കേരളത്തിൽ നിന്നും പഴനിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുകളുടെ സമയവിവരങ്ങൾ

സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ മുരുകൻ ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ പഴനി. ഡിണ്ടിഗൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പഴനിയിലേക്ക് ധാരാളം മലയാളി തീർത്ഥാടകർ എല്ലായ്‌പ്പോഴും എത്തിച്ചേരാറുണ്ട്. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. ‘പഴം’, ‘നീ’ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി സംഘകാല തമിഴ് കവിയായ അവ്വയാർ പറഞ്ഞ വാക്കുകളാണത്രേ ഇത് – “നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.”

ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാൽ “ദണ്ഡായുധപാണിക്ഷേത്രം” എന്ന് അറിയപ്പെടുന്നു. “പഴനി ആണ്ടവൻ” എന്ന പേരിൽ ഇവിടുത്തെ ഭഗവാൻ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. പാലക്കാട് നിന്നും പൊള്ളാച്ചി വഴി 67 കിലോമീറ്ററും എറണാകുളം ഭാഗത്ത് നിന്ന് ചാലക്കുടി-വാൽപ്പാറ അല്ലെങ്കിൽ മൂന്നാർ വഴി 200 കിലോമീറ്ററും തൃശ്ശൂർ നിന്നും വടക്കഞ്ചേരി-നെന്മാറ-കൊല്ലങ്കോട്-പൊള്ളാച്ചി വഴി 180 കിലോമീറ്ററും കോട്ടയത്ത് നിന്നും കമ്പം-തേനി വഴി 294 കിലോമീറ്ററും അകലെയാണ് പഴനി.

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഴനിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ ലഭ്യമാണ്. ടൂറിസ്റ്റ് വാഹനങ്ങൾ വിളിക്കുവാൻ ബഡ്‌ജറ്റ്‌ ഇല്ലാത്ത സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ പഴനി യാത്രയ്ക്കായി ഈ ബസ് സർവ്വീസുകളെ ആശ്രയിക്കാവുന്നതാണ്. കേരളത്തിൽ നിന്നുള്ള പഴനി സർവീസുകളുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

1. തിരുവനന്തപുരം – പഴനി : കേരള തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, പൊള്ളാച്ചി വഴി പഴനിയിലേക്ക് ഒരു സൂപ്പർഫാസ്റ്റ് ബസ് സർവ്വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തു നിന്നും ദിവസേന ഉച്ചയ്ക്ക് 2.30 നു പുറപ്പെടുന്ന ബസ് രാത്രി 7.40 ഓടെ എറണാകുളത്തും (KSRTC STAND), 9.50 നു തൃശ്ശൂരും, 11.20 നു പാലക്കാട്ടും, വെളുപ്പിന് 12.30 യ്ക്ക് പൊള്ളാച്ചിയിലും എത്തും. പൊള്ളാച്ചിയിൽ നിന്നും ഉദുമല്പേട്ട് വഴി യാത്ര തുടരുന്ന ഈ ബസ് വെളുപ്പിന് 2.30 മണിയോടു കൂടി പഴനി ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

2. കൊട്ടാരക്കര – പഴനി : കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും തിരുവല്ല, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കോതമംഗലം, മൂന്നാർ, മറയൂർ, ഉദുമല്പേട്ട് വഴിയാണ് ഈ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസ് പഴനിയിലേക്ക് സർവ്വീസ് നടത്തുന്നത്. കൊട്ടാരക്കരയിൽ നിന്നും ദിവസേന രാവിലെ 7.15 നു പുറപ്പെടുന്ന ഈ ബസ് മൂന്നാറിൽ ഉച്ചയ്ക്ക് 2.15 നും ഉദുമൽപേട്ടിൽ വൈകീട്ട് 4.45 നും പഴനിയിൽ 5.45 നും എത്തിച്ചേരുന്നു. വഴിയിലെ ബ്ലോക്ക് കാരണം ചിലപ്പോൾ ബസ് വൈകിയേക്കാം. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

3. ചങ്ങനാശ്ശേരി – വേളാങ്കണ്ണി : കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി വഴി ഒരു സൂപ്പർ എക്സ്പ്രസ്സ് സർവ്വീസ് നടത്തുന്നുണ്ട്. ചങ്ങനാശ്ശേരിയിൽ നിന്നും ഉച്ചയ്ക്ക് 2.30 നു എടുക്കുന്ന ബസ് തൃശ്ശൂരിൽ വൈകുന്നേരം 6.20 നും, പാലക്കാട് 8.20 നും, പൊള്ളാച്ചിയിൽ 10 മണിയ്ക്കും, പഴനിയിൽ രാത്രി 11.45 നും എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

4. ചേർത്തല – പഴനി : കെഎസ്ആർടിസിയുടെ ഏറ്റവും പോപ്പുലറായ പഴനി സർവീസാണ് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നിന്നും എറണാകുളം, തൃശ്ശൂർ, പാലക്കാട് വഴി പഴനിയിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ്. ദിവസേന ചേർത്തലയിൽ നിന്നും രാവിലെ 6 മണിയ്ക്ക് എടുക്കുന്ന ഈ ബസ് എറണാകുളത്ത് 6.55 നും, തൃശ്ശൂരിൽ 8.50 നും, പാലക്കാട് 10.45 നും, പൊള്ളാച്ചിയിൽ 11.50 മണിയ്ക്കും, പഴനിയിൽ ഉച്ചയ്ക്ക് 1.30 നും എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

5. എറണാകുളം – പഴനി : എറണാകുളത്തു നിന്നും പഴനിയിലേക്ക് തൃശ്ശൂർ, നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദാപുരം, പൊള്ളാച്ചി വഴി ഒരു ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് ദിവസേന സർവ്വീസ് നടത്തുന്നുണ്ട്. തൃശ്ശൂർ ഡിപ്പോയുടെ ബസ് ആണെങ്കിലും ഇത് രാവിലെ തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് വന്നിട്ടാണ് പഴനിയിലേക്ക് സർവ്വീസ് ആരംഭിക്കുന്നത്. എറണാകുളത്തു നിന്നും രാവിലെ 8.40 നു എടുക്കുന്ന ഈ ബസ് തൃശ്ശൂരിൽ 11.05 നും, ഗോവിന്ദാപുരം അതിർത്തിയിൽ ഉച്ചയ്ക്ക് 1.45 നും, പൊള്ളാച്ചിയിൽ 2.30 നും, പഴനിയിൽ വൈകീട്ട് 4.35 നും എത്തിച്ചേരും. പാലക്കാട് കയറാതെ കൊല്ലങ്കോട്, ഗോവിന്ദാപുരം വഴിയാണ് ഈ ബസ് സർവ്വീസ് നടത്തുന്നത്. LS ഓർഡിനറി ആയതിനാൽ ഈ ബസ്സിലെ പഴനി യാത്ര അൽപ്പം സമയക്കൂടുതലെടുക്കും.

6. ഗുരുവായൂർ – പഴനി : തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ നിന്നും ദിവസേന രണ്ടു ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസുകൾ കെഎസ്ആർടിസി പഴനിയിലേക്ക് നടത്തുന്നുണ്ട്. (1) രാവിലെ 6 മണിയ്ക്ക് ഗുരുവായൂരിൽ നിന്നും എടുക്കുന്ന ബസ് 6.45 നു തൃശ്ശൂരിലും, 9.25 നു പൊള്ളാച്ചിയിലും, 11.30 നു പഴനിയിലും എത്തിച്ചേരുന്നു. (2) പഴനിയിലേക്കുള്ള രണ്ടാമത്തെ ബസ് രാവിലെ 11.30 നാണു ഗുരുവായൂരിൽ നിന്നും പുറപ്പടുന്നത്. 12.15 നു തൃശ്ശൂരിലും, വൈകീട്ട് 3 മണിക്ക് പൊള്ളാച്ചിയിലും, 5.40 നു പഴനിയിലും ഈ ബസ് എത്തിച്ചേരുന്നു. പാലക്കാട് കയറാതെ കൊല്ലങ്കോട്, ഗോവിന്ദാപുരം വഴിയാണ് ഈ ബസ്സുകൾ സർവ്വീസ് നടത്തുന്നത്. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

7. കണ്ണൂർ – മധുര : വടക്കൻ കേരളത്തിൽ നിന്നും പഴനിയിലേക്കുള്ള ഒരേയൊരു കെഎസ്ആർടിസി സർവീസാണ് കണ്ണൂരിൽ നിന്നും പഴനി വഴി മധുരയിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസ്. കണ്ണൂരിൽ നിന്നും ദിവസേന വൈകീട്ട് 6.15 നു എടുക്കുന്ന ബസ് കോഴിക്കോട് രാത്രി 8.20 നും, മലപ്പുറത്ത് 9.55 നും, പാലക്കാട് വെളുപ്പിന് 12.05 നും, പൊള്ളാച്ചിയിൽ 1.20 നും, പഴനിയിൽ വെളുപ്പിന് 3.15 നും എത്തിച്ചേരുന്നു.

8. പാലക്കാട് – പഴനി : പാലക്കാട് നിന്നും പഴനിയിലേക്ക് കെഎസ്ആർടിസിയുടെ രണ്ടു സർവ്വീസുകൾ ലഭ്യമാണ്. ആദ്യത്തെ ബസ് രാവിലെ 5 മണിക്ക് പുറപ്പെട്ട് പൊള്ളാച്ചി, ഉദുമല്പേട്ട് വഴി 8.15 നു പഴനിയിൽ എത്തുന്നു. രണ്ടാമത്തെ ബസ് ഉച്ചയ്ക്ക് 1.30 നു പുറപ്പെടുകയും വൈകീട്ട് 4.45 ഓടുകൂടി പഴനിയിൽ എത്തുകയും ചെയ്യും. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി വിഭാഗത്തിൽപ്പെട്ട ബസ്സുകളാണ് ഇവ.

9. ചങ്ങനാശ്ശേരി – പഴനി : കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ നിന്നും പഴനിയിലേക്ക് കെഎസ്ആർടിസിയുടെ രണ്ടു സൂപ്പർഫാസ്റ്റ് സർവ്വീസുകൾ ഓടുന്നുണ്ട്. ആദ്യത്തെ സർവ്വീസ് ചങ്ങനാശ്ശേരിയിൽ നിന്നും രാവിലെ 7.15 നു പുറപ്പെട്ട് വൈകീട്ട് 5.15 നു പഴനിയിൽ എത്തിച്ചേരും. തിരികെ രാത്രി 8 മണിക്ക് പുറപ്പെടുകയും, വെളുപ്പിന് 5.20 നു ചങ്ങനാശ്ശേരിയിൽ എത്തിച്ചേരുകയും ചെയ്യും. രണ്ടാമത്തെ സർവ്വീസ് ചങ്ങനാശ്ശേരിയിൽ നിന്നും വൈകുന്നേരം 6.50 നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3.30 നു പഴനിയിൽ എത്തിച്ചേരും. ഈ സർവ്വീസിന്റെ പഴനിയിൽ നിന്നുള്ള മടക്കയാത്ര രാവിലെ 8 മണിക്കാണ്.വൈകുന്നേരം 5.15 നു ചങ്ങനാശ്ശേരിയിൽ എത്തിച്ചേരുകയും ചെയ്യും. ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയം, കുമളി, കമ്പം, തേനി വഴിയാണ് ഇരു ബസുകളുടെയും റൂട്ട്.