950 രൂപയ്ക്ക് അരിപ്പ, കുടുക്കത്തുപാറ ട്രെക്കിംഗ് പാക്കേജുമായി കെഎസ്ആർടിസി

ട്രെക്കിങ്ങ് ഇഷ്ടമാണോ? ട്രെക്കിങ്ങിന് പോകാൻ താൽപര്യമുണ്ടൊ? എങ്കിൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഹരിപ്പാട് നിന്ന് അരിപ്പയിലേയ്ക്ക് പോകുവാനായി ഒരു അവസരമിതാ. ‘അരിപ്പ’ അതെന്താ എന്നല്ലെ? തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ, അപൂർവങ്ങളായ പക്ഷി വർഗങ്ങളുടെ സങ്കേതമാണ് അരിപ്പ വനപ്രദേശം.

നിങ്ങൾക്ക് ഏറ്റവും നല്ല സന്തോഷകരമായ യാത്രകൾ സംഘടിപ്പിക്കുന്ന നിങ്ങളുടെ സ്വന്തം കെ.എസ്.ആർ.ടി.സി ഹരിപ്പാട് നിന്നും അരിപ്പ, കുടുക്കത്തുപ്പാറ എന്നിവിടങ്ങളിലേക്ക് ആരംഭം കുറിക്കുന്നു. അതും കുറഞ്ഞ ചിലവിൽ ഭക്ഷണവുംഎൻട്രി ഫീസുകളും ഉൾപ്പെടെ 950 രൂപ മാത്രം! എന്താ വിശ്വസിക്കാൻ കഴിയുന്നില്ലെ? സത്യം ഇനി നിങ്ങൾക്ക് എങ്ങനെയാണ് ട്രിപ്പ് സംഘടിപ്പിക്കുന്നതെന്നറിണ്ടേ?

പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാൽ പക്ഷികളെ കാണാനും നിരീക്ഷിക്കാനും കഴിയുന്നു എന്നത് ഇവിടത്തെ സവിശേഷതയാണ്. മാക്കാച്ചി കാടയെന്ന അപൂർവ പക്ഷിവർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി തിരിച്ചറിഞ്ഞത് അരിപ്പയിലാണെന്ന് പക്ഷി നിരീക്ഷകർ പറയുന്നു.

പക്ഷികൾക്കു പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്. അരിപ്പ പക്ഷി സങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയിനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേർന്നാണ്.

സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാണ് കുടുക്കത്തുപാറ. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെയാണ് കുടുക്കത്തുപാറ.

ആനക്കുളത്തുനിന്ന്‌ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. പാറയുടെ മുകളിലേക്കുകയറാൻ കൽപ്പടവുകളും സുരക്ഷാ വേലികളും ഒരുക്കിയിട്ടുണ്ട്. പാറയുടെ സമീപത്തായി ഗന്ധർവ്വൻപാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം. മുകളിലെത്തിയാൽ വളരെ വിസ്തൃതമായ ഭൂപ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാം.

ആയാസകരമായ യാത്ര ആയതിനാൽ 18 നും 50 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവരെ മാത്രമേ യാത്രയ്ക്കായി പരിഗണിക്കൂ. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ യാത്ര അനുവദിക്കു. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ യാത്ര അടുത്ത അനുകൂലമായ ദിവസത്തേക്ക് മാറ്റുന്നതാണ്. നവംബർ 21 നാണ് ആദ്യ ട്രിപ്പ് പുറപ്പെടുന്നത്. അപ്പോ പോയാലോ? അരിപ്പ ട്രെക്കിംഗ് പാക്കേജ് ഈ-ബ്രോഷർ ഡൗൺലോഡ് ചെയ്യാൻ താഴെക്കാണുന്ന ഈ ലിങ്ക് ക്ലിക്ക് ചെയ്യുക : https://bit.ly/3nqVQTJ .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, ഹരിപ്പാട് ഡിപ്പോ: phone 0479-2412620, മൊബൈൽ – 9947812214, 9447975789, 9947573211, 8139092426. കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972.

കടപ്പാട് – സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി.