മണ്ടൻ തീരുമാനം മാറ്റി KSRTC; ഫാസ്റ്റ് പാസഞ്ചർ ബസ്സുകളുടെ ദൂരം കുറയ്ക്കില്ല

കെഎസ്ആർടിസിയിൽ കൂടുതൽ യാത്രക്കാരും ദീർഘദൂര യാത്രകൾക്കായി ഉപയോഗിക്കുന്ന സർവീസുകളാണ് ഫാസ്റ്റ് പാസഞ്ചറും, സൂപ്പർഫാസ്റ്റും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മേൽപ്പറഞ്ഞ തരത്തിലുള്ള ധാരാളം സർവീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ലാഭകരമായിത്തന്നെയാണ് ഓടുന്നതും. എന്നാൽ കഴിഞ്ഞ ദിവസം കെഎസ്ആർടിസി പുറത്തിറക്കിയ ഉത്തരവ് ഇത്തരം സർവ്വീസുകളെയെല്ലാം തകിടം മറിക്കുന്ന തരത്തിലുള്ളതായിരുന്നു. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പരമാവധി രണ്ടുജില്ലകളിൽ മാത്രമായി ഒതുക്കണമെനന്നായിരുന്നു കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഉത്തരവ്. അഞ്ചും ആറും ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകൾ ബസ്സുകളെല്ലാം ഇല്ലാതാക്കുവാൻ ഇടവരുത്തുന്ന ഈ ഉത്തരവ് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.

രണ്ടു ജില്ലയില്‍ കൂടുതല്‍ ദൂരത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കേണ്ടെന്നു നിര്‍ദ്ദേശിച്ച് ഉത്തരവിറക്കിയത് കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍സ് എക്സ്‌ക്യൂട്ടീവ് ഡയറക്ടറായിരുന്നു . ഈ ഉത്തരവ് നിലവിൽ വരുന്നതോടെ രണ്ടു ജില്ലകൾക്കപ്പുറത്തേക്ക് സർവ്വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾക്ക് പകരം സൂപ്പർഫാസ്റ്റ് ബസ്സുകൾ തുടങ്ങി മുകളിലേക്കുള്ള ബസ്സുകൾ ഓടിക്കേണ്ടി വരും. ഇത് യാത്രാദൈർഘ്യം കുറയ്ക്കുവാൻ സഹായിക്കുമെങ്കിലും യാത്രക്കാർക്ക് തിരിച്ചടിയായി മാറും. കാരണം ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളെക്കാൾ കൂടുതൽ ചാർജ്ജ് സൂപ്പർ ഫാസ്റ്റിൽ യാത്ര ചെയ്യുമ്പോൾ കൊടുക്കേണ്ടി വരും. കൂടാതെ സ്റ്റോപ്പുകളും ഫാസ്റ്റ് പാസഞ്ചറുകളേക്കാൾ കുറവായിരിക്കും.

15 മിനിട്ട് ഇടവേളയില്‍ ദേശീയ പാതയിലും എം.സി. റോഡിലും തൃശൂര്‍ ഭാഗത്തേക്കും തിരികെയും സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ സമയം ക്രമീകരിക്കുന്നതിന്റെ പേരിലാണ് ഫാസ്റ്റ് പാസഞ്ചറുകളെ പുറത്താക്കുവാൻ പദ്ധതിയിട്ടത്. ഇത്തരത്തിൽ ദീര്‍ഘദൂര സര്‍വീസില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ 10 മിനിറ്റ് ഇടവേളകളില്‍ തൊട്ടടുത്ത ജില്ലകളിലെ പ്രധാന സ്റ്റേഷനുകളിലേക്കു ചെയിന്‍ സര്‍വീസിനായി ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ മാത്രമേ ഒരു ഫാസ്റ്റ് പാസഞ്ചറിന് സർവീസ് നടത്താൻ അനുമതിയുണ്ടാകൂ. ഈ രീതിയിൽ കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശ്ശൂർ എന്നിങ്ങനെയാകുമായിരുന്നു സർവീസ്. അധികമായി വരുന്ന ഫാസ്റ്റ്പാസഞ്ചറുകൾക്ക് അതത് ജില്ലകളിൽതന്നെ പുതിയ റൂട്ടു കണ്ടെത്തേണ്ടിയും വരും.

ഈ പുതിയ പരിഷ്‌ക്കാരം യാത്രക്കാരെ പ്രൈവറ്റ് ബസ്സുകളിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ ഇടവരുത്തുമെന്നു കെഎസ്ആർടിസിയിലെ ഭൂരിഭാഗം ജീവനക്കാരും യാത്രക്കാരുമൊക്കെ ആരോപിച്ചിരുന്നു. സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ എണ്ണം കുറവായതും പുതിയ പരിഷ്‌ക്കാരത്തിന് തിരിച്ചടിയാകുമെന്ന ആരോപണവും ഉയര്‍ന്നു. സ്വകാര്യ ബസ് ലോബിയുമായി ബന്ധമുള്ള ഒരു ഉന്നതനാണ് പുതിയ പരിഷ്‌കാരത്തിനു പിന്നിലെന്ന ആക്ഷേപവും സജീവമായതോടെയാണ് പ്രസ്തുത ഉത്തരവ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂരയാത്ര നടത്താനുള്ള സൗകര്യമാണ്‌ കോര്‍പ്പറേഷന്‍ ഇതോടെ നിര്‍ത്തലാക്കുന്നത്‌. മാത്രമല്ല സൂപ്പര്‍ ഫാസ്‌റ്റ്‌ ബസുകള്‍ എണ്ണത്തില്‍ കുറവുമാണ്. കെഎസ്ആർടിസിയിൽ ഇത്തരം കൃത്യമായ പഠനങ്ങളില്ലാതെ നടപ്പിലാക്കുന്ന പരീക്ഷണങ്ങൾ മൂലം യാത്രക്കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളിലേക്കു തിരിയും. ഇതുവഴി കെ.എസ്‌.ആര്‍.ടി.സി. കൂടുതല്‍ നഷ്‌ടത്തിലേക്കാവും കൂപ്പുകുത്തുക.

വാർത്തകൾക്ക് കടപ്പാട് – മാതൃഭൂമി, ന്യൂസ് 18.