കണ്ടക്ടറുടെ പിടിവാശി; ദുരിതാശ്വാസ സാധനങ്ങൾ KSRTC ബസ്സിൽ നിന്നും ഇറക്കിപ്പിച്ചു

പ്രളയദുരന്ത ബാധിതർക്കായി ദേശദേദമന്യേ സഹായങ്ങൾ മലബാർ മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ചിലർ സ്വന്തം വാഹനങ്ങളിലും ലോറികളിലുമൊക്കെ അവശ്യസാധനങ്ങൾ പ്രളയബാധിത പ്രദേശങ്ങളിൽ എത്തിക്കുമ്പോൾ ആനവണ്ടിപ്രേമികൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരെല്ലാം കെഎസ്ആർടിസി ബസ്സുകളിലാണ് സാധനങ്ങൾ കയറ്റിയയയ്ക്കുന്നത്. ഇത്തരത്തിലുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിനായി കെഎസ്ആർടിസി ചാർജ്ജുകൾ ഒന്നും ഈടാക്കുന്നുമില്ല.

കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടേയുമെല്ലാം പൂർണ്ണപിന്തുണയോടെ ഈ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം അടൂർ ഡിപ്പോയിൽ നിന്നും കോളേജ് വിദ്യാർത്ഥികൾക്കും ആനവണ്ടിപ്രേമികൾക്കും കയ്‌പേറിയ അനുഭവമാണ് ഉണ്ടായത്. മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി അടൂർ ഡിപ്പോയിൽ എത്തിയ ഇവർ ഡിപ്പോ ജീവനക്കാരുടെ പിന്തുണയോടെ അടൂർ – പെരിക്കല്ലൂർ ബസ്സിൽ കയറ്റിയപ്പോൾ അതിലെ ഡ്യൂട്ടി കണ്ടക്ടർ ഉടക്കു ന്യായങ്ങൾ പറഞ്ഞുകൊണ്ട് കയറ്റിയ സാധനങ്ങൾ തിരികെ ഇറക്കിക്കുകയാണ് ഉണ്ടായത്.

കെഎസ്ആർടിസിയെ മൊത്തത്തിൽ നാണംകെടുത്തിയ ആ സംഭവം ഇങ്ങനെ. അടൂർ കേന്ദ്രീകരിച്ചുള്ള കെഎസ്ആർടിസി പ്രേമികളും അടൂർ ഡിപ്പോയിലെ ജീവനക്കാരും ചേർന്ന് അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഒരു കളക്ഷൻ പോയിന്റ് തുടങ്ങിയിരുന്നു. കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർ ഇവിടേക്ക് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങൾ എത്തിക്കുകയും ചെയ്തു.

ഈ സാധനങ്ങൾ മലപ്പുറം ജില്ലയിലെ ക്യാമ്പുകളിലേക്ക് എത്തിക്കുവാനായിരുന്നു ഇവരുടെ പദ്ധതി. ആഗസ്റ്റ് 14 നു രാത്രിയിൽ അടൂരിൽ നിന്നും പെരിക്കല്ലൂരിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ്സിൽ കയറ്റി കോട്ടയ്ക്കലിനു സമീപത്തുള്ള ചങ്കുവെട്ടി എന്ന സ്ഥലത്ത് ഇറക്കുകയും അവിടെ സാധനങ്ങൾ ഏറ്റെടുക്കുവാൻ ക്യാമ്പിൽ നിന്നുള്ള ചുമതലപ്പെട്ട ആളുകൾ എത്തിച്ചേരുകയും ചെയ്യും എന്നായിരുന്നു കണക്കുകൂട്ടലുകൾ.

എന്നാൽ ഈ പ്ലാനുകളെല്ലാം പൊളിച്ചത് ഒരു കണ്ടക്ടറുടെ പിടിവാശിയായിരുന്നു. ആഗസ്റ്റ് 14 നു രാത്രിയിൽ യാത്ര പുറപ്പടുവാൻ തയ്യാറായി നിന്ന അടൂർ – പെരിക്കല്ലൂർ സൂപ്പർഫാസ്റ്റ് ബസ്സിൽ മറ്റു കെഎസ്ആർടിസി ജീവനക്കാരുടെ സഹായത്തോടെ ഇവർ സാധനങ്ങൾ കയറ്റി. ബസ്സിലെ ഡ്രൈവറും ഇവരോടൊപ്പം സഹായത്തിനായി ചേർന്നിരുന്നു. പക്ഷെ വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി മറ്റു ഡിപ്പോയിൽ നിന്നും പുതിയതായി വന്ന ബി. പ്രകാശ് കുമാർ എന്ന കണ്ടക്ടർ തുടക്കം മുതലേ ഉടക്ക്‌ ന്യായങ്ങൾ പറയുകയാണ് ഉണ്ടായത്.

ബസ്സിൽ കയറ്റിയ പെട്ടികളിൽ കളക്ടർ എന്നു രേഖപ്പെടുത്തണമെന്ന കണ്ടക്ടറുടെ ആവശ്യപ്രകാരം ഇവർ അങ്ങനെ ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും ഈ സാധനങ്ങൾ കൊണ്ടുപോകുവാതിരിക്കുവാനായി കണ്ടക്ടർ പലതരത്തിലുള്ള മുടന്തൻ ന്യായങ്ങൾ കണ്ടെത്തുകയായിരുന്നു. ഡിപ്പോയിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന കണ്ടക്ടർ ബസ്സിൽ കയറ്റിയ സാധനങ്ങൾ ബലമായി ഇറക്കിപ്പിക്കുകയായിരുന്നു. തനിക്കു കീഴിലുള്ള കണ്ടക്ടറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അനുസരിപ്പിക്കുവാൻ സാധിക്കാതിരുന്നത് ആ ഉദ്യോഗസ്ഥന്റെ കഴിവുകേട് തന്നെയാണ് എന്നത് മറ്റൊരു കാര്യം.

അവസാനം സാധനങ്ങൾ ഇല്ലാതെ തന്നെ അടൂരിൽ നിന്നും പെരിക്കല്ലൂർ സൂപ്പർഫാസ്റ്റ് യാത്രയായി. അപമാനഭാരത്താൽ ഒരുനിമിഷം മനസ്സു മടുത്തെങ്കിലും ബസ്സിൽ നിന്നും ഇറക്കിയ സാധനങ്ങൾ ആ യുവാക്കൾ അവരുടെ സ്വന്തം കാറുകളിൽ കയറ്റി നേരിട്ട് മലപ്പുറത്തേക്ക് ഓടിച്ചു പോകുകയാണുണ്ടായത്.

ഈ സംഭവത്തിൽ തോറ്റുപോയത് പ്രളയബാധിതരെ സഹായിക്കുവാനായി മുന്നിട്ടിറങ്ങിയ കുറച്ചു യുവാക്കളോ അടൂർ ഡിപ്പോയോ മാത്രമല്ല, കെഎസ്ആർടിസി എന്ന പ്രസ്ഥാനം മൊത്തത്തിലാണ്. ബി. പ്രകാശ് കുമാർ എന്ന ആ കണ്ടക്ടറുടെ അഹങ്കാരവും, കണ്ടക്ടറെ അനുസരിപ്പിക്കുവാൻ കെൽപ്പില്ലാത്ത ഡിപ്പോ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയും കൂടിച്ചേർന്നപ്പോൾ ഒരുരാത്രി കൊണ്ട് കളങ്കപ്പട്ടത് ദുരന്തമേഖലകളിൽ കെഎസ്ആർടിസി നടത്തി വന്ന സത്കർമ്മങ്ങൾ തന്നെയാണ്. വയനാട്ടിലേക്കുള്ള ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള സാധനങ്ങൾ ഇതിനു മുന്നത്തെ ദിവസം ഇതേ സർവീസിൽ കയറ്റി അയച്ചിരുന്നതാണ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറും (വേറെ കണ്ടക്ടർ) ഡ്രൈവറും ഒരേപോലെ സപ്പോർട്ട് ആയിരുന്നു ഇതിനു നൽകിയത്.

നല്ലവരായ ഒത്തിരി ജീവനക്കാരുടെ സഹായത്തോടെ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കെഎസ്ആർടിസി ബസ്സുകൾ വഴി സാധനങ്ങൾ സൗജന്യമായി അയയ്ക്കുന്നുണ്ട്. ചിലയിടങ്ങളിൽ നിന്നും ക്യാമ്പിലേക്കുള്ള സാധനങ്ങൾ കൊണ്ടുപോകുവാൻ മാത്രമായി സ്പെഷ്യൽ ബസ്സുകൾ വരെ അയച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, ഒറ്റപ്പെട്ടതാണെങ്കിലും ഇങ്ങനെയൊരു മോശം സംഭവം ഉണ്ടായത് എല്ലാവർക്കും വളരെ വിഷമകരമായ കാര്യമാണ്. ഇനിയെങ്കിലും ഇത്തരം അവസ്ഥകളിൽ അധികാര ഗർവ്വും, അഹങ്കാരവും കാണിക്കാതെയിരിക്കുക. ഉറ്റവരെയും വീടുമെല്ലാം നഷ്ടപ്പെട്ട ഒരുകൂട്ടമാളുകളുണ്ട് നമുക്കിടയിൽ.. അവരെ ഓർത്തെങ്കിലും…പ്ലീസ്…