ലേഡീസ് സീറ്റിലിരുന്ന് സുഖയാത്ര – കെഎസ്ആർടിസി ജീവനക്കാരൻ്റെ അഹങ്കാരം തീർത്തത് ഇങ്ങനെ..

കെഎസ്ആർടിസിയ്ക്ക് പാരയാകുന്നത് അതിലെ ചില ജീവനക്കാരും യൂണിയൻകാരും ആണെന്ന ധാരണയെ ശരിവെക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ബിൻസു കൊക്കാത്തോട് എന്ന യാത്രക്കാരൻ ഇതു കാണിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ച ഒരു അനുഭവക്കുറിപ്പ് വായിക്കാം.

“പെരുമ്പാവൂരിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച അതായത് 23/02/2019 ൽ കാലത്ത് ഞാൻ പത്തനംതിട്ടയിലേക്ക് യാത്ര ആരംഭിച്ചു.. തിരക്ക് തീരെയില്ല. പാതിയിലേറെ സീറ്റുകൾ “വാടാ… ഇരിയെടാ… ഉറങ്ങെടാ” എന്ന് ഗവി ബസിലെ സലീംകുമാറിനേപ്പോലെ വിളിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് അതേ അവസ്ഥയിൽ കോട്ടയം ആനത്താവളത്തിൽ എത്തുമ്പോൾ മുതലാണ് ബസിൽ ചെറിയ പ്രശ്നങ്ങൾ നാമ്പിട്ട് തുടങ്ങിയത്.

കോട്ടയത്ത് എത്തിയ ബസിലേക്ക് കുറേയധികം യാത്രികർ ഒരുമിച്ചു കയറി. പിന്നിലെ കാലി സീറ്റുകൾ വെറുതേ കിടന്നിട്ടും രണ്ട് ചേട്ടൻമാർ ലേഡീസ് സീറ്റിൽ പതിയെ അമർന്നിരുന്നു. അതിലൊരു ചേട്ടൻ ഭാര്യയും രണ്ട് കുട്ടികളോടും ഒപ്പമാണ് ലേഡീസ് സീറ്റിൽ ഇരിപ്പുറപ്പിച്ചത്. തിരക്കില്ലാത്ത ബസിൽ ഒരു പുരുഷൻ അവിടെ ഇരിക്കുന്നതിൽ എന്താ തെറ്റ്. ഒന്നുമില്ല. ബസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിയപ്പോൾ കുറേയധികം യാത്രികർ ബസിൽ കയറി. സീറ്റ് ഫുൾ ആയി എന്ന് മാത്രമല്ല, നിൽക്കാനായി ആറേഴ് പ്രായമായ സ്ത്രീജനങ്ങളുമായി ബസ് നിറഞ്ഞു കവിഞ്ഞു. ഡബിൾ ബെൽ കേട്ട് കൊമ്പൻ റോഡിലേക്ക് പതിയെ നീങ്ങി.

ഇനിയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സ്ത്രീജനങ്ങൾ നിൽക്കുന്നത് കണ്ട കണ്ടക്ടർ ലേഡീസ് സീറ്റിലെ പുരുഷൻമാരോട് എഴുന്നേറ്റ് കൊടുക്കുവാൻ ആവശ്യപ്പെട്ടു. അതയാളുടെ കടമയുമാണല്ലോ.. മുന്നിലിരുന്ന ഒരു യാത്രക്കാരൻ എഴുന്നേറ്റ് പിന്നിലേക്ക് വന്ന് നിന്നു. കുടുംബത്തോടൊപ്പം കയറിയ മാന്യൻ ഇതൊന്നും എന്നോടല്ലെന്ന മട്ടിൽ ലേഡീസ് സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു. ആളുകൾക്കിടയിലൂടെ നൂണ്ട് ടിക്കറ്റ് എടുത്ത് കണ്ടക്ടർ ചേട്ടൻ ടി. മാന്യദ്ദേഹത്തിനടുത്തെത്തി ടിക്കറ്റ് എടുക്കാൻ വന്നു.

ഇനിയുള്ള കാര്യങ്ങൾ സംഭാഷണ ശൈലിയിൽ എഴുതിയിടാം… കണ്ടക്ടർ: “ചേട്ടാ ടിക്കറ്റ്..” യാത്രക്കാരൻ: “പാസാണ്..” കണ്ടക്ടർ പാസ് വാങ്ങി നോക്കി.. “ജീവനക്കാരൻ ആണല്ലേ” “അതേ” തെല്ല് അഹങ്കാരത്തോടെയുള്ള മറുപടി. “ജീവനക്കാരൻ മറ്റുള്ളവർക്ക് മാതൃകയാകേണ്ട ആളാണ്. എന്നിട്ടാണോ ചേട്ടൻ ലേഡീസ് സീറ്റിൽ ഇരിക്കുന്നത്. ഞാൻ എത്ര തവണ പറഞ്ഞതാണ്. ഇതൊന്നും ശരിയല്ല കേട്ടോ.” “ശരിയും തെറ്റും താനെന്നെ പഠിപ്പിക്കണ്ട. ജീവനക്കാർക്ക് ബസിൽ ഇരുന്ന് യാത്ര ചെയ്യാൻ അവകാശമുണ്ട്.” “ചേട്ടൻ ഇരുന്ന് യാത്ര ചെയ്തോളൂ, ലേഡീസ് സീറ്റിൽ വേണ്ടെന്നാണ് പറഞ്ഞത്.” “ഞങ്ങൾക്ക് എവിടെ വേണേലും ഇരുന്ന് യാത്ര ചെയ്യാമെന്ന് ഉത്തരവുണ്ട്, താനെന്താന്ന് വെച്ചാ ചെയ്.” “അതെന്ത് ഉത്തരവാണ്, എനിക്കറിയില്ലല്ലോ.” “ചേട്ടൻ യൂണിയൻ ഓഫീസിൽ പോയി ചോദിച്ച് നോക്ക്.” “എന്തിനാ യൂണിയൻ ഓഫീസിൽ പോകുന്നേ, ചങ്ങനാശേരി സ്റ്റാന്റിൽ എത്തട്ടേ, സ്റ്റേഷൻ മാസ്റ്ററോട് ചോദിക്കാലോ നമുക്ക്.” “ഓ ആയിക്കോട്ടേ”… സംഭാഷണം അവിടെ തീർന്നു.

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന യാത്രികരും പൊട്ടിയ കുരു തപ്പി പിടിച്ച് ചങ്ങനാശേരി വരെ ഇരുന്നു. ഇതിനിടയിൽ മുമ്പിൽ നിന്നും സീറ്റൊഴിഞ്ഞ് കൊടുത്ത ചേട്ടന് ഈ എഴുത്തുകാരന് അടുത്ത് സീറ്റ് കിട്ടുകയും ചെയ്തു. ബസ് ചങ്ങനാശേരിയിൽ എത്തി. കണ്ടക്ടർ വെളിയിൽ പോയി സ്റ്റേഷൻ മാസ്റ്ററും സെക്യൂരിറ്റിയുമായി ബസിലെത്തി. ജീവനക്കാരൻ എന്ന് പറഞ്ഞ ചേട്ടൻ മസിലുപിടുത്തം തുടർന്നതോടെ യാത്രക്കാർ ഇടപെട്ടു. സാധാരണക്കാരനില്ലാത്ത എന്ത് സ്പെഷ്യൽ അവകാശമാണ് ജീവനക്കാരനെന്ന ചോദ്യം വന്നു. ആളുടെ പാസ് ചോദിച്ചപ്പോഴേക്കും ടിയാൻ നമ്പർ മാറ്റി അപേക്ഷിക്കൽ തുടങ്ങി. കുഞ്ഞിന് ഛർദ്ദിലാണത്രേ…അതോണ്ടാണത്രേ. കള്ളമാണേലും ഇത് ആദ്യമേ പറഞ്ഞിരുന്നേൽ യാത്രക്കാരുടെ പ്രഷർ കൂടില്ലാരുന്നു.

എന്തായാലും ടിയാനെ യാത്രക്കാരുടെ പ്രതിക്ഷേധത്തെ തുടർന്ന് ബസിൽ നിന്നും ഇറക്കിക്കൊണ്ട് പോയി. ബാക്കി കഥ അറിയില്ല. ചോദ്യങ്ങൾ ഇതാണ്:- ജീവനക്കാർക്ക് മാത്രമായി ഒരു നിയമം ഉണ്ടോ?? യൂണിയൻ അംഗമാണെന്ന് കരുതി എന്തുമാകാമോ??? ഇവരേപ്പോലുള്ള വളരെ ചെറിയൊരു ശതമാനമാണ് ആനവണ്ടിയുടെ ശാപം. നല്ല രീതിയിൽ നീതി നടപ്പാക്കിയ കണ്ടക്ടർക്കും ചങ്ങനാശേരി സ്റ്റേഷൻ മാസ്റ്റർക്കും മറ്റുദ്യോഗസ്ഥർക്കും സല്യൂട്ട്…..”