അർദ്ധരാത്രി ഒറ്റയ്ക്കായ പെൺകുട്ടിയ്ക്ക് കാവലായി KSRTC മധുര സൂപ്പർഫാസ്റ്റ്

കെഎസ്ആർടിസിയെയും ജീവനക്കാരെയും കുറ്റം പറയുവാൻ മിക്കയാളുകൾക്കും നല്ല ആവേശമാണ്. എന്നാൽ അവർ ചെയ്യുന്ന നല്ല പ്രവൃത്തികളെ അഭിനന്ദിക്കുവാൻ ഇത്തരക്കാർ മുന്നോട്ടു വരാറില്ല. രാത്രികാലങ്ങളിൽ നമ്മുടെ യാത്രകൾ സഫലമാകുന്നത് കെഎസ്ആർടിസി ഉള്ളതുകൊണ്ടാണെന്ന് ഓർക്കാറുണ്ടോ?

അസമയത്ത് ബസ്സിൽ നിന്നും വിജനമായ സ്ഥലങ്ങളിൽ ഇറങ്ങിയ പെൺകുട്ടികൾക്ക്, അവരുടെ വീട്ടുകാർ വരുന്നത് വരെ കാവലായി കെഎസ്ആർടിസിയും ജീവനക്കാരും കാത്തുനിന്ന സംഭവം നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നു.

എറണാകുളത്തു നിന്നും തമിഴ്‌നാട്ടിലെ മധുരയിലേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സും ജീവനക്കാരുമാണ് ഈ സംഭവത്തിലെ നായകർ. യാത്രയ്ക്കിടയിൽ ബസ് കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമനിക് കോളേജ് സ്റ്റോപ്പിൽ എത്തിയപ്പോൾ സമയം രാത്രി 11.30. ഒരു പെൺകുട്ടിയ്ക്കായിരുന്നു അവിടെ ഇറങ്ങേണ്ടിയിരുന്നത്. പെൺകുട്ടിയുടെ കൂടെ കൂട്ടിനായി ആരുമില്ല. ബസ് സ്റ്റോപ്പിൽ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുവാൻ വീട്ടുകാരും എത്തിയിരുന്നില്ല.

പെൺകുട്ടി വീട്ടുകാരെ ബന്ധപ്പെട്ടപ്പോൾ അവർ സ്ഥലത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നു മറുപടി കിട്ടി. പെൺകുട്ടി സ്റ്റോപ്പിൽ ഇറങ്ങി ഒറ്റയ്ക്ക് അവർ വരുന്നതും കാത്തുനിൽപ്പായി. ഈ സംഭവം കണ്ടുകൊണ്ടിരുന്ന ബസ് ജീവനക്കാർ അവിടെ നിന്നും പോകാതെ ആ പെൺകുട്ടിയുടെ വീട്ടുകാർ എത്തുന്നതു വരെ കാവലായി നിന്നു. ഇതിനെല്ലാം സപ്പോർട്ടുമായി യാത്രക്കാരും കൂടെക്കൂടി. സമൂഹത്തോടുള്ള കർത്തവ്യബോധം പ്രകടിപ്പിക്കേണ്ട സമയത്തു തന്നെ പ്രകടിപ്പിക്കുവാൻ ആ ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സാധിച്ചു.

പ്രസ്തുത സംഭവത്തിനു സാക്ഷിയായ ബസ് യാത്രക്കാരിൽ ചിലർ ചിത്രം സഹിതം ഫേസ്‌ബുക്കിൽ സംഭവം പോസ്റ്റ് ചെയ്തതോടെയാണ് പാതിരാത്രി നടന്ന ഈ നന്മപ്രവൃത്തി നാട്ടുകാർ അറിഞ്ഞത്. സംഭവമറിഞ്ഞവർ കെഎസ്ആർടിസിയ്ക്കും ബസ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ ആശംസിച്ചു.

എറണാകുളത്തു നിന്നും രാത്രി 7.45 നാണു മധുര സൂപ്പർഫാസ്റ്റ് പുറപ്പെടുന്നത്. കോട്ടയം, കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, കുട്ടിക്കാനം, കുമളി, കമ്പം, തേനി വഴി വെളുപ്പിന് അഞ്ചു മണിയോടെ ബസ് മധുരയിൽ എത്തിച്ചേരും. എറണാകുളം ഡിപ്പോയുടെ അഭിമാന സർവീസുകളിൽ ഒന്നു കൂടിയാണ് മധുര സൂപ്പർഫാസ്റ്റ്.

കെഎസ്ആർടിസിയും ജീവനക്കാരും പലപ്പോഴും നമ്മുടെ നിത്യജീവിതത്തിൽ ഒരു രക്ഷകന്റെ വേഷം അണിയാറുണ്ട്. ചുരുക്കം ചില സംഭവങ്ങൾ മാത്രം വാർത്തകളിലും സോഷ്യൽ മീഡിയകളിലും വൈറൽ ആകുന്നു. എന്തായാലും കെഎസ്ആർടിസിയുടെ നന്മകളിൽ ഒരു സംഭവം കൂടി.

ചിത്രം – സതീഷ് ബാബു.