കെഎസ്ആർടിസി ബസ്സിൽ തനിക്കു നേരിട്ട ദുരനുഭവം പറഞ്ഞ്‌ യുവതിയുടെ പോസ്റ്റ്…

രാത്രിയിൽ ഒറ്റയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയ്ക്ക് ഒരു ആങ്ങളയുടെ കരുതലോടെ കാവൽ ഇരുന്ന ചരിത്രമുണ്ട് നമ്മുടെ കെഎസ്ആർടിസിയ്ക്ക്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ചില ജീവനക്കാർ ഈ സൽപ്പേര് കളഞ്ഞു കുളിച്ചു. രാത്രി 9.45 നു, നല്ല ഇടിയും മഴയുമുള്ള സമയത്ത് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയെ സ്റ്റോപ്പ് ഇല്ലെന്ന കാരണത്താൽ 15 മിനിറ്റിലധികം നടക്കാൻ ദൂരമുള്ള അടുത്ത സ്റ്റോപ്പിൽ ഇറക്കിവിട്ടാണ് ‘കർത്തവ്യ ബോധവാനായ’ ഡ്രൈവർ ചേട്ടൻ തൻ്റെ ജോലിയോടുള്ള ആത്മാർത്ഥത പ്രകടിപ്പിച്ചത്.

കൊല്ലം സ്വദേശിനിയും തിരുവനന്തപുരം ടെക്‌നോപാർക്ക് ജീവനക്കാരിയുമായ ഡാലിയ ജോണിനാണ് ഈ ദുരനുഭവമുണ്ടായത്. സംഭവത്തെകുറിച്ച് വിശദമായി യാത്രക്കാരി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു, ഒന്നു വായിക്കാം.

“ഞാൻ തിരുവനന്തപുരം ടെക്നോപാർക്കിൽ ആണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച (24 മെയ് 2019) നാട്ടിൽ(കൊല്ലം കുണ്ടറയിൽ നെടുമ്പായിക്കുളം) പോകാൻ ടെക്നോപാർക്കിൽ നിന്നും കൊട്ടാരക്കരയിൽ ബസ് ഡിപ്പോയിൽ രാത്രി 9 മണിയായപ്പോൾ എത്തി. അവിടുന്ന് നെടുമ്പായിക്കുളത്തേക്ക് പോകാൻ 9:15 PM നു ഉള്ള കൊട്ടാരക്കര – കൊല്ലം KSRTC ബസിൽ (RPC 27) കയറി.

നെടുമ്പായിക്കുളത്തേക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ അത് കഴിഞ്ഞുള്ള കുണ്ടറ മെയിൻ സ്റ്റോപ്പിലേക്ക് ടിക്കറ്റ് തന്നു. 9:45 PM ആയപ്പോൾ ഡ്രൈവർ പറഞ്ഞു “നെടുമ്പായിക്കുളത്തു സ്റ്റോപ്പ് ഇല്ല അതിനു മുൻപുള്ള ചീരങ്കാവിൽ ഇറങ്ങണം, അല്ലെങ്കിൽ കുണ്ടറയിൽ ഇറങ്ങണം” എന്ന്. കണ്ടക്ടർനോട് ചോദിച്ചപ്പോൾ വീണ്ടും ഡ്രൈവർനോട് ചോദിക്കാൻ പറഞ്ഞു. രാത്രി ഒൻപതേ മുക്കാൽ സമയവും, നല്ല ഇരുട്ടും, കനത്ത ഇടിയും മഴയും, ഞാൻ ഒറ്റയ്ക്കും ആയിരുന്നു.

ചീരങ്കാവിൽ നിന്ന് നെടുമ്പായിക്കുളം സ്റ്റോപ്പിലേക്ക് നടന്നു പോകാൻ ഏകദേശം 15 മിനിറ്റിൽ അധികം എടുക്കും. പപ്പയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ല എന്നും ഡ്രൈവറോട് ആവർത്തിച്ചു പറഞ്ഞിട്ടും ഡ്രൈവർ കേട്ടില്ല. ചീരങ്കാവിൽ നിർത്തിയിട്ടു ഇറങ്ങി പോകാൻ പറഞ്ഞു. KSRTC യിൽ നിന്നും ജീവിതത്തിൽ ഏറ്റവും മോശം അനുഭവം ആയിരുന്നു അന്ന്.

അടുത്ത ദിവസം കൊട്ടാരക്കര KSRTC ഡിപ്പോയിൽ പോയി കംപ്ലയിന്റ് കൊടുത്തു. ഇന്നലെ അവിടെ വിളിച്ചു അന്വേഷിച്ചിട്ടും അവർ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എന്നെ പോലുള്ളവർക്ക് ഇനിയും ഇങ്ങനെ അനുഭവം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.”

രാത്രി സമയങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെട്ടാൽ ബസ് നിർത്തിക്കൊടുക്കണമെന്നു കെഎസ്ആർടിസി അധികൃതർ തന്നെ പറയുമ്പോൾ അത് പാലിക്കാതെ, യാതൊരു മനുഷ്യത്വവും തൊട്ടു തീണ്ടാതെ വളരെ ചുരുക്കം ചില ജീവനക്കാർ യാത്രക്കാരായ വനിതകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ സംഭവത്തെ തുടർന്ന് യാത്രക്കാരിയായ ഡാലിയ കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയെങ്കിലും അത് പ്രത്യേകിച്ച് നടപടിയൊന്നും എടുക്കാത്ത അവസ്ഥയിലാണ്.

രാത്രികാലങ്ങളിൽ സ്ത്രീകൾ ഇതുപോലെ ബസ് ഒന്നു നിർത്തിക്കൊടുക്കുവാൻ റിക്വസ്റ്റ് ചെയ്യുമ്പോൾ ഡ്രൈവറും കണ്ടക്ടറും ഒന്നോർക്കുക, നിങ്ങളുടെ വീട്ടിലുമുണ്ട് സ്ത്രീകൾ, വളർന്നു വരുന്ന പെണ്മക്കൾ ചിലപ്പോൾ നിങ്ങൾക്കും ഉണ്ടാകില്ലേ? അതുകൊണ്ട് ഡ്യൂട്ടിയ്ക്കും നിബന്ധനകൾക്കും ഇടയിൽ മാനുഷിക പരിഗണന എന്നൊന്നുള്ളതിനു കൂടി പ്രാധാന്യം കൊടുക്കുക. കെഎസ്ആർടിസിയെ ഒരാങ്ങളയായി കാണുവാൻ തന്നെയാണ് നമ്മുടെ അമ്മപെങ്ങന്മാർക്ക് ആഗ്രഹം. അത് അങ്ങനെത്തന്നെ നിലനിൽക്കട്ടെ…