ഒരു മകൻ്റെ ഉത്തരവാദിത്വത്തോടെ യാത്രക്കാരിയ്ക്ക് ആശ്വാസമേകി കെഎസ്ആർടിസി കണ്ടക്ടർ…

അനുഭവക്കുറിപ്പ് – Jo Issac Kulangara.

അടൂരിൽ നിന്നും തിരുവല്ലാ റൂട്ടിൽ നമ്മുടെ കെ എസ് ആർ റ്റി സി ബസിൽ (RPC 71, KL.15 A 679 ഫാസ്റ്റ് പാസഞ്ചർ) യാത്ര ചെയ്തപ്പോൾ ഉണ്ടായ സംഭവം ആണ് ഈ എഴുതുന്നത്. ഇന്നലെ രാവിലെ 21/5/2019 രാവിലെ 8.45 അടൂരിൽ നിന്നും തിരുവല്ല വരെ പോകേണ്ട യാത്രയിൽ ആണ് മനസ്സിന് വളരെ അധികം സന്തോഷം നൽകുന്ന ആ സംഭവം ഉണ്ടായത്.

സ്ഥിരമായി ബൈക്കിൽ യാത്ര ചെയുന്ന ഞാൻ അത് മാറ്റി വെച്ചു ഈ യാത്ര തിരഞ്ഞെടുക്കാൻ കാരണം ആനവണ്ടിയോട് ഉള്ള ഒരു ഇഷ്ട്ടം കൂടിയും കൊണ്ടാണ്. ടിക്കറ്റ് എടുത്ത് മുന്നിലെ ഡോറിന്റെ സൈഡ് സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ആണ് കുളനട ഭാഗത്ത്‌ നിന്നാണ് ഒരു വയസായ അമ്മയും അവരുടെ മകൾ ആണെന്ന് തോന്നുന്ന ഒരു സ്ത്രീയും വണ്ടിയിൽ കയറിയത്.

നല്ല തിരക്ക് വണ്ടിയിൽ അനുഭവപ്പെട്ടതിനാൽ അവർക്ക് ഇരിക്കുവാൻ സീറ്റ് ലഭിച്ചിരുന്നില്ല. എന്നാൽ അവർ കയറി അല്പം കഴിഞ്ഞപ്പോൾ തന്നെ ആ വയസായ അമ്മ ചുമച്ചു തുടങ്ങി. ആദ്യം സാധാരണ പനി മൂലം ഉള്ള ചുമ ആണെന്നു കരുതി ആരും അത് ശ്രേദ്ധിച്ചില്ല. എന്നാൽ ചുമ നിർത്താതെ തുടർന്നു കൊണ്ടേ ഇരുന്നു. ഒടുവിൽ സ്ത്രീകളുടെ സീറ്റിൽ ഇരുന്ന ഒരു കന്യാസ്ത്രീ അവരുടെ സീറ്റ് ഈ അമ്മക്കായി ഒഴിഞ്ഞു കൊടുത്തു.

ചുമ രൂക്ഷം ആയതിനാൽ എപ്പോളും തുപ്പാൻ വേണ്ടി ആ സീറ്റിൽ ഇരുന്ന പെണ്കുട്ടികള് വിൻഡോ സൈഡിലേക്ക് അമ്മയെ മാറ്റി ഇരുത്തി. ഇടക്ക് ആ ചുമ നിന്നു എങ്കിലും വീണ്ടും വളരെ ശക്തിയോടെ ചുമ വീണ്ടും തുടർന്നു. ഈ തവണ നിർത്താതെ ചുമക്കുന്ന അമ്മയുടെ ശബ്‌ദം ബസ്‌ മുഴുവൻ നിറഞ്ഞു നിന്നു. എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി.

പെട്ടന്നാണ് ആ തിരക്കുകൾക്കിടയിലൂടെ പിന്നിൽ നിന്നും കണ്ടക്ടർ മുൻപിലേക്ക് വന്നത്. എന്താ പറ്റിയത്?. അസുഖം വല്ലതും ആണോ? ആശുപത്രിയിൽ പോകണോ? കണ്ടക്ടർ അവരോടൊപ്പം വന്ന സ്ത്രീയോട് കാര്യം തിരക്കി. ആശുപത്രിയിൽ പോകുന്ന വഴിയാണ്. അവർ മറുപടി പറഞ്ഞു. അപ്പോളേക്കും ചുമച്ചു അവശയായ ആ അമ്മ ശ്വാസം എടുക്കുവാനും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി തോന്നി.

പെട്ടെന്നു പിന്നിലേക്കു പോയ കണ്ടക്ടർ ഒരു കുപ്പി വെള്ളവുമായി മടങ്ങി എത്തി അവർക്ക് കൊടുത്തു. ഇന്നാ ഇത് കുടിക്കു അല്പം ആശ്വാസം ലഭിക്കും. ഇത് കയിൽ ഇരിക്കട്ടെ ആവശ്യം ഉള്ളപ്പോൾ കുടിച്ചാൽ മതി. കണ്ടക്ടർ പറഞ്ഞു. വെള്ളം കുടിച്ച് അൽപ്പ സമയത്തിനുള്ളിൽ ആ അമ്മ ആശ്വാസവതിയായി കാണപ്പെട്ടു. ഇതിനിടയിൽ വണ്ടി ചെങ്ങനൂർ ഡിപ്പോയിൽ എത്തിയിരുന്നു. അവർ അവിടെ ഇറങ്ങി. ഞങ്ങൾ ബസിൽ യാത്ര തുടർന്നു.

മനുഷ്യതം മരിച്ചിട്ടില്ലാത്ത കാഴ്‌ചയാണ്‌ ആ വണ്ടിയിൽ ഞാൻ കണ്ടത്. യാത്രക്കാരെ അതിക്രൂരമായി മർദിക്കുകയും മോശമായി പെരുമാറുകയും ചെയുന്ന ഈ കാലത്ത് പ്രിയ കണ്ടക്ടർ, നിങ്ങൾ ഒരു മാതൃക ആണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിങ്ങളുടെ ദാഹം അകറ്റാൻ നിങ്ങൾ കരുതിവെച്ച ആ വെള്ളകുപ്പി നിങ്ങൾ ആ അമ്മയ്ക്ക് നൽകുമ്പോൾ നിങ്ങളിൽ ഒരു മകന്റെ ഉത്തരവാദിത്വവും ഞാൻ കണ്ടു. പേര് അറിയില്ലെങ്കിലും ചേട്ടാ നിങ്ങൾ പൊളിയാണ്, കിടുവാണ്. ഈ കൊച്ചു ആനവണ്ടിയിൽ ആകാശത്തോളം വലിപ്പം ഉള്ള ഒരു മനസിന്‌ ഉടമയാണ് നിങ്ങൾ.