കെഎസ്ആർടിസിയുടെ “അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” ഓടിത്തുടങ്ങുന്നു…

“അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” 2019 ആഗസ്റ്റ് 31-ന് പ്രയാണം ആരംഭിക്കുന്നു…

ആലപ്പുഴ ജില്ലയിലെ തീരദേശവാസികളുടെ ദീർഘനാളത്തെ ആവശ്യം നിറവേറ്റിക്കൊണ്ട് “അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” 2019 ആഗസ്റ്റ് 31-ന് സർവ്വീസ് ആരംഭിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് അർത്തുങ്കൽ ബസലിക്ക ദേവാലയ അങ്കണത്തിൽ വച്ച് ബഹു: ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ അവർകളുടെ അധ്യക്ഷതയിൽ ബഹു: ആലപ്പുഴ എം.പി. ശ്രീ. എ.എം ആരിഫ്-ന്റെ മഹനീയ സാന്നിധ്യത്തിൽ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ . എ.കെ. ശശീന്ദ്രൻ അവർകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ചേർത്തല നിന്ന് അർത്തുങ്കൽ ബസലിക്കയിൽ എത്തി അവിടെ നിന്നും വേളാങ്കണ്ണി പള്ളിയിലേക്കും, വേളാങ്കണ്ണിയിൽ നിന്നും അർത്തുങ്കൽ പള്ളി വഴി ചേർത്തലയിലും എത്തിച്ചേരുന്ന വിധത്തിലാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ചേർത്തലയിൽ നിന്നും എല്ലാ ദിവസവും വൈകുന്നേരം 3 മണിക്ക് പുറപ്പെടുന്ന ഈ സർവ്വീസ്, അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരുകയും, അവിടെ നിന്നും 03:30 നു തിരിച്ച് പിറ്റേ ദിവസം രാവിലെ 07:55 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 16:15 ന് തിരിച്ച് പിറ്റേ ദിവസം രാവിലെ 7.50 ന് അർത്തുങ്കൽ എത്തിച്ചേരുകയും രാവിലെ 8 മണിയോടെ ചേർത്തല ഡിപ്പോയിൽ എത്തുകയും ചെയ്യും.

ട്രിച്ചി, തഞ്ചാവൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും ഈ പിൽഗ്രിം റൈഡർ പ്രയോജനപ്രദമാണ്. ചേർത്തല – അർത്തുങ്കൽ – വൈറ്റില – എറണാകുളം – ആലുവ – അങ്കമാലി – ചാലക്കുടി – തൃശ്ശൂർ – വടക്കഞ്ചേരി – ആലത്തൂർ – പാലക്കാട് – കോയമ്പത്തൂർ – കങ്കയം – പല്ലടം – കരൂർ – ട്രിച്ചി – തഞ്ചാവൂർ – നാഗപട്ടണം – വേളാങ്കണ്ണി എന്ന റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്.

കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ പേജിൽക്കൂടിയാണ് അർത്തുങ്കൽ – വേളാങ്കണ്ണി സർവ്വീസിന്റെ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. സൂപ്പർഫാസ്റ്റ് ആയിട്ടാണ് സർവ്വീസ് ആരംഭിക്കുന്നതെങ്കിലും ചിലപ്പോൾ ഇത് സൂപ്പർ എക്സ്പ്രസ്സ് ആയി അപ്ഗ്രേഡ് ചെയ്യുവാൻ സാധ്യതയുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കുന്നവരുടെ യാത്രാ സൗകര്യങ്ങൾ കണക്കിലെടുത്ത് കുറഞ്ഞത് പുഷ്ബാക്ക് സീറ്റുകളുള്ള സൂപ്പർ എക്സ്പ്രസ്സ് എങ്കിലും വേണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ചങ്ങനാശ്ശേരി – വേളാങ്കണ്ണി സർവീസിനു ശേഷം ആരംഭിക്കുന്ന ഈ സർവ്വീസ് ജനപ്രിയമാകും എന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി.

കൂടുതൽ വിവരങ്ങൾക്ക് : സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് നമ്പർ – 8129562972, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) : മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, ചേർത്തല യൂണിറ്റ് : 0478 – 2812582 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈനായി ടിക്കറ്റുകൾ മുൻകൂറായി റിസർവ്വ് ചെയ്യാൻ online.keralartc.com സന്ദർശിക്കുക. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്ക് സ്വന്തം. “സുഖയാത്ര… സുരക്ഷിതയാത്ര.” ചിത്രങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി ചേർത്തല ഫേസ്‌ബുക്ക്.