രാത്രി കാട്ടിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിക്കുവാൻ 1.5 കി.മീ. റിവേഴ്‌സിലോടി കെഎസ്ആർടിസി

ചിത്രത്തിൽ - ഡ്രൈവർ സജയൻ, പി.കെ. സാജൻ.

കേരളത്തിൽ ഏറ്റവും കൂടുതൽ കൊടുംകാട്ടിലൂടെ സഞ്ചരിക്കേണ്ടി വരുന്ന ബസ് റൂട്ടുകളിൽ ഒന്നാണ് ചാലക്കുടി – മലക്കപ്പാറ. അതിരപ്പിള്ളിയും വാഴച്ചാലുമെല്ലാം പിന്നിട്ട് കുറച്ചു കഴിയുമ്പോൾ പിന്നെ കൊടും വനം തുടങ്ങുകയായി. ചാലക്കുടി – വാൽപ്പാറ റൂട്ടിലോടുന്ന രണ്ടു പ്രൈവറ്റ് ബസ്സുകൾ, ചാലക്കുടി – മലക്കപ്പാറ റൂട്ടിലെ കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയാണ് ഇതുവഴി സർവ്വീസ് നടത്തുന്നത്. മലക്കപ്പാറ എന്ന അതിർത്തി ഗ്രാമത്തിലെ ആളുകളുടെ യാത്രാമാർഗ്ഗവും ഈ ബസ്സുകൾ തന്നെയാണ്. മലക്കപ്പാറയിൽ രണ്ടു കെഎസ്ആർടിസി ബസ്സുകൾ സ്റ്റേ സർവ്വീസ് നടത്തുന്നുണ്ട്. അതായത് മലക്കപ്പാറയിൽ ഒരു രാത്രി തങ്ങി പിറ്റേന്ന് രാവിലെ ചാലക്കുടിയിലേക്ക് സർവ്വീസ് നടത്തും.

വൈകുന്നേരം അഞ്ചു മണിയോടെയാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള ലാസ്റ്റ് ബസ്. ഈ ബസ് മലക്കപ്പാറയിൽ എത്തുമ്പോൾ രാത്രി 9 മണിയാകും. ഈ ബസ്സിനെക്കൂടാതെ മുന്നേ പോകുന്ന മറ്റൊരു ബസ് കൂടി മലക്കപ്പാറയിൽ സ്റ്റേ ചെയ്യുന്നുണ്ട്. ആനയും പുലിയും തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാരകേന്ദ്രമായ ഈ വഴി രാത്രിയോടെ ക്ളോസ് ചെയ്യും. ഇതുവഴി ബസ്സോടിക്കുന്ന ഡ്രൈവർമാർക്ക് ഡ്രൈവിംഗിനൊപ്പം അൽപ്പം മനക്കരുത്തു കൂടി വേണം. കാരണം ഓട്ടത്തിനിടയിൽ ചിലപ്പോൾ വഴിയിൽ ആനക്കൂട്ടത്തെയോ പുലിയെയോ ഒക്കെ കണ്ടേക്കാം. മഴക്കാലത്ത് റോഡ് ഇടിച്ചിൽ ഉണ്ടായേക്കാം, വലിയ മരങ്ങൾ ചിലപ്പോൾ വഴിക്കു കുറുകെ വീണു കിടന്നേക്കാം. വഴിയിൽ മരം വീണാൽ അവ വെട്ടിമാറ്റി യാത്രതുടരാനായി ബസ്സിൽ വെട്ടുകത്തി ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടായിരിക്കും. മനസ്സു പതറാതെ വേണം ഈ പ്രതിബന്ധങ്ങളെല്ലാം മറികടക്കുവാൻ. ഇക്കാരണത്താൽ കാടിനെ അറിയാവുന്ന ഡ്രൈവർമാരെയാണ് ഈ റൂട്ടിൽ ജോലിയ്ക്കായി കെഎസ്ആർടിസി നിയോഗിക്കുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൊടുംകാട്ടിൽ എങ്ങാനും വണ്ടി കേടായിക്കിടന്നാൽ എട്ടിന്റെ പണി തന്നെയായിരിക്കും അത്. യാത്രക്കാരുമായി രാത്രി സമയത്ത് ഇതുപോലുള്ള കൊടുംകാട്ടിൽ പെട്ടുപോയാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരത്തിലൊരു സംഭവം ഈയിടയ്ക്ക് സംഭവിച്ചു. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള ലാസ്റ്റ് ബസ്സിലെ ഡ്രൈവറായിരുന്നു എം.എ. സജയൻ. അവസാന ബസ്സായതിനാൽ അത്യാവശ്യം യാത്രക്കാരുമുണ്ടായിരുന്നു ബസ്സിൽ. പത്തടിപ്പാലം എന്ന സ്ഥലം എത്തിയപ്പോൾ രാത്രി എട്ടുമണിയോട് അടുത്തിരുന്നു. ഹൈറേഞ്ച് ഏരിയ ആയതിനാൽ ഗിയർ ഡൗൺ ചെയ്യുവാൻ നോക്കിയപ്പോഴാണ് സജയൻ ഞെട്ടിക്കുന്ന ആ വിവരം മനസിലാക്കിയത്; ഗിയർ ലിവർ ഒടിഞ്ഞിരിക്കുന്നു. തേർഡ് ഗിയറിലായിരുന്നു അപ്പോൾ ബസ് ഓടിക്കൊണ്ടിരുന്നത്. ഗിയർ മാറുവാൻ യാതൊരു നിർവ്വാഹവുമില്ലാത്ത അവസ്ഥ. എങ്ങാനും വേഗത കുറഞ്ഞാൽ ഗിയർ ഡൗൺ ചെയ്യാനാകാതെ ഇടിച്ചിടിച്ച് ബസ് നിൽക്കും. പിന്നെ ഫസ്റ്റ് ഗിയർ ഇടാതെ എടുക്കുവാനും പറ്റില്ല. രാത്രി കാട്ടിൽ പെട്ടുപോകുകയും ചെയ്യും.

പണി പാളിയെന്നു മനസ്സിലാക്കിയ ഡ്രൈവർ സജയൻ രണ്ടും കൽപ്പിച്ച് തേർഡ് ഗിയറിൽത്തന്നെ ബസ് അഡ്ജസ്റ്റ് ചെയ്ത് ഓടിക്കുവാൻ തുടങ്ങി. ഈ ബസ്സും കൂടി കടന്നുപോയാൽ പിന്നെ ഒരൊറ്റ മനുഷ്യനും ഈ വഴി വരില്ല. പിന്നീട് റോഡിൽ ഇറങ്ങുന്നത് ആനക്കൂട്ടമായിരിക്കുമെന്ന് റൂട്ടിലെ സ്ഥിരം ഡ്രൈവറായ സജയന് അറിയാമായിരുന്നു. തേർഡ് ഗിയറിൽ ഏതാണ്ട് 15 കിലോമീറ്ററോളം ബസ് മുന്നോട്ട് പോയി. വഴിയിൽ ഇനി രണ്ടു കൂറ്റൻ വളവുകൾ മറികടക്കാനുണ്ട്. അതും കൂടി കഴിഞ്ഞാൽ പിന്നെ രക്ഷപ്പെട്ടു. പക്ഷെ നിർഭാഗ്യവശാൽ വളവു തിരിയുന്നതിനിടെ ബസ് ഓഫായി. ഗിയർ മാറാൻ കഴിയാത്തതിനാൽ ബസ് മുന്നോട്ടെടുക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായി. ബസ്സിലാണെങ്കിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യാത്രക്കാരുമുണ്ട്.

എന്തു ചെയ്യും എന്നാലോചിച്ചു യാത്രക്കാരും ജീവനക്കാരും തലപുകയ്ക്കാൻ തുടങ്ങി. അപ്പോഴാണ് ഡ്രൈവർ സജയനു ഒരു ഐഡിയ തോന്നിയത്. മുൻപേ പോയ മലക്കപ്പാറ സ്റ്റേ ബസ്സിലെ ജീവനക്കാരെ വിളിക്കാം. ഏതാണ്ട് ഒന്നര കിലോമീറ്ററോളം അപ്പുറത്താണ് ബസ് ഇടുന്ന സ്ഥലം. പിന്നെയൊന്നും ആലോചിക്കാൻ നിൽക്കാതെ സജയൻ മറ്റേ ബസ്സിലെ ഡ്രൈവറായ സാജനെ വിളിച്ചു. ട്രിപ്പ് കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന സാജനും കണ്ടക്ടറും കാര്യമറിഞ്ഞപ്പോൾ ഉടനെ പുറപ്പെടാൻ തയ്യാറായി. പക്ഷേ പ്രശ്നം അതല്ല ബസ് കുടുങ്ങിയിടത്ത് ഈ ബസുമായി വന്നാൽ തിരികെപ്പോരാൻ ബസ് തിരിക്കുന്നതിന് സ്ഥലമില്ല.

ഓരോ സമയവും അപകടത്തിന്റെ വഴിയിലേക്കാണെന്നു മനസിലാക്കിയ സാജനും കൂടെയുള്ള കണ്ടക്ടറും ബസ് ഹാൾട്ട് ചെയ്തിരുന്ന സ്ഥലത്തു നിന്നും രണ്ടാമത്തെ ബസ് കുടുങ്ങിക്കിടന്ന സ്ഥലത്തേക്ക് ഒന്നര കിലോമീറ്ററോളം ദൂരം റിവേഴ്‌സ് ഗിയറിൽ ഓടിച്ചു കൊണ്ടുവന്നു. കൊടുംകാട്ടിലൂടെ രാത്രിയിൽ റിവേഴ്‌സ് വരുന്നത് വളരെ ശ്രമകരമായ കാര്യമാണ്. എങ്കിലും ആ ഉദ്യമം വിജയം കണ്ടു. യാത്രക്കാരെ കേടായ ബസ്സിൽ നിന്നും പിന്നീട് വന്ന ഈ ബസ്സിലേക്ക് കയറ്റുകയും അവരെ അതാത് സ്റ്റോപ്പുകളിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു. കൂടാതെ മലക്കപ്പാറയിൽ ചെന്ന് വെൽഡിംഗ് പണിക്കാരെ വിളിച്ചുണർത്തുകയും വൈകാതെ തന്നെ ബസ്സിന്റെ ഗിയർ ലിവർ വെൽഡ് ചെയ്ത് ഘടിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് ബസ് മാറ്റുകയും ചെയ്തു.

ബസ് യാത്രക്കാരിൽ ആരോ ഒരാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് ഈ സംഭവം പുറംലോകം അറിയുന്നത്. സംഭവമറിഞ്ഞ കെഎസ്ആർടിസി അധികൃതർ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. രാത്രിയിൽ വനമധ്യത്തിൽ യാത്രക്കാർക്ക് ആപത്തുണ്ടാക്കാതെ അവരെ സുരക്ഷിതമായി സ്ഥലത്തെത്തിക്കുവാൻ ഈ ഡ്രൈവർമാർ ചെയ്ത സാഹസിക പ്രവൃത്തി അഭിനന്ദനാർഹം തന്നെയാണ്. ഡ്രൈവർ സജയനും സാജനും മനസ്സുകൊണ്ട് ഒരു സല്യൂട്ട്…

വിവരങ്ങൾക്ക് കടപ്പാട് – ദീപക് കെ.ബി.