ഇത് എൻ്റെ ഹോം ഡിപ്പോ ആണ്. എന്നു പറഞ്ഞാൽ എൻ്റെ സ്വന്തം വീടിനു തുല്യം

സർക്കാർ ജീവനക്കാർ അലസന്മാരും മടിയന്മാരുമാണെന്നു പറഞ്ഞു നടക്കുന്ന ഒരുകൂട്ടം ആളുകളോട്… നിങ്ങൾ കരുതുന്നപോലെ എല്ലാ സർക്കാർ ജീവനക്കാരും മടിയന്മാരും അലസരും അല്ലെന്നോർക്കുക. അതിനൊരുദാഹരണമായി കഴിഞ്ഞയിടെ നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടാം. താൻ ജോലി ചെയ്യുന്ന ഡിപ്പോയിൽ ഒരു വാട്ടർ ടാങ്കിലേക്കുള്ള പൈപ്പിന് പ്രശ്നം വരികയും കുടിവെള്ളം മുട്ടുന്ന സാഹചര്യമുണ്ടാകുകയും വന്നപ്പോൾ , തൻ്റെ ഉത്തരവാദിത്തം അല്ലാതിരുന്നിട്ടുകൂടിഅത് പരിഹരിക്കാൻ തയ്യാറായ കെഎസ്ആർടിസി ഡ്രൈവറുടെ കഥ…

ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് കുട്ടൻ്റെ അനുഭവക്കുറിപ്പ് ഇങ്ങനെ… “ഇന്ന് (06-10-2020) ഡ്യൂട്ടി ഉണ്ടായിരുന്നില്ല. സ്റ്റാൻഡ് ബൈ ഒപ്പിടാൻ ചെന്നു. അപ്പോഴാണ് ഒരു സംസാരം ഉണ്ടായത് ശ്രദ്ധിച്ചത്. പഴയ കെട്ടിടത്തിലേക്ക് ആവശ്യമുള്ള വെള്ളം ശേഖരിക്കുന്ന ടാങ്കിലേക്ക് പോകുന്ന പൈപ്പ് ലീക്ക്. DTO സർ പരിശോധിക്കാൻ പോയവഴി ഞാനും ചെന്നു. ഞാൻ പറഞ്ഞു. “ഞാൻ കയറി നോക്കാം.” സർ സമ്മതിച്ചു. മുകളിൽ ചെന്ന് നോക്കിയപ്പോൾ ഒന്നും കാണുന്നില്ല.

മോട്ടോർ ഓൺ ചെയ്തപ്പോൾ കുരവപ്പൂ ചിതറും പോലെ വെള്ളം തെറിക്കുന്നു. കാലഹരണപ്പെട്ട പൈപ്പ്, ദുർബലമായ ഭാഗം പൊട്ടിയതാണ്. ഏതാണ്ട് 5 മീറ്റർ ആ പൈപ്പ് മാറണം. ഇതിനിടയിൽ താഴെ കടയിൽ ഉള്ള ഒരാൾ (മിക്കവാറും അദ്ദേഹമാണ് ഇതുപോലുള്ള ലീക്ക് മാറ്റുന്നത്.പേര് അറിയില്ല) കയറിവന്നു. പൊട്ടിയ ഭാഗത്ത് ഒരു റബർ സ്റ്റിക്കർ ഒട്ടിച്ച് വച്ചു. എന്നിട്ടും വെള്ളം ലീക്ക് ആകുന്നു.

താഴെ വന്നു. ഞാൻ സാറിനോട് കാര്യം പറഞ്ഞു. 5 മീറ്റർ പൈപ്പും അതിന്റെ അനുബന്ധ സാധങ്ങളും വാങ്ങണം. സർ എന്നോട് ചോദിച്ചു. “വാങ്ങാമോ? ബിൽ തന്നൽ മതി. കാശ് അപ്പൊൾ തന്നെ തരും. (അത് ഒരു പ്രോസീജർ ആണ്. ബിൽ രേഖകളിൽ ആവശ്യമാണ്). ഒകെ ഞാൻ സമ്മതിച്ചു. അടുത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങി. 5 മീറ്റർ പൈപ്പ്, 2 കപ്ലിങ്, 1 എൽബോ, അക്സോ ബ്ളേഡ്, സോൾവെന്‍റെ, അൽപം കോട്ടൺ വെസ്റ്റ്.

ഇതെല്ലാം കെട്ടിടത്തിന്റെ മുകളിൽ കൊണ്ട് വച്ചു. ആരെയും കൂടെ കൂട്ടാൻ തോന്നിയില്ല. അതിന് പലകാരണങ്ങൾ ഉണ്ട്. വർഷങ്ങൾക്ക് മുന്നേ ഒരു പ്രൈവറ്റ് ഡ്രൈവറായി ജോലി ചെയ്തപ്പോൾ അവിടുത്തെ മൂത്ത മകൻ ജൈലാനി ഇക്ക (ജലാലുദ്ദീൻ മൗലവി) ഇതുപോലുള്ള കാര്യങ്ങള് ചെയ്യുന്നത് കണ്ടിട്ടുണ്ട്, കൂടെ സഹായിച്ചിട്ടുണ്ട്, ചെയ്തിട്ടുണ്ട്. ആ ഒരു പരിചയം, പിന്നെ ഒരു വിശ്വാസം അതായിരുന്നു ഇത് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.

നല്ല വെയിൽ.. പഴയ പൈപ്പ് പോകുന്നത് പഴയ ടാങ്കിന്റെ ഭിത്തി കിഴിച്ച് അതിലൂടെ ആയിരുന്നു. അവിടെ ഒരു ആലിന്റെ തൈ കിളിച്ച് വരുന്നുണ്ടായിരുന്നു. ഗാന്ധി ജയന്തി ദിവസം അത് വെട്ടി കളഞ്ഞിരുന്നു പക്ഷേ അത് മുഴുവൻ കളയാതെ പൈപ്പ് ഇടുക ബുദ്ധിമുട്ടാണ്. ഇടണമെങ്കിൽ 4 ഏൽബോ വേണം, കൂടാതെ വേറെ പൈപ്പും വേണ്ടി വരും. ഇതെല്ലാം ചെയ്താൽ ആ ഭാഗം ബെലം കുറയും. വെള്ളത്തിന്റെ സരളമായ പോക്കിനെ ബാധിക്കും. വേറെ ഒന്നും ചെയ്യാനില്ല ആകെയുള്ള കടമ്പ അത് മാത്രം.

വെട്ടി ശേറിയാക്കാൻ ഒരു കൈ തൂമ്പാ കിട്ടി. വെട്ടികൊണ്ടിരുന്നപ്പോൾ അതിന്റെ വെൽഡിംഗ് വിട്ടുപോയി. താഴെ ഗാരേജിൽ പോയി അത് ശെരിയാക്കി കയറിവന്ന് പണി തുടർന്നു. ഏതാണ്ട് ഒരു മണിക്കൂർ.. എല്ലാം ഒക്കെ. വെള്ളം ടാങ്കിൽ വീഴുന്നു. പൈപ്പിൽ ലീക്ക് ഒന്നുമില്ല. എല്ലാം ഭംഗിയായി. ഇത് എന്റെ ഹോം ഡിപ്പോ ആണ്. എന്ന് പറഞ്ഞാല് എന്റെ വീട്..”