കൊട്ടാരക്കരയിൽ KSRTC ബസ്സിനു തീപിടിച്ച അപകടം; പരിക്കേറ്റ ഡ്രൈവർക്ക് വിട….

ജൂൺ 15 നു കൊട്ടാരക്കരയ്ക്കടുത്ത് വയക്കൽ എന്ന സ്ഥലത്തു വച്ച് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കോൺക്രീറ്റ് മിക്സിംഗ് ലോറിയിലിടിച്ച് കിളിമാനൂർ യൂണിറ്റിലെ ഫാസ്റ്റ് പാസഞ്ചർ ബസിനു തീപിടിച്ച സംഭവം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. അപകടത്തെത്തുടർന്ന് പ്രസ്‌തുത ബസ്സിലെ യാത്രക്കാർക്ക് ഒരു പോറൽ പോലും പറ്റാതെ സുരക്ഷിതമായി ബസിൽ നിന്നും പുറത്തിറക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിന്റെ ഡ്രൈവറായ ശ്രീ. പി. പ്രകാശിന് പൊള്ളലേറ്റിരുന്നു.

ദേഹമാസകലം തീ പടരുന്നതിനിടയിൽ പോലും യാത്രക്കാരുടെ ജീവഹാനി ഒഴിവാക്കാൻ പരമാവധി ശ്രമിച്ച ബസ് ഡ്രൈവർ പ്രകാശ് അപകടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയും ഉച്ചയോടു കൂടി അദ്ദേഹം നമ്മെ വിട്ട് പിരിയുകയും ചെയ്തു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ് മരിച്ച ഡ്രൈവർ പ്രകാശ്.

പ്രകാശിന്റെ മരണത്തിൽ അനുശോചിച്ച് കെഎസ്ആർടിസി എംഡിയായ എം.പി. ദിനേശ് ഐ.പി.എസ് ൻ്റെ വാക്കുകൾ ഇങ്ങനെ – “ശ്രീ.പ്രകാശിനെ പോലൊരു ജീവനക്കാരന്റെ വിയോഗം കെ.എസ്.ആർ.ടി.സി-യെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമാണ്. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി അപകടസമയത്ത് സ്വന്തം ജീവൻ തൃണവൽഗണിച്ച്‌ അദ്ദേഹം പ്രകടിപ്പിച്ച മനോധൈര്യം കെ.എസ്.ആ.ർ.ടി.സി നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം പരേതന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.”

അപകടം നടന്നയുടൻ മനസ്സാന്നിധ്യം വീണ്ടെടുത്ത ഡ്രൈവർ പ്രകാശ് ബസിന്റെ രണ്ടു വാതിലുകളും തുറന്നിട്ടു. ന്യൂമാറ്റിക് ഡോറുകളുള്ള ബസ് ആയതിനാൽ വാതിൽ തുറക്കുന്നതിനുള്ള ബട്ടൺ ഡ്രൈവറുടെ പക്കലാണ്. അതിനാൽ യാത്രക്കാർക്കെല്ലാം വേഗത്തിൽ പുറത്തിറങ്ങാൻ സാധിച്ചു. തൊട്ടുമുന്നിൽ കോൺക്രീറ്റ് മിക്സർ ലോറി കത്തുകയും ഏതുനിമിഷവും ബസിലേക്കും തന്നിലേക്കും തീപടരുകയും ചെയ്തേക്കാവുന്ന അവസ്ഥയിലാണ് പ്രകാശ് മനോധൈര്യം കാട്ടിയത്. കാബിനിൽ കാൽ കുടുങ്ങി പുറത്തു കടക്കാൻ കഴിഞ്ഞില്ലെങ്കിലും അവിടെയിരുന്നു കൊണ്ടുതന്നെ യാത്രക്കാർക്ക് രക്ഷപ്പെടാൻ പ്രകാശ് നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ബസിന്റെ കാബിനിലേക്ക് പടർന്ന തീ പ്രകാശിനെ ചുറ്റിയത് പെട്ടെന്നായിരുന്നു. കാൽ കുടുങ്ങിയതിനാൽ വസ്ത്രങ്ങളിലും ശരീരത്തേക്കും തീ പടരുന്നത് നിലവിളിയോടെ സഹിക്കാൻ മാത്രമേ പ്രകാശിനു കഴിഞ്ഞുള്ളൂ. ഒടുവിൽ നാട്ടുകാരായ യുവാക്കളുടെ സാഹസികതയിലാണ് കത്തുന്ന കാബിനിൽ നിന്നും പ്രകാശിനെ പുറത്തെത്തിച്ചത്.

എം.സി റോഡിൽ വാളകം വയക്കലില്‍ ജൂൺ 15 നു ഉച്ചയോടെ കൊട്ടാരക്കരയിൽ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും റെഡിമിക്സ് ടാങ്കര്‍ ലോറിയും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. സമീപത്തെ കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റില്‍ നിന്നും എംസി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്താണ് ബസ് ഇടിച്ചത്. ഐഡി നടന്നയുടനെ തീ പടരുകയാണുണ്ടായത്. ബസ്സിൽ നിന്നും യാത്രക്കാരെ വേഗത്തിൽ ഒഴിപ്പിച്ചതുമൂലമാണ് വൻ ദുരന്തം ഒഴിവായത്.

അപകടത്തെത്തുടർന്ന് ഇരുവാഹനങ്ങൾക്കും തീപിടിച്ചിരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തിയായിരുന്നു തീ അണച്ചത്. എന്നാൽ അപ്പോഴേക്കും രണ്ടു വാഹനങ്ങളും ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചിരുന്നു. അപകടത്തിൽ ബസ് ഡ്രൈവർ പ്രകാശൻ, കണ്ടക്ടര്‍ സജീവന്‍ എന്നിവരടക്കം 11 പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരെയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – മാതൃഭൂമി, കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.