എൻ്റെ അമ്മയുടെ ജീവൻ രക്ഷിച്ചത് ഈ കെഎസ്ആർടിസി സഹോദരങ്ങൾ

കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് എല്ലാവർക്കും കുറ്റങ്ങൾ പറയുവാനാണ് ഉത്സാഹം. എന്നാൽ അവർ ചെയ്യുന്ന നന്മകൾ കൂടി നമ്മൾ കാണണം. അത് മറ്റുള്ളവരിൽ എത്തിക്കണം. യാത്രയ്ക്കിടയിൽ എന്തെങ്കിലും ബുദ്ധിമുട്ടോദേഹാസ്വാസ്ഥ്യമോ അനുഭവപ്പെടുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരാകുന്ന സംഭവങ്ങൾ ഇന്ന് സാധാരണയാണ്. കേവലം ടിക്കറ്റ് കൊടുക്കുകയും വണ്ടിയോടിക്കുകയും മാത്രമല്ല തങ്ങളുടെ കർത്തവ്യമെന്നു മനസ്സിലാക്കി സേവനസന്നദ്ധരായ അത്തരം ജീവനക്കാരെ നമ്മൾ അറിയുക തന്നെ വേണം.

ഈയിടെ കെഎസ്ആർടിസി യാത്രയ്ക്കിടെ മരണത്തെ മുഖാമുഖം കണ്ട തൻ്റെ അമ്മയ്ക്ക് രക്ഷകരായ കെഎസ്ആർടിസി ജീവനക്കാർക്ക് നന്ദി പറയുകയാണ് സ്റ്റാലിൻ തെക്കേൽ എന്ന യാത്രക്കാരൻ. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ…

“എന്റെ പേര് സ്റ്റാലിൻ. തമിഴ്നാട് നീലഗിരി ജില്ലയിലെ എരുമാടാണ് താമസം. 06-03-2020 ൽ നടന്ന ഒരു അനുഭവം നിങ്ങളുമായി പങ്കുവെക്കുന്നതിനാണ്‌ ഞാൻ ശ്രമിക്കുന്നത്.

രാവിലെ ഞാനും എന്റെ അമ്മയും പപ്പയും സുൽത്താൻ ബത്തേരിയിൽ നിന്നും എരുമാട് വഴി തൃശ്ശൂർ വരെ പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു.സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ബസ്സിൽ.

നാടുകാണി കഴിഞ്ഞ് ചുരം ഇറങ്ങിത്തുടങ്ങുമ്പോൾ പെട്ടന്ന് അമ്മക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ശ്വാസം നിലച്ചപോലെ ബോധം ഇല്ലാതാവുകുകയും ചെയ്തു. എന്തു ചെയ്യണം എന്നറിയാതെ അവസ്ഥ..

അപ്പോഴേക്കും ഡ്രൈവർ പ്രജോയ് എം ഇസാക്ക് വണ്ടി ഓരത്തേയ്ക്ക് ഒതുക്കി നിർത്തി ഓടി വരുകയും ഞങ്ങൾക്ക് ധൈര്യം തരുകയും കൂടാതെ അമ്മക്ക് C P R കൊടുക്കുകയും എന്നോട് കൃത്രിമമായി ശ്വാസം കൊടുക്കാൻ പറയുകയും ചെയ്തു. രണ്ട് മിനിട്ടിന് ശേഷം അമ്മ ശ്വാസം നേരെ എടുക്കാൻ തുടങ്ങി. അപ്പോൾത്തന്നെ മറ്റൊരു വണ്ടിയിൽ അടുത്തുള്ള ഹോസ്പിറ്റലിൽ അമ്മയെ എത്തിക്കുകയും ചെയ്തു..

ചെറിയൊരു കാർഡിയാക് അറ്റാക്ക് ആയിരുന്നെന്നും, അപകടസ്ഥിതി തരണം ചെയ്തെന്നും, വിശ്രമം ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞതനുസരിച്ച് അമ്മ ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു.

തക്ക സമയത്തെ ബസ്സ് ഡ്രൈവർ പ്രിജോയിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് എന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ പറ്റിയത്. ഒരു ദൈവദൂതനെ പോലെ എന്റെ അമ്മയുടെ ജീവൻ രക്ഷിച്ച പ്രിജോയ്, കണ്ടക്ടർ ബാബു സഹോദരന്മാർക്ക് ഞങ്ങളുടെ കുടുംബത്തിന്റെ തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു.”

കെഎസ്ആർടിസിയുടെ കുറ്റങ്ങളും കുറവുകളും നിരത്തുന്നവർ ഇത്തരം നന്മപ്രവൃത്തികൾക്കു നേരെ ഒരിക്കലും കണ്ണടയ്ക്കാതിരിക്കുക. നന്മകളുടെ തിരിച്ചറിവുകൾ ആകട്ടെ ഇതുപോലുള്ള ഓരോ നല്ല വാർത്തകളും. പ്രിജോയ്, ബാബു എന്നീ കെഎസ്ആർടിസി സഹോദരങ്ങൾക്ക് ഒരായിരം ആശംസകൾ.