ചെറുപ്പകാലത്തെ കെഎസ്ആർടിസി ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്

കെഎസ്ആർടിസിയും അതിലെ യാത്രകളും എന്നും നമ്മൾ മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. അതിപ്പോൾ മലയാളികൾ എത്ര വലിയ നിലയിലെത്തിയാലും ഏതൊക്കെ രാജ്യങ്ങളിൽ ജീവിച്ചാലും ‘ആനവണ്ടി’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കെഎസ്ആർടിസി ബസ്സുകൾ കണ്ടാൽ വല്ലാത്തൊരു ഗൃഹാതുരത്വം ഫീൽ ചെയ്യും. അതുകൊണ്ടു തന്നെയാണ് ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ ദുബായ് മലയാളിയായ ജേക്കബ്ബ് മകനോട് “നീ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടോ?” എന്നു ചോദിക്കുന്നതും. മുൻപ് പറഞ്ഞ ആ നൊസ്റ്റാൾജിയ തന്നെയാണ് ഇവിടെ ജേക്കബ്ബിനെക്കൊണ്ട് ഇത് ചോദിപ്പിച്ചതും.

മലയാളത്തിലെ മികച്ച സിനിമാ സംവിധായകരിൽ ഒരാളായ ലാൽ ജോസ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഇതേ കെഎസ്ആർടിസി നൊസ്റ്റാൾജിയയെക്കുറിച്ച് ഒരു പോസ്റ്റ് ഇടുകയുണ്ടായി. വർഷങ്ങൾക്കിപ്പുറം തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഒരു സിനിമാ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് ലാൽ ജോസിന് തൻ്റെ ആ പഴയ കാലവും യാത്രകളുമെല്ലാം ഓർമ്മ വന്നത്. അദ്ദേഹത്തിൻ്റെ ആ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. ഒന്നു വായിക്കാം.. ആ നൊസ്റ്റാൾജിയ നമുക്കും കൂടി ഒന്ന് ഓർത്തെടുക്കാം..

“നാൽപ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻറിലായിരുന്നു. ഇവിടെ നിൽക്കുമ്പോൾ കാതോരത്ത് എത്രയെത്ര ഓർമ്മകളുടെ ഹോണടി ശബ്ദങ്ങളാണന്നോ. ദീർഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ഒറ്റപ്പാലത്ത് നിന്നുളള യാത്രകളിൽ തൃശ്ശൂർ സ്റ്റാൻറായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റിൽ കിടന്ന് വരെ ഞാൻ ഈ സ്റ്റാൻറിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധി ആഘോഷ യാത്രകൾ..

എന്റെ പ്രിഡിഗ്രി മാർക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിൻസിപ്പാൾമാർ ഞെട്ടിയതിനാൽ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷൻ തന്നില്ല. തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒൻപതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകൾ. ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എൻ.എസ്.എസ്സിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ തൃശ്ശൂർ രാത്രികൾക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയിൽ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെൽറ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂർ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു. ക്യാന്റീനിൽ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങൾ..

അക്കാലത്ത് രാത്രി ബസ്സുകൾ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാൻറിലെ ഉരുളൻ തൂണുകൾ തലയിണകളായി. വഴിനീളെ കണ്ണിൽ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്സിലെ അവസാനശ്വാസവുമായി തൃശ്ശൂർ വരെ എത്താനായാൽ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങൾ. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോൻ. അവനാണ് നാൽപ്പത്തിയൊന്നിലെ നായകൻ. ബിജുവുമായി തൃശ്ശൂർ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോൾ ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്റെ കിക്ക്.”