‘മാവേലിക്കള്ളി’ ബോർഡുമായി ഒരു KSRTC ബസ്; അമ്പരന്ന് യാത്രക്കാർ

കെഎസ്ആർടിസി ബസ്സുകളുടെ ഡെസ്റ്റിനേഷൻ ബോർഡ് ചിലപ്പോഴൊക്കെ ആശയക്കുഴപ്പങ്ങൾക്കും, തമാശയ്ക്കുമൊക്കെ ഇടയാകാറുണ്ട്. പലതവണ സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടതുമാണ്. എന്നാൽ വല്ല മാറ്റവുമുണ്ടോ? ഇത്തരത്തിൽ കഴിഞ്ഞയിടയ്ക്ക് നടന്ന രസകരമായ ഒരു സംഭവമാണ് ഇനി പറയുവാൻ പോകുന്നത്.

റൂട്ടിൽ ഓടിയിരുന്ന ഒരു കെഎസ്ആർടിസി ഓർഡിനറി ബസ്സിന്റെ ബോർഡ് കണ്ടവരെല്ലാം ഒന്ന് അമ്പരന്നു. പോകുന്ന സ്ഥലം ‘മാവേലിക്കള്ളി’ എന്നായിരുന്നു ഡെസ്റ്റിനേഷൻ ബോർഡിൽ പ്രദർശിപ്പിച്ചിരുന്നത്. മാവേലിക്കര എന്നു കേട്ടിട്ടുണ്ട്, പക്ഷേ ഈ മാവേലിക്കള്ളി ഇതെവിടെയാണാവോ? ഇനി പുതിയ സർവ്വീസ് വല്ലതുമാണോ? ഇങ്ങനെയൊക്കെ യാത്രക്കാർ കാടുകയറി ചിന്തിക്കുവാൻ തുടങ്ങി.

പക്ഷേ സംഭവം അതൊന്നുമല്ല, ബസ് ശരിക്കും സർവ്വീസ് നടത്തുന്നത് മാവേലിക്കരയിലേക്ക് ആയിരുന്നു. എന്നാൽ പ്ലാസ്റ്റിക്ക് ഫ്ളക്സിലോ മറ്റോ ഉടായിപ്പ് കാണിച്ചു തയ്യാറാക്കിയിരുന്ന ഡെസ്റ്റിനേഷൻ ബോർഡിൻ്റെ ഒരറ്റം നഷ്ടപ്പെട്ടിരുന്നു. ആയതിനാൽ മാവേലിക്കരയുടെ ‘ര’ അതിനോടൊപ്പം നഷ്ടപ്പെട്ടു. ഈ ചെറിയ ബോർഡിനു പിന്നിൽ കരുനാഗപ്പള്ളി റൂട്ട്ബോർഡ് ആയിരുന്നു സപ്പോർട്ടായി വെച്ചിരുന്നത്. അങ്ങനെയാണ് മാവേലിക്കരയുടെ ‘മാവേലിക്ക’ യും കരുനാഗപ്പള്ളിയുടെ അവസാനത്തെ ‘ള്ളി’ എന്ന അക്ഷരവും ഒന്നിച്ചു ചേർന്ന് ‘മാവേലിക്കള്ളി’ എന്ന പുതിയ സ്ഥലപ്പേര് ബോർഡിൽ രൂപപ്പെട്ടത്.

സംഭവമൊന്നുമറിയാതെ ബസ് ജീവനക്കാർ പതിവുപോലെ സർവ്വീസ് നടത്തുകയും ചെയ്തു. കൗതുകകരമായ ഈ കാര്യം ശ്രദ്ധയിൽപ്പെട്ട ഏതോ ഒരു രസികൻ അതിൻ്റെ ചിത്രം ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തതോടെ സംഭവം പുറംലോകമറിഞ്ഞു. കാര്യം കെഎസ്ആർടിസി പ്രേമികളായ ട്രോളന്മാർ കൂടി ഏറ്റെടുത്തതോടെ ‘മാവേലിക്കള്ളി’ വൈറലായി മാറി.

മാവേലിക്കര ഡിപ്പോയുടെ കീഴിലുള്ളതാണ് ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ഓർഡിനറി ബസ്. സത്യത്തിൽ ഇതിനു ഉത്തരവാദി ആരാണ്? ബോർഡ് എഴുതിയ ജീവനക്കാരാണോ? അതോ ബോർഡ് വെച്ച ജീവനക്കാരനാണോ? രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ട്. ഒന്നാമത് ഇത്തരത്തിൽ ഉഡായിപ്പ് ബോർഡുകൾ തയ്യാറാക്കുന്ന പരിപാടി കെഎസ്ആർടിസി നിർത്തണം. രണ്ടാമത്തേത് ബോർഡിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ബസ് ജീവനക്കാർ അത് ഡിപ്പോയിൽ അറിയിക്കണം. ഇതു രണ്ടും സംഭവിക്കാതിരുന്നതു കൊണ്ടാണ് കെഎസ്ആർടിസി സ്വയം വിഡ്ഢിവേഷം എടുത്തണിയുന്ന തരത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.

ഇതിനു മുൻപും പലതവണ കെഎസ്ആർടിസിയിലെ റൂട്ട് ബോർഡുകൾ ആളുകൾക്ക് ചിരിക്കാനുള്ള വകുപ്പ് നൽകിയിട്ടുണ്ട്. എത്രയൊക്കെ കളിയാക്കിയാലും കെഎസ്ആർടിസി ഈ പരിപാടി ഇനിയും തുടർന്നു കൊണ്ടേയിരിക്കും. എന്തായാലും ട്രോളന്മാർക്ക് ചാകരയാകും. ആളുകൾക്ക് കണ്ടു ചിരിക്കാൻ ഒരു അവസരവും. കെഎസ്ആർടിസിയുടെ രസകരമായ അടുത്ത ‘ബോർഡ് കഥ’ എന്തായിരിക്കും എന്നാണു ഇപ്പോൾ ആളുകൾ ചിന്തിക്കുന്നതത്രേ.