BOND – കെഎസ്ആർടിസിയുടെ പുതിയ സർവ്വീസ് പരീക്ഷണം

മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ കെ.എസ്.ആർ.ടി.സി “BonD” (Bus on Demand) എന്ന പേരിൽ പുതിയ സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നു. വാഹനപ്പെരുപ്പത്തിന്റെ ദൂഷ്യവശങ്ങൾ ഏറെ അനുഭവിക്കുമ്പോഴും വീണ്ടും വീണ്ടും വാഹനങ്ങൾ വാങ്ങിക്കൂട്ടി ഉപയോഗിക്കാൻ നമ്മൾ മടി കാട്ടാറില്ല എന്നത് ഒരു വസ്തുതയാണ്. അതിൽ തന്നെ ഇരുചക്ര വാഹനങ്ങളുടെ പെരുപ്പം ക്രമാതീതമാണ്. ഫലമോ? ഗതാഗത കുരുക്കും വാഹനാപകടങ്ങളും വായു മലിനീകരണവും ശാരീരികമായ മറ്റ് അസ്വാസ്ഥ്യങ്ങളും.

സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും സംബന്ധിച്ചാണെങ്കിൽ അതിരാവിലെ സ്ഥിരമായി നഗരത്തിരക്കിലൂടെ വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളും അനുഭവിച്ച് ജോലിക്കെത്തുമ്പോഴേക്കും ജോലി ചെയ്യാനുള്ള ഊർജ്ജം തന്നെ നഷ്ടമായിട്ടുണ്ടാവും. തുടർച്ചയായി ഇരുചക്ര വാഹനം ഓടിക്കുന്നതു മൂലം കാലക്രമേണ ഉണ്ടാകുന്ന സ്പോണ്ടലൈറ്റിസ്, നടുവേദന തുടങ്ങിയ അനിവാര്യമായ രോഗാവസ്ഥകളും അവരെ ആശങ്കാകുലരാക്കുന്നുണ്ട്. BonD അഥവാ Bus on Demand എന്ന പദ്ധതിയിലൂടെ ഇതിനൊക്കെ പരിഹാരം കാണുകയാണ് കെ.എസ്.ആർ.ടി.സി.

നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവൻ, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവൻ, നിയമസഭാ മന്ദിരം, മെഡിക്കൽ കോളേജ്, ശ്രീചിത്ര, SAT ആശുപത്രി, RCC തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് ആണ് ഈ നോൺ സ്റ്റോപ്പ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്.

BonD Bus on Demand എന്ന പദ്ധതിയുടെ സവിശേഷതകൾ ഇനി പറയുന്നവയാണ്. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും.
അവരവരുടെ ഓഫീസിന് മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്. ഈ സർവീസുകളിൽ 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള “BonD” സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്.

നെയ്യാറ്റിൻകരയിൽ നിന്നും നെടുമങ്ങാട് നിന്നും ആരംഭിക്കുന്ന സർവ്വീസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ : ഒരു ദിവസം – 100 രൂപ, 5 ദിവസം – 500 രൂപ, 10 ദിവസം – 950 രൂപ,
15 ദിവസം – 1400 രൂപ, 20 ദിവസം – 1800 രൂപ, 25 ദിവസം – 2200 രൂപ.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി യാത്രക്കാർക്ക് ചുവടെ കൊടുത്തിരിക്കുന്ന മാർഗ്ഗങ്ങൾ മുഖേന തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാവുന്നതും അന്വേഷണം നടത്താവുന്നതാണ്. സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് നമ്പർ – 8129562972, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021,
ലാൻഡ്‌ലൈൻ – 0471-2463799.

നെയ്യാറ്റിൻകരയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസുകളെ സംബന്ധിച്ച വിവരങ്ങൾക്ക് – എസ്.എം. ബഷീർ (ATO) – 9188526706; എസ്. സുശീലൻ, ഇൻസ്പെക്ടർ – 9400978103; റ്റി.ഐ. സതീഷ് കുമാർ, ഇൻസ്പെക്ടർ – 9995707131. നെടുമങ്ങാട് നിന്നും ആരംഭിക്കുന്ന സർവ്വീസുകളെ സംബന്ധിച്ച വിവരങ്ങൾക്ക്; സുരേഷ് കുമാർ കെ.കെ (DTO) – 9188526709; എ. ഹംസത്ത്, ഇൻസ്പെക്ടർ – 9746696104; കെ.രാജൻ, ഇൻസ്പെക്ടർ – 8301858017 എന്നീ നമ്പരുകളിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

എന്നും ആനവണ്ടിയെ സ്നേഹിച്ചിട്ടുളള മലയാളികൾക്ക് അപകടരഹിതമായ, വായു മലിനീകരണമില്ലാത്ത സുഖകരമായ യാത്രയാണ് “ബോണ്ട്” – ലൂടെ കെ.എസ്.ആർ.ടി.സി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.