കേരളത്തിൽ നിന്നും മധുരയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകൾ

തമിഴ്നാട്ടിൽ വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര. തമിഴ്‌നാട്ടിലെ ഏറ്റവും പേരുകേട്ട നഗരങ്ങളിലൊന്നും കൂടിയാണ് ഇന്ന് മധുര അറിയപ്പെടുന്നത്. മധുര എന്നു കേൾക്കുമ്പോൾ നമ്മുടെയുള്ളിൽ ആദ്യം ഓടിവരുന്നത് മധുരയിലെ മീനാക്ഷി ക്ഷേത്രമാണ്. മലയാളികൾ അടക്കമുള്ള ധാരാളം ആളുകളാണ് മധുര മീനാക്ഷി ക്ഷേത്ര ദർശനത്തിനായി ഇവിടെയെത്തിച്ചേരുന്നത്. ക്ഷേത്രത്തെ കൂടാതെ ഫുഡ് എക്‌സ്‌പ്ലോർ, തുണിത്തരങ്ങൾ തുടങ്ങി മധുരയിൽ കാണുവാനും അനുഭവിച്ചറിയുവാനുമൊക്കെ ധാരാളം സംഭവങ്ങളുണ്ട്. മലയാളികൾ മധുരയിലേക്ക് പോകുന്നത് സാധാരണയായി ടൂറിസ്റ്റ് വാഹനങ്ങൾ വാടകയ്ക്ക് എടുത്തുകൊണ്ടാണ്. എന്നാൽ വളരെ ചിലവ് കുറച്ച് ബസ് മാർഗ്ഗവും മധുരയിൽ എത്തിച്ചേരാം. കേരളത്തിലെ നാലു പ്രധാന സ്ഥലങ്ങളിൽ നിന്നും കെഎസ്ആർടിസി ബസ്സുകൾ മധുരയിലേക്ക് നേരിട്ട് സർവ്വീസ് നടത്തുന്നുണ്ട്. അവയുടെ വിശദവിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.

1 കൊല്ലം – മധുര ഫാസ്റ്റ് പാസഞ്ചർ : കൊല്ലത്തു നിന്നും ദിവസേന രാത്രി 10.45 നു പുറപ്പെടുന്ന ഈ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് 11.35 നു കൊട്ടാരക്കര, പുനലൂർ, ആര്യങ്കാവ്, തെങ്കാശി, രാജപാളയം വഴിയാണ് മധുരയിലേക്ക് പോകുന്നത്. മധുരയിൽ ഈ ബസ് പിറ്റേദിവസം വെളുപ്പിന് 6.30 നു എത്തിച്ചേരും. മധുരയിൽ നിന്നും തിരികെ ഈ ബസ് ഉച്ചയ്ക്ക് 12 നു പുറപ്പെടുകയും വൈകീട്ട് 7.45 നു കൊല്ലത്ത് എത്തിച്ചേരുകയും ചെയ്യും. ഈ ബസ് സർവ്വീസിന് ഓൺലൈൻ റിസർവേഷൻ ലഭ്യമല്ല.

2. തിരുവല്ല – മധുര സൂപ്പർഫാസ്റ്റ് : പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും ദിവസേന രാത്രി 8 മണിക്കാണ് മധുരയിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ് പുറപ്പെടുന്നത്. ചങ്ങനാശ്ശേരി, കോട്ടയം, മുണ്ടക്കയം, കുമളി, കമ്പം, തേനി വഴിയാണ് ഈ ബസ് കടന്നു പോകുന്ന റൂട്ട്. ഈ ബസ് പിറ്റേന്നു വെളുപ്പിന് 3.25 നു മധുരയിൽ എത്തിച്ചേരും. ഈ ബസ് മധുരയിൽ നിന്നും തിരികെ രാവിലെ 8 നു പുറപ്പെടുകയും വൈകീട്ട് 3.25 നു തിരുവല്ലയിൽ എത്തിച്ചേരുകയും ചെയ്യും. തിരുവല്ല – മധുര ടിക്കറ്റ് നിരക്ക് 258 രൂപയാണ്. ഈ സർവ്വീസിന് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

3. എറണാകുളം – മധുര സൂപ്പർഫാസ്റ്റ് : മധ്യകേരളത്തിലെ എറണാകുളത്തു നിന്നും മധുരയിലേക്ക് രാത്രി 7.45 നു പുറപ്പെടുന്ന ഈ ബസ് വൈക്കം, കോട്ടയം, മുണ്ടക്കയം, കുമളി, തേനി വഴി സഞ്ചരിച്ച് പിറ്റേ ദിവസം വെളുപ്പിന് 5 മണിയോടെ മധുരയിൽ എത്തിച്ചേരും. ഈ ബസ് മധുരയിൽ നിന്നും തിരികെ ഉച്ചയ്ക്ക് 12.30 നു പുറപ്പെടുകയും രാത്രി 9.40 നു എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും. എറണാകുളം – മധുര ടിക്കറ്റ് നിരക്ക് 297 രൂപയാണ്. ഈ സർവ്വീസിന് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ റെസ്റ്റ് സമയം ലഭിക്കുന്ന സൂപ്പർഫാസ്റ്റ് സർവ്വീസ് എന്ന സവിശേഷതയും ഈ സർവ്വീസിനുണ്ട്. തിരികെ രാത്രി 9.40 ഓടെ എറണാകുളം ഡിപ്പോയിൽ സർവ്വീസ് അവസാനിപ്പിക്കുന്ന ഈ ബസ് പിറ്റേദിവസം രാത്രി 7.45 വരെ വിശ്രമത്തിലായിരിക്കും.

4. കണ്ണൂർ – മധുര സൂപ്പർഫാസ്റ്റ് : വടക്കൻ കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസിയുടെ ഒരേയൊരു മധുര സർവ്വീസാണിത്. കണ്ണൂരിൽ നിന്നും വൈകീട്ട് 6.15 നു പുറപ്പെടുന്ന ഈ ബസ് കോഴിക്കോട്, മലപ്പുറം, പാലക്കാട്, പൊള്ളാച്ചി, പഴനി വഴി പിറ്റേ ദിവസം വെളുപ്പിന് 6.45 ഓടെ മധുരയിൽ എത്തിച്ചേരും. ഈ ബസ് മധുരയിൽ നിന്നും തിരികെ വൈകീട്ട് 5 നു പുറപ്പെടുകയും പിറ്റേ ദിവസം വെളുപ്പിന് 5.20 നു കണ്ണൂരിൽ എത്തിച്ചേരുകയും ചെയ്യും. കണ്ണൂർ – മധുര ടിക്കറ്റ് ചാർജ്ജ് 448 രൂപയാണ്. ഈ സർവ്വീസിന് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

ഇതുകൂടാതെ കേരളത്തിലെ ചില സ്ഥലങ്ങളിൽ നിന്നും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മധുര സർവ്വീസുകളും ലഭ്യമാണ്. അവയുടെ സമയവിവരങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ഇതിൽ ചേർക്കാതിരുന്നത്.