നെഞ്ചു വേദനയെടുത്ത് പുളയുമ്പോഴും, യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി KSRTC ഡ്രൈവർ

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. പാലാ തിടനാട് സ്വദേശിയും ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറുമായ സാജുമാത്യുവാണ് മരണത്തിനു കീഴടങ്ങിയത്. സംഭവം നടന്നത് കോട്ടയത്തെ കോടിമതയിൽ വെച്ച്.

ഈരാറ്റുപേട്ട – തേന്നാട് – തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ ഡ്രൈവറായിരുന്നു സാജു മാത്യു. ബസ് കോട്ടയം ഡിപ്പോയിൽ കയറിയതിനു ശേഷം വീണ്ടും യാത്ര തുടരവെയാണ് സാജുവിന്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കനത്ത നെഞ്ചു വേദനകൊണ്ട് പുളയുന്നതിനിടയിൽ അദ്ദേഹം ബസ് റോഡിനോരം ചേർത്തു നിർത്തുകയായിരുന്നു.
ബസിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന സാജു, ഉടൻ തന്നെ ബസ് നിർത്തി ഹാൻഡ് ബ്രേക്ക് ഇട്ടുകഴിഞ്ഞു സ്റ്റീയറിംഗ് വീലിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.

ഈ സമയം ബസിലുണ്ടായിരുന്ന കണ്ടക്ടർ തിടനാട് സ്വദേശി അനീഷും, ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ ടി.കെ ലാലും ഓടിയെത്തി. ചെങ്ങന്നൂരിലേയ്ക്ക് ഡ്യൂട്ടിയിയ്ക്ക് പോകാനായാണ് ഡ്രൈവറായ ലാൽ ബസിൽ കയറിയത്. സാജുവിനെ വണ്ടിയ്ക്കുള്ളിൽ കിടത്തിയ ശേഷം, ലാൽ ബസ് സ്റ്റാർട്ട് ചെയ്ത് യാത്രക്കാരെയും കൊണ്ട് നേരെ കോട്ടയം ജനറൽ ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

ഈ സമയം ബസിൽ 25 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതേസമയം ബസിലുണ്ടായിരുന്ന യാത്രക്കാരായ നഴ്‌സുമാർ സാജുവിനെ ബസ്സിനുള്ളിൽ കിടത്തി പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും എല്ലാവരെയും സങ്കടത്തിലാഴ്ത്തിക്കൊണ്ട് സാജു മരണത്തിനു കീഴടങ്ങിയിരുന്നു. സംഭവമറിഞ്ഞ കെഎസ്ആർടിസി അധികാരികൾ ആശുപത്രിയിലേക്ക് എത്തുകയും വേണ്ട നടപടിക്രമങ്ങൾ എടുക്കുകയും ചെയ്തു.

പൊതുവെ ബസ് ഡ്രൈവർമാരെക്കുറിച്ച് മിക്കയാളുകൾക്കും പരാതിയാണ്. എല്ലാ ഡ്രൈവർമാരും മനുഷ്യ ജീവനുകൾക്ക് വിലകല്പിക്കാത്തവർ ആണെന്നു പറഞ്ഞു നടക്കുന്നവരും നമ്മുടെയിടയിലുണ്ട്. എന്നാൽ ഇന്ന് മരണത്തിനു കീഴടങ്ങിയ ആ പാവം മനുഷ്യൻ തനിക്ക് നെഞ്ചുവേദന കൊണ്ട് പുളയുമ്പോഴും ബസ്സിലുള്ള യാത്രക്കാരുടെ ജീവനുകൾ രക്ഷിക്കുവാനാണ് ആദ്യം ശ്രമിച്ചത്. കർത്തവ്യ ബോധമുള്ള ഒരു യഥാർത്ഥ ഡ്രൈവർ ഇങ്ങനെയായിരിക്കും.

വാർത്തയ്ക്ക് കടപ്പാട് – thirdeyenewslive.com.