കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചിട്ട് ഡ്രൈവറുടെ മര്യാദയില്ലാത്ത പെരുമാറ്റം – കേസ്സ്..

വാഹനങ്ങളായാൽ അപകടങ്ങളുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ അപകടമുണ്ടാക്കിയിട്ട് ഒട്ടും മര്യാദയില്ലാതെ പെരുമാറിയാലോ? പൊതുവെ കെഎസ്ആർടിസി ബസ്സുകൾ അപകടമുണ്ടാക്കിയാൽ അപകടത്തിനിരയായവരുടെ കാര്യം ‘ഗോവിന്ദ’ എന്നാണു പറയാറുള്ളത്. സർക്കാർ ബസ്സും സർക്കാർ ജീവനക്കാരും.. അത് തന്നെയാണ് ഇങ്ങനെ പറയുവാൻ കാരണം. ഈ ചൊല്ല് കുറച്ചെങ്കിലും സത്യമാണെന്നു വ്യക്തമാക്കുന്ന ഒരു സംഭവത്തെക്കുറിച്ച് അതിനിരയായ വ്യക്തി തന്നെ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. കോഴിക്കോട് സ്വദേശിയും മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്നയാളുമായ രാഗേഷ് ജി നാഥ്‌ എന്ന വ്യക്തിയാണ് ഇത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവം പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

14/02/2019 രാത്രി ഏകദേശം ഏഴര സമയത്ത് എറണാകുളം ഹൈകോർട്ടിനടുത്തുള്ള ജങ്ഷനിൽ വെച്ച് ഫ്രീ ലെഫ്റ്റ് എടുത്തു പോകുകയായിരുന്ന എന്റെ കാറിനെ ഒരു കെഎസ്ആർടിസി ബസ് ഇടിച്ചു കേറ്റി നല്ല രീതിയിലുള്ള കേടുപാടുകൾ വരുത്തി തന്നിരുന്നു. എറണാകുളം ജെട്ടി – ഗുരുവായൂർ റൂട്ടിലോടുന്ന RNA 615 (KL15 8867) എന്ന ബസ്സാണ് ഡ്രൈവറുടെ അശ്രദ്ധ മൂലം ഇത്തരത്തിൽ അപകടമുണ്ടാക്കിയത്. സ്പോട്ടിൽ തന്നെ ഞാൻ പോലീസിനെ വിളിച്ചു. അവിടെ വെച്ച് തന്നെ കേസ് ആകാനുള്ള നടപടികളും സ്വീകരിച്ചു.

പിറ്റേന്ന് രാവിലെ തന്നെ (അതായതു 15/02/2019) അപകടം നടന്നതിനടുത്തുള്ള എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തുകയും KSRTC യുടെ സ്വന്തം ഡ്രൈവർ ചേട്ടനെ വിളിപ്പിക്കുകയും നല്ലരീതിയിൽ സംസാരിച്ചു ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തു. കാറിനു ബമ്പർ ടു ബമ്പർ ഇൻഷുറൻസ് ഉള്ളതുകൊണ്ട് ക്ലെയിം ചാർജ് ആയ 2000 രൂപയും GD entry 500 രൂപയും ചേർത്ത് ഞാനും പൊലീസിലെ കുറെ നല്ല സാറന്മാരും ഡ്രൈവറോട് എനിക്ക് ആ ക്യാഷ് തന്ന് കേസ് വേണ്ടാത്ത രീതിയിൽ ഒത്തു തീർപ്പാക്കാൻ പറയുകയുണ്ടായി.

എന്നാൽ വളരെ അധികം ‘മാന്യനായ’ ഡ്രൈവർ ചേട്ടൻ എനിക്ക് 500 രൂപ തരാമെന്നും വൈറ്റ് പേപ്പറിൽ ഒപ്പിട്ടു തരണമെന്നും പറഞ്ഞു പോലീസ് സാറന്മാരോട് അടക്കം മൊട കാണിക്കുകയാണുണ്ടായത്. കാറിൻറെ വലതു വശത്തെ (ഡ്രൈവർ സൈഡിലെ) രണ്ടു ഡോറും മാറ്റുന്നതടക്കം 20000 രൂപയുടെ പണി എൻ്റെ വണ്ടിക്കുണ്ട്. നമ്മൾ tax കൊടുത്തു ഗവണ്മെന്റ് നടത്തുന്ന KSRTC എന്ന വലിയൊരു ഗതാഗത മേഖലയിലെ ഇത്തരം പുകഞ്ഞ കൊള്ളികളായ ചില ഡ്രൈവേഴ്സ് കാരണം മാത്രമാണ് KSRTC നഷ്ടത്തിലോടുന്നതെന്നും, KSRTC എന്നാൽ റോഡിലൂടെ പോകുന്നവരുടെ ഒക്കെ നെഞ്ചത്തോട്ടു കേറാനുള്ളതാനെന്നതാണു ഇവരെപ്പോലുള്ളവരുടെ ധാരണ എന്ന് നമുക്കെല്ലാവർക്കും തോന്നിയിട്ടുള്ളതാണ്. പലപ്പോളും ഞാനടക്കം ഇവിടെ പലർക്കും ലൈഫിൽ ഒരുപാടു എക്സ്പീരിയൻസും ഉണ്ടാകും. കേസിനു പോയാൽ സർക്കാരിന്റെയോ കെഎസ്ആർടിസിയുടെയോ ഭാഗത്തു നിന്നും ഒരു ഗുണവും ഉണ്ടാവില്ലന്നാണ് പലരുടെയും അഭിപ്രായവും ഉറപ്പും.

എന്നാലും ഇതുപോലുള്ള ഡ്രൈവർമാർക്ക് ചെറിയൊരു താക്കീതു ഇത് മുഖന്തരം കിട്ടുമെങ്കിൽ അതിനു വേണ്ടിയിട്ടെങ്കിലും ഞാൻ എന്റെ കഷ്ടനഷ്ടങ്ങൾ കേസ് ആക്കാൻ തീരുമാനിക്കുകയും ഉയർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്റെ ഈ ഒരു കുറിപ്പ് റോഡിൽ വണ്ടിയോടിക്കുമ്പോൾ KSRTC ഡ്രൈവറുടെ അഹങ്കാരം കണ്ടവരുണ്ടെങ്കിൽ ദയവു ചെയ്തു ഷെയർ ചെയ്യുകയും ഈ ഒറ്റയാൾ പോരാട്ടത്തിൽ എന്നോടൊപ്പം നിന്ന് നമ്മുടെ സർക്കാരിന്റെ വിലയേറിയ സമയവും പണവും നഷ്ടപ്പെടുത്തുന്ന ഇവരെപ്പോലുള്ളവർക്ക് തക്കതായ ശിക്ഷ കൊടുക്കുന്നത് വരെ സഹായിക്കണമെന്നും ആഗ്രഹിക്കുന്നു. ഇന്ന് ഞാൻ നാളെ നീ.. ബന്ധപ്പെട്ട അധികാരികളിൽ എത്താൻ എല്ലാവരും ഒന്ന് സഹകരിക്കണം.”