ഉത്സവ എഴുന്നള്ളിപ്പിന് ആനയ്ക്ക് പകരം ‘ആനവണ്ടി’; കൊട്ടാരക്കരക്കാർ വ്യത്യസ്തരാണ്…

അമ്പലങ്ങളിലെ ഉത്സവങ്ങൾക്കും എഴുന്നള്ളിപ്പിനും ഒക്കെ ആനയുടെ സാന്നിധ്യം കൂടിയേ തീരൂ എന്നാണ്. ആനയുണ്ടെങ്കിലേ ഉത്സരവും പൂരവുമൊക്കെ ഒന്നു കൊഴുക്കുകയുള്ളൂ. വരുന്ന ആനയുടെ എണ്ണം അനുസരിച്ചാണ് ഓരോ പൂരങ്ങളുടെയും റേറ്റിംഗ് ആളുകൾ വിലയിരുത്തുന്നത്. എന്നാൽ ഇപ്പോൾ ആനയെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച പല തരത്തിലുള്ള അഭിപ്രായങ്ങൾ നമുക്കിടയിലുണ്ട്. ഈ സമയത്താണ് ആനയ്ക്ക് പകരം ആനവണ്ടി എന്നറിയപ്പെടുന്ന കെഎസ്ആർടിസി ബസ്സിനെ ആനയെപ്പോലെ തന്നെ അലങ്കരിച്ചു കൊണ്ട് എഴുന്നള്ളിപ്പ് നടത്തിയ വാർത്ത വൈറലാകുന്നത്.

കൊട്ടാരക്കരയിലെ പ്രസിദ്ധമായ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിനാണ് ആനവണ്ടിയെ എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടിച്ച്‌, കുട ചൂടി, പൂമാലയും തോരണങ്ങളും വാഴയും ബലൂണുകളുമൊക്കെയായി അലങ്കരിച്ച്‌ ഗജരാജപ്രൗഢിയോടെ തന്നെയായിരുന്നു ആനവണ്ടിയുടെ ആഗമനം. കെഎസ്‌ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ഷോപ്പ്‌ വാന്‍ ആണ്‌ ഉത്സവത്തിന്‌ ഇത്തരത്തിൽ വ്യത്യസ്തമായി എഴുന്നള്ളിച്ചത്‌. ഗജവീരർക്ക് അകമ്പടിയായി വണ്ടിക്കുതിരകൾ, വണ്ടിക്കാളകൾ, രൂപങ്ങൾ, ഫ്ലോട്ടുകൾ, ശിങ്കാരിമേളം, പ‍ഞ്ചാരിമേളം, മയിലാട്ടം, പമ്പമേളം, അമ്മൻകുടം, പൂക്കാവടി, കരകുടം, ചെണ്ട, നാഗസ്വരം, പഞ്ചവാദ്യം ദൃശ്യ, മേള വിരുന്നിന്റെ ഘോഷയാത്രയായി. ഉത്സവത്തിൽ തൃക്കടവൂർ ശിവരാജു അടക്കം നെറ്റി പട്ടം കെ‌ട്ടിയ 17 ഗജവീരന്മാരും എഴുന്നള്ളിപ്പിന് പങ്കെടുത്തിരുന്നെങ്കിലും കാഴ്ചക്കാർക്ക് വ്യത്യസ്തത പകർന്നത് ആനവണ്ടിയുടെ മാസ്സ് എൻട്രി തന്നെയായിരുന്നു.

എല്ലാ വർഷവും ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ ഭാഗമാകാറുണ്ട്. കഴിഞ്ഞ വർഷവും ഇതേരീതിയിൽ ബസിനെ അലങ്കരിച്ചുകൊണ്ട് എഴുന്നള്ളിച്ച് കൊട്ടാരക്കര ഡിപ്പോ മാസ്സ് കാണിച്ചിരുന്നു. ഒരു ദിവസത്തെ ഉത്സവം തങ്ങളുടെ വകയാക്കി ആഘോഷമാക്കുകയാണ് കെഎസ്ആർടിസി ഡിപ്പോയുടെ പതിവ്. എന്തെങ്കിലും വ്യത്യസ്തമായി, ആളുകളുടെ മനസ്സിൽ ഇടംപിടിക്കുന്ന തരത്തിൽ ചെയ്യണമെന്ന ആശയത്തിന്റെ പുറത്താണ് “എഴുന്നള്ളത്ത് ആനയ്ക്ക് പകരം ആനവണ്ടിയില്‍ തന്നെ ആയാലെന്താ” എന്ന ചിന്ത കഴിഞ്ഞ വർഷത്തെ ഉത്സവത്തിനു മുൻപായി ഉടലെടുത്തത്.

കെഎസ്ആര്‍ടിസിയുടെ ജനപ്രീതി വര്‍ധിപ്പിക്കണമെന്ന ലക്ഷ്യവും ഇതോടൊപ്പം ജീവനക്കാരുടെ മനസിലുണ്ടായിരുന്നു. എല്ലാവിധ സഹായങ്ങളുമായി കൊട്ടാരക്കരയിലെ ആനവണ്ടി പ്രേമികളും കൂടെ നിന്നതോടെ സംഭവം യാഥാർഥ്യമായി. അന്ന് അത് ഫേസ്ബുക്കിലും കുറച്ച് പ്രാദേശിക മാധ്യമങ്ങളിലും മാത്രം ഒതുങ്ങിയെങ്കിൽ ഇത്തവണ സംഗതി സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും എല്ലാം വൈറലോടു വൈറലായി. ആനവണ്ടി എഴുന്നള്ളിച്ച്‌ കൊട്ടാരക്കരക്കാരും പറഞ്ഞു, “ഞങ്ങള്‌ വേറെ ലെവലാന്ന്‌..” ഇതേ തരത്തിൽ ശബരിമല സീസണിൽ പമ്പ കെഎസ്ആർടിസി ഡിപ്പോയിൽ നടക്കുന്ന ആഴിപൂജ സമയത്ത് കെഎസ്ആർടിസി ബസ്സുകളെ നെറ്റിപ്പട്ടം കെട്ടി, അലങ്കരിച്ച് എഴുന്നള്ളിക്കുമായിരുന്നു.

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം ആണ്. കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നിരുന്നാലും ക്ഷേത്രത്തിലെ ഉപദേവനായിരുന്ന ശിവപാർവ്വതീപുത്രനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിലാണ് ദേവാലയത്തിന്റെ പ്രശസ്തി. ബാലഗണപതിയെന്നാണ് സങ്കൽപ്പം. കേരളത്തിലെ പ്രസിദ്ധമായ അഞ്ച് ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്രം, കാസർഗോഡ് മധൂർ ഗണപതിക്ഷേത്രം, മള്ളിയൂർ മഹാഗണപതിക്ഷേത്രം, പമ്പ മഹാഗണപതിക്ഷേത്രം എന്നിവയാണ് മറ്റുള്ളവ. ഉണ്ണിയപ്പമാണ് പ്രധാന പ്രസാദം. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. ഇത് ശിവന്നുള്ളത്. ചിങ്ങമാസത്തിലെ ഗണേശ ചതുർത്ഥിയും പ്രധാനമാണ്. സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ചിത്രങ്ങൾ – KSRTC Kottarakkara, Binu S.