യാത്രക്കാരി ഛർദ്ദിച്ചു; ബസ് സ്വയം വൃത്തിയാക്കി KSRTC ഡ്രൈവർ

വിവരണം – ഷാജി അട്ടക്കുളങ്ങര.

കൊറോണ കാലത്തെ മനോഹരമായ കാഴ്ച ഇന്നലെ നമ്മുടെ സ്വന്തം ആനവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു അത്യാവശ്യം നല്ല തിരക്കുണ്ട്‌ കൊറോണ ഭീതിമൂലം ഭൂരിഭാഗം പേരും മാസ്കും, തുണിയൊക്കെ വച്ച്‌ മുഖം മറച്ചു പിടിച്ചിരിക്കുന്നു. ഒരു വല്ലാത്ത ഭീതിയുടെ അവസ്ഥയിൽ തന്നെ യാത്ര തുടരുന്നു..

അപ്പൊഴതാ 12 വയസ്‌ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി യാത്രക്കിടെ ബസിൽ ഛർദ്ദിക്കുന്നു. കൂടെ ആരും ഇല്ല. യാത്രക്കാരുടെ നെഞ്ചിടുപ്പ്‌ വീണ്ടും വർദ്ധിച്ചു. പലരും സ്ഥലം മാറി പിന്നിലേക്ക്‌ പൊയി. ചിലർ അവളുടെ മുഖത്തേക്ക്‌ രൂക്ഷമായ നോട്ടം. അപ്പൊഴാണു അടിയന്തര ഇടപെടലുമായി നമ്മുടെ KSRTC യുടെ ഡ്രൈവർ മാമ വന്നത്. വണ്ടി ഒന്ന് സൈഡ്‌ ഒതുക്കിയിട്ട്‌ അദ്ദേഹം അവളൊട്‌ ചോദിഞ്ഞു “മോളേ ഇനി ഛർദ്ദിക്കണോ?”

എന്നിട്ട് പെൺകുട്ടിയെ വെളിയിലിറക്കി ഛർദ്ദിച്ചു പൂർണ്ണമായും കഴിഞ്ഞതിനു ശേഷം അവൾക്ക്‌ ഇരിക്കാൻ സീറ്റും നൽകി യാത്ര തുടങ്ങി. എന്നിട്ട്‌ അടുത്ത പെട്രോൾ പമ്പ് എത്തിയ ഉടൻ ഡ്രൈവർ മാമ ചാടിയിറങ്ങി പമ്പിലേക്ക്‌ ഓടി. പിന്നെ വരുന്നത്‌ ഒരു ബക്കറ്റ്‌ വെള്ളവുമായായിരുന്നു. ഒരു മടിയും കൂടാതെ എല്ലാം ഒറ്റക്ക്‌ കഴുകി വൃത്തിയാക്കിയിട്ട്‌ അവളുടെ മുഖത്ത്‌ നോക്കി ഒരു ചെറുപുഞ്ചിരിയോടെ വീണ്ടും യാത്ര തുടർന്നു.

ഇതെല്ലാം കണ്ടിട്ട് കണ്ണു നിറഞ്ഞു പൊയി. എല്ലാം നോക്കി നിന്ന ഞാൻ ഇതെങ്കിലും ചെയ്തില്ലെങ്കിൽ വഞ്ചന ആയി പോകും. സഹയാത്രക്കാരെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല കൂടിപ്പോകും. ഈ ഡ്രൈവർ മാമയെപ്പോലെ ഇത്തരം നല്ല മനുഷ്യന്മാർ ജീവിച്ചിരിക്കുന്ന ഈ നാട്ടിൽ എങ്ങനെയാ കൊറോണക്ക്‌ പിടിച്ച്‌ നിൽക്കാനാവുക? തോൽവി സമ്മതിച്ച് ഉടൻ ഓടേണ്ടിവരും തീർച്ച. പേരറിയില്ല, ഊരറിയില്ല എന്നാലും മാസാണു നിങ്ങൾ. കൊറോണ കാലത്തെ കൊലമാസ്‌.. ഡ്രൈവർ മാമക്ക്‌ എന്റെ ബിഗ്‌ സല്യൂട്ട്‌.

കോവിഡ് 19 വ്യാപനകാലത്തും കരുതലോടെ യാത്ര തുടരാൻ കെഎസ്ആർടിസി മുന്നിട്ടിറങ്ങിയത് യാത്രക്കാർക്ക് തെല്ലാശ്വാസമായി. സംസ്ഥാന സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ബസ്സുകൾ അണുനാശിനിയുപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്.

കെഎസ്ആർടിസി ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കണമെന്നും ജോലിസമയത്ത് മാസ്ക്, ആവശ്യമെങ്കിൽ കയ്യുറ എന്നിവ ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡിപ്പോകളിൽ ‘ബ്രേക്ക് ദ് ചെയിൻ’ ക്യാംപെയിനിന്റെ ഭാഗമായി പ്രത്യേക വാഷ്ബേസിനുകൾ സ്ഥാപിച്ച് കൈകഴുകാൻ സോപ്പും വെള്ളവും ഉറപ്പാക്കിയിട്ടുണ്ട്.