ്ട് കെഎസ്ആർടിസി യാത്രാനുഭവങ്ങൾ; ആനവണ്ടിയെ ജനകീയമാക്കുന്നത് ഇതൊക്കെയാണ്…

എന്തുകൊണ്ടാണ് ആനവണ്ടി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കെഎസ്ആർടിസി മലയാളിക്ക് പ്രിയപ്പെട്ടതാകുന്നത്? ജീവനക്കാർ പല സ്വഭാവത്തിലുള്ളവർ ഉണ്ടാകാം. പക്ഷെ നമ്മുടെ സ്വന്തം വണ്ടി എന്നുള്ള ആ തോന്നൽ.. അതാണ് കുറവുകൾ ഏറെയുണ്ടെങ്കിലും കെഎസ്ആർടിസിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർ പണ്ടുമുതൽക്കേ യാത്രക്കാരോടുള്ള പെരുമാറ്റത്തിന്റെ പേരിൽ കുറെയേറെ പഴി കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ വർത്തയാകാറുണ്ടായിരുന്നില്ല. ഇപ്പോൾ കെഎസ്ആർടിസി പ്രേമികളുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളും പേജുകളും ഒക്കെ ഫേസ്‌ബുക്കിൽ വന്നതോടെയാണ് അവരുടെ നല്ല വശങ്ങൾ കൂടി പുറംലോകം അറിയുന്നത്. അത്തരത്തിൽ ഈയിടെയുണ്ടായ രണ്ട് വ്യത്യസ്ത അനുഭവങ്ങള്‍ പങ്കുവെയ്ക്കാം. ഇന്നത്തെ കണ്ടക്ടര്‍മ്മാരില്‍ ഭൂരിഭാഗം പേരും ഇത്തരത്തിലുളളവരാണ് എന്നാണ് അഭിപ്രായം.

അനുഭവം ഒന്ന് : കയ്യിൽ ആകെ ഉള്ളത് 100 രൂപ. ആ കുട്ടിക്കു കോട്ടയത്ത് നിന്നും കട്ടപ്പന വരെ പോകണം. കാത്തിരുന്ന് ￰കിട്ടിയ ഒരു KSRTC ￰ബസ്സിൽ കേറി ടിക്കറ്റ് ചോദിച്ചു. 119 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. കയ്യിൽ നൂറു രൂപയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ അതിനു മുൻപ് ഉള്ള സ്റ്റോപ്പ് ചോദിച്ചു. കാഞ്ചിയാർ ആണ് അതിനു മുന്നേയുള്ള പോയിന്റ്. അവിടേക്കാണെങ്കിൽ 113 രൂപയാകും. അപ്പോഴും കാശ് തികയില്ല. ഇത് കേട്ട് കണ്ടക്ടർ കുട്ടിയോട് “പൈസ ഇല്ലേ ഡാ കൈയിൽ?” “എന്റെ കൈയിൽ 100 രൂപയെ ഉള്ളു. ഇതിനു പോവാൻ പറ്റുന്ന സ്ഥലത്തു ഞാൻ ഇറങ്ങികൊള്ളാം.” ഉള്ളത് തരാൻ പറഞ്ഞ കണ്ടക്ടർ 119 ന്റെ ടിക്കറ്റ് ആ കുട്ടിയുടെ കൈയിൽ കൊടുത്തു. കുട്ടി കൊടുത്ത പൈസയിൽ കുറച്ചു നാണയ തുട്ടുകളും ഉണ്ടായിരുന്നു. ആ ചില്ലറ എണ്ണി പോലും നോക്കാതെ ചിരിച്ചുകൊണ്ട് അദ്ദേഹം ബാഗിൽ ഇട്ടപ്പോൾ ആ കുട്ടിയുടെ മനസ്സിൽ എന്താവും തോന്നിയിട്ടുണ്ടാവുക? ഒരു ചെറു പുഞ്ചിരി മാത്രം അദ്ദേഹത്തിന് സമ്മാനിച്ചു ആ കുട്ടി ബസിൽ യാത്രയായി. അനുഭവ വിവരണത്തിന് കടപ്പാട് – Seban Babby Mamala.

അനുഭവം രണ്ട് : കഴിഞ്ഞ ദിവസം വെളുപ്പിനെ 2 മണിക്ക് തൃശൂര്‍ കുന്നംകുളത്ത് നിന്നും ആലപ്പുഴ ജില്ലയിലെ തോട്ടപ്പളളിയിലേക്ക് പുറപ്പെട്ട എന്‍റെ സുഹൃത്ത് നിഥില്‍ കുമാറിന്‍റെ അനുഭവം പറയാം. KSEB ഉദ്യോഗസ്ഥനായ അദ്ദേഹം ഡ്യൂട്ടി യൂണിഫോം മാറ്റുമ്പോള്‍ പേഴ്സ് മേശപ്പുറത്ത് വച്ചു. പിന്നീട് അത് എടുക്കാൻ വിട്ടുപോയി. തിരക്കിനിടയില്‍ ഓടി തൃശൂര്‍ ബസ്സില്‍ കയറി ടിക്കറ്റ് എടുക്കാന്‍ പേഴ്‌സ് നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. കണ്ടക്ടര്‍ ടിക്കറ്റ് നല്‍കി. പണം നല്‍കാന്‍ ആ സമയത്ത് കഴിഞ്ഞില്ല. തൃശൂര്‍ എത്തി കൈവശമുണ്ടായിരുന്ന ATM കാര്‍ഡ് ഉപയോഗിച്ച് പണം എടുത്ത് കണ്ടക്ടര്‍ക്ക് നല്‍കി.

KSRTC യെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത് ഇത്തരം അനുഭവങ്ങള്‍ ഉളളതു കൊണ്ടാകാം. ഇത്തരം ധാരാളം അനുഭവങ്ങള്‍ യാത്രികര്‍ക്ക് ഉണ്ടാകാം. ചിലപ്പോൾ നിങ്ങൾക്കും ഉണ്ടാകാം. പ്രൈവറ്റ് ബസ്സുകളിലും ഇത്തരത്തിലുള്ള നല്ല ജീവനക്കാർ ഉണ്ട്. ഈ അവസരത്തിൽ അവരെയും കൂടി ഓർക്കുകയാണ്. എങ്കിലും നമ്മൾ മലയാളികൾക്ക് പ്രൈവറ്റ് ബസുകളെക്കാൾ ഒരു പാടി കൂടുതൽ ഇഷ്ടം കെഎസ്ആർടിസിയോട് തന്നെയായിരിക്കും. അത് ഉറപ്പാണ്. കാരണം കെഎസ്ആർടിസി ഓരോ മലയാളിയുടെയും സ്വന്തമാണ്.

കടപ്പാട് – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, എടത്വ കെഎസ്ആർടിസി ഡിപ്പോ).