ഗുരുവായൂർ ഡിപ്പോയിൽ രാത്രി എത്തിപ്പെട്ട യാത്രക്കാരൻ്റെ അനുഭവം…

അനുഭവക്കുറിപ്പ് – അജിത് നീലാഞ്ജനം.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട്ടേയ്ക്ക് പോകാൻ തീരുമാനിച്ചത്. അന്ന് വൈകിട്ട് പറവൂർ മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്റെ ചർച്ചയ്ക്ക ക്ഷണിയ്ക്കപ്പെട്ടതിന്റെ പേരിൽ യാത്ര വൈകുമെന്നുറപ്പായി. വെള്ളിയാഴ്ചതന്നെ ഗുരുവായൂർ കെ എസ് ആർ ടി സി യിൽ വിളിച്ചു വൈകിട്ട് എത്ര മണിവരെ കോഴിക്കോട് ബസ്സുകൾ ഉണ്ടെന്നു അന്വേഷിക്കപ്പോൾ രാത്രി പതിനൊന്നു മണി വരെ ധാരാളം ബസ്സുകൾ ഉണ്ടെന്ന സ്വാഗതാർഹമായ മറുപടി കിട്ടി .

പറവൂരിലെ പരിപാടി കഴിഞ്ഞു കൊടുങ്ങല്ലൂർ ചെന്നപ്പോൾ പെട്ട് പോയി. അന്ന് നാലാം താലപ്പൊലിയാണ്. ബസ്സുകൾ പലതും വഴിമാറിപ്പോകുന്നു. കുറെ കാത്ത് നിന്ന് ഒരു ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ്പിൽ ഇടം കിട്ടി. എട്ടേ മുക്കാലിന് ഗുരുവായൂരിൽ ബസ്സിറങ്ങി കെ എസ് ആർ ടി സി യിലേക്ക് നടക്കുമ്പോൾ ഒരു സ്ത്രീയെ കൂട്ട് കിട്ടി. കോഴിക്കോട് സ്‌കൂൾ ടീച്ചറാണ്. അത്യാവശ്യ കാര്യത്തിനു സ്വന്തം നാടായ കൊടുങ്ങല്ലൂര് വന്നു മടങ്ങുന്നു.

ഗുരുവായൂർ സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉള്ള ആളോട് ടീച്ചർ തിരക്കിയപ്പോൾ ഒൻപതേ മുക്കാലിന് ഒരു വണ്ടിയുണ്ടെന്നറിഞ്ഞു. പത്തുമണിയായിട്ടും വണ്ടി വന്നില്ല. ഒന്ന് രണ്ടു പാലക്കാട് വണ്ടി വന്നു പോയി. നൂറോളം ആളുകൾ സ്റ്റാൻഡിൽ ഉണ്ട്. ഏറിയ പങ്കും കോഴിക്കോട് വണ്ടി കാത്ത് നിൽക്കുന്നു. പത്തേകാലായപ്പോൾ ഞാൻ ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥന്റെ അരികിൽ ചെന്ന് ബസ്സിന്റെ വിവരം അന്വേഷിച്ചപ്പോൾ, “ഒരു വിവരവുമില്ല. പറവൂർ ഡിപ്പോയിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല” എന്നായിരുന്നു മറുപടി .

തികച്ചും സൗമ്യനായ അദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് ലുങ്കി ധരിച്ച് കൂടെയിരിക്കുന്ന സഹപ്രവർത്തകനോട് ആവേശ പൂർവ്വം ഒരു കഥ പറഞ്ഞ് തീർക്കുന്ന തിരക്കിലായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് തന്നെ മൊബൈൽ എടുത്ത് പറവൂർ ഡിപ്പോയിൽ വിളിച്ചപ്പോൾ അപ്പുറത്ത് ഫോൺ എടുത്തു. കൊന്നക്കാട് വണ്ടി 8 .30 നു പറവൂർ നിന്ന് വിട്ടുവെന്നറിഞ്ഞു. കൊടുങ്ങല്ലൂരിൽ ബ്ലോക്ക് ആണെങ്കിൽ തന്നെ പത്തര ആകുമ്പോൾ വണ്ടി എത്തേണ്ടതാണ്.

പത്തര ആയിട്ടും വണ്ടി കണ്ടില്ല. ഞാൻ വീണ്ടും ആ ഉദ്യോഗസ്ഥനെ തേടി ചെന്നു. ആ ഡ്രൈവറുമായോ കണ്ടക്ടറുമായോ ബന്ധപ്പെടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ “അത്തരം സംവിധാനങ്ങൾ ഒന്നുമില്ല. മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട ബസ്സാണ്. അവരുമായി ബന്ധപ്പെട്ടാൽ മാത്രമേ അത് ലഭിക്കൂ” എന്ന മറുപടിയിൽ അത്തരം ബന്ധപ്പെടല് പ്രായോഗികം അല്ല എന്നൊരു ധ്വനി ഉണ്ടായിരുന്നു .

ഇതോടെ എനിക്ക് അല്പം ശബ്ദമുയർത്തേണ്ടി വന്നു. എവിടെ നിന്നെന്നറിയില്ല സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും എന്റെ ശബ്ദം കേട്ട് അവിടെയെത്തി. “കമ്മ്യൂണിക്കേഷൻ ഇത്രയും സുഗമമായ കാലത്തല്ലേ സാർ നമ്മളൊക്കെ ജീവിക്കുന്നത്? ഓരോ ഡിപ്പോയിലും ലോങ്ങ് ട്രിപ്പ് വണ്ടികൾ വരുമ്പോൾ ഡ്രൈവറുടെയോ കണ്ടക്ടറുടെയോ മൊബൈൽ നമ്പർ വാങ്ങി വെയ്ക്കുന്നതല്ലേ നല്ലത്? വണ്ടി ചെന്നെത്തേണ്ട സ്റ്റേഷനിൽ ഉള്ളവർക്ക് അത് ഉപകരിക്കില്ലേ? വണ്ടി ബ്രേക്ക് ഡൌൺ ആയി വഴിയിൽ കിടക്കുകയാണോ എന്നെങ്ങനെ അറിയാം? വിവരം അറിഞ്ഞാൽ ഈ കാത്തു നിൽക്കുന്നവർക്ക് ഇനി വരുന്ന വണ്ടിക്കു തൃശൂർ വഴിക്കെങ്കിലും യാത്ര ചെയ്യാം.”

ബസ് വരുന്ന ഡിപ്പോയിലെ നമ്പർ ഗൂഗിളിൽ നിന്നെടുത്ത് വിളിക്കാൻ തുടങ്ങുമ്പോൾ ബസ്സ്‌ സ്റ്റാൻഡിലേക്ക് ഇരമ്പിക്കയറി. കാലം മാറിയിട്ടും പാരമ്പര്യ മൂല്യങ്ങൾ വെച്ച് പുലർത്തുന്ന അപൂർവ്വം സർക്കാർ വകുപ്പുകളിൽ ഒന്നാണ് കെ എസ് ആർ ടി സി എന്നും ഞാനൊരു സാധാരണ പൗരനാണെന്നും ഒരു നിമിഷം ഞാനങ്ങു മറന്നു സാറേ. മാപ്പാക്കണം.