തിരുവമ്പാടി കെഎസ്ആർടിസിയിലെ നന്മയുള്ള കണ്ടക്ടർ ചേട്ടൻ

എഴുത്ത് – ഷിനോജ് നായർ.

കെഎസ്ആർടിസിയിലെ നന്മ മരങ്ങൾ. ഒരുപക്ഷെ, ഇതു മലയാളിക്കു പുതിയതോ അല്ലേൽ അത്ര വലിയതോ ആയ കാര്യമല്ലായിരിക്കാം. പക്ഷെ ഞങ്ങൾക്കു ഇതു ഒരുപാട് സന്തോഷം തരുന്ന വലിയ കാര്യം തന്നെയാണ്. എന്തെന്നാൽ ഈരാറ്റുപേട്ട നിന്നും തിരുവമ്പാടി വരെ പോകുന്ന RPK 268 എന്ന സൂപ്പർഫാസ്റ്റ് ബസ്സിലെ കണ്ടക്ടർ ആയിരുന്ന ജെയിംസ് ജേക്കബ്ബ്, അദ്ദേഹത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

കൃത്യമായി പറഞ്ഞാൽ ജനുവരി 18 ശനി വൈകിട്ട് 8:30 നു പാലായിൽ നിന്നും അതെ ബസിൽ എന്റെ കുടുംബം (ഞാൻ അതിൽ ഇല്ല) തിരുവമ്പാടിക്കുള്ള യാത്രയിൽ ആയിരുന്നു. യാത്രയ്ക്കിടെ ഞങ്ങളുടെ മകന്റെ സ്വർണ മാല നഷ്ട്ടപ്പെടുകയുണ്ടായി.

കുട്ടിക്കു ആദ്യമായി വാങ്ങിയ ഒരു മാല ആയതു കൊണ്ടാവാം അതിനു മൂല്യം അതിന്റെ പണമെന്ന വിലയെക്കാൾ വലിയ എന്തൊ ഒന്നായിരുന്നു. അതിനാലാവാം വല്ലാത്ത സങ്കടം തോന്നിയത്. ആരും അതു മോഷ്ടിച്ചു കൊണ്ടു പോകാൻ ഉള്ള സാഹചര്യം ഇല്ല എന്ന് ഭാര്യ പറയുകയുണ്ടായി. ഇരു വീടുകളിലും നോക്കി ഇല്ല എന്ന് ഉറപ്പു വരുത്തി.

എങ്കിൽ ഒരുപക്ഷെ അതു ബസിൽ തന്നെ നഷ്ടപ്പെട്ടതാവുമോ എന്ന സംശയത്തിൽ അവർ തിരുവമ്പാടി KSRTC ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോൾ ആ ട്രിപ്പ്‌ൽ Dutyൽ ഉണ്ടായിരുന്ന Conductor ന്റെ നമ്പർ തരുകയും അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ അതു ആർക്കേലും കിട്ടിയതായി അറിവില്ല എന്നും പകരം അദ്ദേഹം ശേഷം ഡ്യൂട്ടിക്കു വന്ന കണ്ടക്ടറായ ജെയിംസ് ജേക്കബിന്റെ നമ്പർ തരുകയും ചെയ്തു.

അതു പ്രകാരം എന്റെ ഭാര്യ ജെയിംസ് ചേട്ടനെ അപ്പോൾ തന്നെ വിളിച്ചു. ഡ്യൂട്ടി ആയിരുന്ന ജെയിംസ് ചേട്ടനു അല്പം മുമ്പ് ഒരു യാത്രക്കാരൻ ഒരു ലോക്കറ്റ് കൊണ്ടു തന്നു എന്നും ശേഷം സംശയം തോന്നി അവർ വീണ്ടും തിരഞ്ഞു ആ മാല കണ്ടെത്തി എന്നും പറഞ്ഞു. മാലയുടെ ലോക്കറ്റ് ഡിസൈനും മറ്റും എന്റെ ഭാര്യയിൽ നിന്നും ചോദിച്ചു അറിഞ്ഞു ഉറപ്പു വരുത്തി. അവളോട് നാളെ രാവിലെ വണ്ടി തിരിച്ചു തിരുവമ്പാടി വരുമ്പോൾ ksrtc ഓഫീസിൽ വന്നാൽ വാങ്ങിക്കൊണ്ടു പോകാം എന്ന് പറയുക ഉണ്ടായി.

മറ്റൊരുവന്റെ സമ്പാദ്യം നഷ്ട്ടപ്പെട്ടാൽ അവർക്കു തന്നെ തിരിച്ചെത്തിക്കുന്ന ആ ചേട്ടനെ പോലുള്ളവർ KSRTC ക്കും നാടിനും തീർച്ചയായും നന്മയുടെ മുതൽ കൂട്ട് തന്നെയാണു. അതു കണ്ടെത്തി ജെയിംസ് ചേട്ടനെ ഏല്പിച്ച ആ പേരറിയാത്ത യാത്രകാരൻ ചേട്ടനും പിന്നെ ആ കണ്ടക്ടർ ചേട്ടനും കൂടേ തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കും നന്ദി. എങ്കിലും കണ്ടക്ടർ ജെയിംസ് ജേക്കബ്ബ് ചേട്ടന് ഒരായിരം നന്ദി…