തിരുവനന്തപുരത്തെ കടലും മലയും കാണാം ആനവണ്ടിയിൽ

സഞ്ചാരികളുടെ പറുദീസയാണ് കേരളം – “ദൈവത്തിന്റെ സ്വന്തം നാട്.” ലോകത്തിലങ്ങോളമിങ്ങോളമുള്ള സഞ്ചാരികൾ അരക്കിട്ടുറപ്പിച്ചതാണ് വിനോദസഞ്ചാര ഭൂപടത്തിലെ കേരളത്തിന്റെ പ്രമുഖസ്ഥാനം. അതിൽ കെ.എസ്.ആർ.ടി.സി-ക്ക് എന്താണ് പങ്ക് എന്നല്ലേ സംശയം. കേരളത്തിലെ ഏകദേശമുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ചുരുങ്ങിയ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുവാൻ സഹായിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സ് സർവീസുകളുടെ വിവരങ്ങൾ നിങ്ങൾക്ക് നൽകാം.

വരുന്ന ദിവസങ്ങളിൽ കേരളത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രത്യേകകതകളും അവിടേക്ക് ലഭ്യമായ കെ എസ് ആർ ടി സി ബസ്സുകളുടെ വിവരങ്ങളും കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ് വഴി “ദി ഗ്രേറ്റ് ആനവണ്ടി എക്സ്പെഡീഷൻസ്” എന്ന പരമ്പരകളിലുടെ പബ്ലിഷ് ചെയ്യുന്നുണ്ട്.

ആദ്യമായി ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നത് കേരളത്തിൽ ഏറ്റവും അധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരമായ തിരുവനന്തപുരം ജില്ലയിലെ കോവളം ബീച്ചിനെ പറ്റിയാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരെയാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് പ്രധാന ബീച്ചുകളാണ് കോവളത്തുള്ളത്. എല്ലാ ബീച്ചുകളും കടലിൽ അപകടരഹിതമായും ആപൽരഹിതമായും നീന്തിത്തുടിക്കാൻ കഴിയുന്ന ബീച്ചുകളാണ്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ബീച്ചുകൾ സന്ദർശിക്കാൻ പറ്റിയ സമയം.

തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും റെയിൽവെസ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ (1 Km) അകലെയാണ് കിഴക്കേകോട്ട കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ്. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻഭാഗത്തായി ആണ് കിഴക്കേകോട്ട കെ എസ് ആർ ടി സി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ബസ്സുകൾ പുറപ്പെടുന്നത് ഈ സ്റ്റാൻഡിൽ നിന്നാണ്. കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്കെത്താൻ തിരുവനന്തപുരം ബസ് സ്റ്റേഷന്റെയും റെയിൽവെസ്റ്റേഷന്റെയും മുൻഭാഗത്ത് നിന്നു തന്നെ ബസ്സ് ലഭിക്കും.

കിഴക്കേകോട്ടയിലെത്തിയാൽ രാവിലെ 05.45 മുതൽ കോവളത്തേക്കുള്ള ബസ്സുകൾ ലഭ്യമാകും. തിരികെ കടൽത്തീരത്തിന്റെ ഭംഗി ആവോളം നുകർന്ന് അസ്തമയം കണ്ടു വന്നാലും തിരികെ കിഴക്കേകോട്ടയിലേക്ക് ബസ് സർവീസ് ലഭ്യമാകും. രാത്രി 09.30 വരെ എല്ലാ 15 മിനിട്ടിലും കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ലഭ്യമാണ്. കോവളത്തേക്ക് ലോ ഫ്ലോർ എ.സി. ബസ്സുകളും ലഭ്യമാണ്. കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രമാണ് കോവളത്തേക്ക് സർവീസ് നടത്തുന്നതെന്ന് പ്രത്യേകം അറിയിക്കുന്നു.

നിങ്ങളിലേക്കെത്തിക്കുന്ന അടുത്ത സ്ഥലം തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രധാന ഹിൽസ്റ്റേഷനായ പൊൻമുടിയെപ്പറ്റിയാണ്. ഒരു ജില്ലയിൽ തന്നെ വെറും 60 കിലോമീറ്റർ വ്യത്യാസത്തിൽ ഒരു ഹിൽ സ്റ്റേഷനും കടൽത്തീരവും വളരെ അപൂർവ്വമായ കാഴ്ചയാണ്. അതും തിരുവനന്തപുരം ജില്ലയുടെ സവിശേഷതയാണ്. കോവളം കണ്ടു കഴിഞ്ഞവർക്ക് പൊന്മുടിയിലേക്ക് പോകാം, കോടമഞ്ഞിന്റെ കുളിർമ്മ ആസ്വദിക്കാം.

“കേരളത്തിന്റെ കാശ്മീർ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പൊന്മുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന പൊന്മുടിയിലേക്ക് എത്തിച്ചേരുവാൻ ഏകദേശം 22 ഹെയർപിൻ വളവുകൾ താണ്ടി പോകേണ്ടതുണ്ട്. തികച്ചും ഒരു സാഹസികയാത്ര ആസ്വദിക്കാൻ മനസ്സുള്ളവർക്ക് ഉറപ്പായും മികച്ച ഒരു യാത്രയാണ് പൊന്മുടിയിലേയ്ക്കുള്ളത്. പൊന്മുടിയിലേയ്ക്ക് പോകുന്ന വഴിയിൽ തന്നെ കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടങ്ങളുടെ കുളിർമ്മ ആസ്വദിക്കുകയും ചെയ്യാവുന്നതാണ്. നവംബർ മുതൽ മാർച്ച് വരെയാണ് പൊന്മുടി സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം.

തിരുവനന്തപുരം റെയിൽവെസ്റ്റേഷനിൽ നിന്നും തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 61 കിലോമീറ്ററാണ് പൊന്മുടിയിലേയ്ക്കുള്ളത്. ട്രെയിൻ മാർഗമാണ് തിരുവനന്തപുരത്ത് എത്തുന്നതെങ്കിൽ നേരെ റോഡ് ക്രോസ്സ് ചെയ്‌താൽ തന്നെ കെ.എസ്.ആർ.ടി.സി ബസ് സ്റേഷനിലെത്താം. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് പൊന്മുടിയിലേക്കുള്ള ബസ്സുകളുടെ സമയം ക്രമീകരിച്ചിട്ടുണ്ട്. 22 ഹെയർപിൻ വളവുകൾ താണ്ടിപോകേണ്ടതിനാൽ കെ.എസ്.ആർ.ടി.സി-യുടെ കുഞ്ഞൻ വണ്ടികൾ (ഷോർട്ട് വീൽ ബേസ് ബസ്സുകൾ) ആണ് പൊന്മുടിയിലേക്ക് സർവീസ് നടത്തുന്നത്.

തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും പൊന്മുടിയിലേക്കുള്ള ബസ്സുകളുടെ സമയങ്ങൾ താഴെപ്പറയുന്നു : രാവിലെ 04.10 , 05.30 , 08.10, 09.20, ഉച്ചക്ക് 11.30, 12.50, 14.30, വൈകിട്ട് 15.30. പൊൻ‌മുടിയിൽ നിന്നും തിരികെ തിരുവനന്തപുരത്തേക്ക് :  രാവിലെ 05.20, 06.45, 09.30, 10.30, ഉച്ചക്ക് 12.40 , 14.00 , വൈകിട്ട് 15.55, 19.00.

കെ.എസ്.ആർ.ടി.സിയുടെ വിതുര യൂണിറ്റുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. നമ്പർ ഇതോടൊപ്പം ചേർക്കുന്നു 0472 – 2858686. സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) : വാട്സാപ്പ് നമ്പർ – 8129562972, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 എന്നീ നമ്പരുകളിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

അപ്പൊ തുറന്ന പെട്ടി അടയ്ക്കാൻ നിൽക്കേണ്ട. തുടരുക യാത്രകൾ കെ.എസ്.ആർ.ടി.സി. യോടൊപ്പം. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം. ജനങ്ങളുടെ സ്വന്തം കെഎസ്ആർടിസി.

ചിത്രങ്ങൾ – സക്കീർ താനൂർ, Hariharasree Palath.