മംഗലാപുരത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ച് കെഎസ്ആർടിസി

മംഗലാപുരത്ത് നിന്നുമുളള മലയാളികളായ വിദ്യാർഥികളിൽ താല്പര്യമുള്ളവർക്ക് കേരളത്തിലേക്ക് എത്തുന്നതിന് പോലീസ് സംരക്ഷണത്തിൽ അഞ്ച് കെ.എസ്.ആർ.ടി.സി ബസ്സുകൾ ഏർപ്പെടുത്തി. ബസ്സുകൾ ഉച്ചയ്ക്ക് മൂന്നരക്ക് ശേഷം മംഗലാപുരം പമ്പ് വെൽ എന്ന സ്ഥലത്തുനിന്നും പുറപ്പെട്ടു.വിദ്യാർത്ഥികളെ എത്തിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വിവിധ ഇടങ്ങളില്‍ നിന്നും ബസ്സുകളില്‍ നാട്ടിലേക്ക് പോകുവാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നു.

15.30 മണി മുതൽ 18 മണി വരെ മംഗലാപുരത്ത് കര്‍ഫ്യൂ തൽക്കാലം ഇളവ് ചെയ്യുന്നതാണെന്നും ഈ സമയം അത്യാവശ്യമുള്ളവർക്ക് കേരളത്തിലേക്ക് പോകാം എന്നും കർണ്ണാടക പേലീസ് അറിയിച്ചതനുസരിച്ച് ബഹു: കാസർഗോഡ് ജില്ലാ കലക്ടർ 5 KSRTC ബസ്സുകൾ മംഗലാപുരത്തേക്ക് അയക്കണമെന്ന് KSRTC കാസര്‍കോട് ഡിപ്പോയിൽ അറിയിച്ചിരുന്നു. ഇതനുസരിച്ച് 5 ബസ്സുകൾ മംഗലാപുരത്തേക്ക് പോലീസ് എസ്കോർട്ടോടെ പോകാൻ ഉള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ഈ 5 ബസ്സുകളും മംഗലാപുരം പമ്പ് വെൽ കേന്ദ്രീകരിച്ച് പോലീസ് നിർദ്ദേശമനുസരിച്ചാണ് മടക്കയാത്ര നടത്തിയത്.

കേരളാ ഗവണ്‍മെന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്രകാരം ഒരു നടപടി ഉണ്ടായത്. സാമൂഹിക പ്രതിബദ്ധതയിലൂന്നി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആദ്യമായിട്ടല്ല കെ.എസ്സ്.ആര്‍.ടി.സിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ചെന്നൈ വെളളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അകപ്പെട്ടുപോയ മലയാളികളെ നാട്ടിലെത്തുക്കുവാനും കെ.എസ്സ്.ആര്‍.ടി.സി സര്‍വ്വീസ് ഇല്ലാത്ത ചെന്നൈയിലേക്ക് ബസ്സുകള്‍ അയച്ചിരുന്നു. സൗജന്യമായുളള ഈ സേവന സന്നദ്ധത നാട്ടില്‍ പ്രളയമുണ്ടായ സമയത്തുമെല്ലാം നാം കണ്ടിട്ടുളളതാണ്.

മംഗലാപുരത്തു നിന്നും കെഎസ്ആർടിസി അയച്ച ബസ്സിൽ കയറി കാസർക്കോടെത്തിയ വിദ്യാർഥികളെ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇനിയും വിദ്യാർഥികൾ എത്താനുണ്ടെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവരെ സുരക്ഷിതരായി കേരളത്തിലെത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാലായിരുന്നു വിദ്യാര്‍ഥികള്‍ അവിടെ കുടുങ്ങിപ്പോയത്. മംഗലാപുരത്ത് ഹോസ്റ്റലുകളില്‍ അടക്കം കുടുങ്ങിപ്പോയ പരമാവധി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ബസുകള്‍ അയച്ചത്‌. ഇന്റർനെറ്റ്‌ സൗകര്യമില്ലാതെയും, എടിഎമ്മിൽ നിന്ന്‌ പണം പിൻവലിക്കാനാകാതെയും ശരിക്കും പെട്ടുപോയ വിദ്യാർഥികൾക്കാണ്‌ സർക്കാരിന്റെ ഇടപെടലിൽ ആനവണ്ടിയുടെ സഹായത്തോടെ നാട്ടിലെത്താനായത്‌.

മംഗലാപുരത്തു നിന്നും കാസർഗോഡ് എത്തിച്ചേർന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ മധുരം നൽകി സ്വീകരിക്കുവാൻ കേരള റവന്യൂ മന്ത്രി അടക്കമുള്ളവർ കാത്തു നിന്നത് ഏറെ പ്രശംസനീയമായ കാര്യമായിരുന്നു. നമ്മൾ ഇങ്ങനാണ് ഭായി. നമ്മുടെ കേരളം എത്ര സുന്ദരം..

ഹർത്താൽ ആയാലും പ്രളയം ആയാലും മലയാളിക്ക് ഒരു സഹായം ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി വിളിപ്പുറത്തുണ്ട്. വിശ്വസിക്കാം ഏതാപത്തിലും കൂടെയുണ്ടാകും. ഹർത്താലിലും പ്രളയത്തിലും കടുത്ത വേനലിലും കോരിച്ചൊരിയുന്ന പേമാരിയിലും രാവും പകലും ഒക്കെ… കെഎസ്ആർടിസി എപ്പോഴും എന്നും ജനങ്ങൾക്കൊപ്പം.