വാങ്ങാൻ മറന്ന ‘ബാലൻസ് തുക’ ഗൂഗിൾ പേയിലൂടെ അക്കൗണ്ടിലേക്ക്

ബസ് യാത്രയ്ക്കിടയിൽ ടിക്കറ്റിന്റെ ബാലൻസ് തുക കണ്ടക്ടറുടെ പക്കൽ നിന്നും നമ്മൾ വാങ്ങാൻ മറന്നാലോ? അത് പോയി എന്നു വെക്കുന്നതാകും നല്ലത്. എന്നാൽ സുൽത്താൻ ബത്തേരി – കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസി ടൗൺ ടു ടൗൺ ബസ്സിൽ കയറി ബാലൻസ് തുക വാങ്ങാൻ വിട്ടുപോയ യാത്രക്കാരനായ ജിനു നാരായണനു ആ തുക തിരികെ ലഭിച്ചത് ഡിജിറ്റൽ മാർഗ്ഗത്തിൽ. ആ അനുഭവം വിവരിക്കുകയാണ് മാധ്യമപ്രവർത്തകൻ കൂടിയായ ജിനു നാരായണൻ. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ.

സുൽത്താൻ ബത്തേരി – കോഴിക്കോട് റൂട്ടിൽ പോയൻറ് ടു പോയൻറ് സർവീസ് ആരംഭിച്ചതുമുതൽ അതിലെ സ്ഥിരം യാത്രക്കാരിലൊരാളാണ്. കോഴിക്കോടേക്കു പോകാൻ പോയൻറ് ടു പോയൻറിനായി കാത്തുനിൽക്കുന്നതും പതിവായിരുന്നു. അങ്ങനെ കഴിഞ്ഞദിവസം രാവിലെ കോഴിക്കോടേക്ക് പോകാൻ സുൽത്താൻ ബത്തേരിയിലെ ചുങ്കം ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ ആർ.പി.സി 107 (പോയൻറ് ടു പോയൻറ്) എത്തി.

200 ൻ്റെയും 500 ൻ്റെയും നോട്ടും പത്തുരൂപയുടെ ചില്ലറ നോട്ടുകളുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. 200 ൻ്റെ നോട്ട് നൽകി 88 രൂപയുടെ ടിക്കറ്റും കിട്ടി. പത്തുരൂപ ബാക്കിയും ലഭിച്ചു. ബാക്കി തരാമെന്ന് അറിയിച്ചു. എന്നാൽ, 200 രൂപയുടെ നോട്ടാണ് നൽകിയതെന്ന കാര്യം ഞാൻ മറന്നു. 200 നോട്ടുണ്ടാക്കിയ ഒരു പൊല്ലാപ്പേ.

അങ്ങനെ കോഴിക്കോടെത്തി. പോയ കാര്യം നടത്തി തിരിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് ഒാട്ടോയിൽ വന്ന് പഴ്സ് നോക്കിയപ്പോഴാണ് 200 രൂപയുടെ കാര്യം ഓർമ വന്നത്. 100 രൂപ ബാക്കി കിട്ടാനുണ്ടെന്ന് മനസിലായി. ശ്രദ്ധയില്ലായ്മ, മറവി എന്നിവകൊണ്ടു 100 രൂപ നഷ്ടമായല്ലോ എന്നു കരുതി. എങ്കിലും സാരമില്ല കെ.എസ്.ആർ.ടി.സിക്കല്ലേ എന്ന് സമാധാനിച്ചു.

കോഴിക്കോട് ഡിപ്പോയുടെ കൊണ്ടോടി ഫാസ്റ്റ് പാസഞ്ചർ പോയൻറ് ടു പോയൻറ് ബസിൽ മീനങ്ങാടിക്ക് തിരിച്ചുവരുമ്പോൾ, ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി കൂട്ടായ്മയിലെ അംഗം കൂടിയായ ഞാൻ, ഗ്രൂപ്പ് അഡ്മിൻമാരിലൊരാളായ ശരത്തിനെ ഈ വിവരം അറിയിച്ചു. ടിക്കറ്റിെൻറ ഫോട്ടോയും നൽകി. അങ്ങനെ അദ്ദേഹം ഗ്രൂപ്പിൽ സംഭവിച്ചകാര്യം വിശദീകരിച്ച് പോസ്റ്റിട്ടു. ഡിപ്പോയിൽ ബന്ധപ്പെട്ടാൽ മതിയെന്ന അറിയിപ്പും കിട്ടി. ശരത്ത് എ.ടി.ഒയെ വിളിച്ചുകാര്യം പറഞ്ഞു.

ഇതിനിടയിൽ ഗ്രൂപ്പ് അംഗവും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ ദിലീപ് അരിവയലും വാട്സ്ആപ്പിൽ സന്ദേശം അയച്ചു. കണ്ടക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാലൻസ് തിരിച്ചു നൽകാനുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു. നേരിട്ടോ അല്ലെങ്കിൽ ഗൂഗിൾ പേയിലൂടെയോ ബാക്കി തുക നൽകാമെന്നും പറഞ്ഞു. ശരത്തും ഇതേ കാര്യം അറിയിച്ചു. അങ്ങനെ ബസിൽനിന്നും ബാക്കിവാങ്ങാൻ മറന്ന 100 രൂപ ഗൂഗിൾ പേ വഴി എൻ്റെ അക്കൗണ്ടിലെത്തി.

മറന്നത് 100 രൂപയായാലും 50 രൂപയായാലും അത് യാത്രക്കാരന് കൃത്യമായി തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് ബത്തേരി ഡിപ്പോയിലെ ജീവനക്കാർ. ഇത്തരമൊരു ചെറിയ കാര്യത്തിനുപോലും ഇടപെടൽ നടത്തിയ ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിക്കും എ.ടി.ഒ സാജൻ സ്കറിയക്കും ദിലീപ് അരിവയൽ ഉൾപ്പെടെയുള്ള ജീവനക്കാർക്കും മേലുദ്യോഗസ്ഥർക്കും ആർ.പി.സി 107ലെ നമ്മുടെ സ്വന്തം കണ്ട്കടറിനും ക്രൂവിനും നന്ദി.