കെഎസ്ആർടിസി മിന്നലിൻ്റെ പ്രശസ്തി കേരളം കടന്നു; തമിഴ്‌നാട് സ്വദേശിയുടെ മിന്നൽ റിവ്യൂ…

കഴിഞ്ഞ കുറച്ചു വർഷങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ കെഎസ്ആർടിസിയിൽ ധാരാളം മാറ്റങ്ങൾ വന്നതായി നമുക്ക് കാണാവുന്നതാണ്. അവയിൽ എല്ലാവരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഒന്നായിരുന്നു ‘സിൽവർലൈൻ ജെറ്റ്’ എന്ന പേരിൽ അതിവേഗ സർവ്വീസുകൾ ആരംഭിച്ചത്. ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിൽ സർവ്വീസ് ആരംഭിച്ച സിൽവർ ലൈൻ ജെറ്റുകൾക്ക് വിചാരിച്ച പോലെ ജനപ്രീതി നേടുവാൻ കഴിഞ്ഞില്ല. അതിവേഗ സർവ്വീസ് എന്ന പേരിൽ കൂടിയ ടിക്കറ്റ് നിരക്കുകൾ ഈടാക്കിയിട്ടും സൂപ്പർഫാസ്റ്റുകൾക്കൊപ്പം തന്നെ (ചില സമയത്ത് സൂപ്പർഫാസ്റ്റ് ബസ്സുകളെക്കാൾ പിന്നിലും) സർവ്വീസ് നടത്തിയിരുന്ന സിൽവർ ലൈൻ ജെറ്റുകളെ യാത്രക്കാർ പതിയെ കൈയൊഴിയുകയാണ് ഉണ്ടായത്. ഈ ബസ്സുകൾ പിന്നീട് പെയിന്റ് മാറ്റി സൂപ്പർഫാസ്റ്റ് ബസ്സുകളായത് ചരിത്രം.

അങ്ങനെയിരിക്കെയാണ് വീഴ്ചയിൽ പതറാതെ കെഎസ്ആർടിസി 2017 ൽ ‘മിന്നൽ’ എന്ന പേരിൽ വീണ്ടും അതിവേഗ സർവ്വീസ് ആരംഭിക്കുന്നത്. സിൽവർലൈൻ ജെറ്റിന്റെ അവസ്ഥ തന്നെ മിന്നലിനും സംഭവിക്കുമെന്ന് മിക്കവരും കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പേരുപോലെ തന്നെ മിന്നൽ കേരളത്തിലുടനീളം മിന്നാൻ തുടങ്ങി. ‘ട്രെയിനുകളെ തോൽപ്പിക്കുന്ന ബസ് സര്വ്വീസ്‌ എന്ന പേരിലായിരുന്നു മിന്നൽ സർവ്വീസുകൾ പുറത്തിറക്കിയത്. ഇത് വെറുമൊരു തള്ള് അല്ലെന്നു തെളിയിക്കുവാൻ മിന്നലുകൾക്ക് പിൽക്കാലത്ത് സാധിച്ചു.

കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മിന്നൽ സർവ്വീസുകൾ ആരംഭിച്ചു. യാത്രക്കാരുടെ ഇടയിൽ മിന്നലുകൾക്ക് നല്ല അഭിപ്രായം വന്നതോടെ കെഎസ്ആർടിസിയുടെ ഓൺലൈൻ ബുക്കിംഗ് സൈറ്റുറ്റിൽ മിന്നൽ ബസ്സുകൾ ഹൗസ്‌ഫുൾ ആയിമാറി. ഇതിനിടയിൽ ചിലർ മിന്നൽ സർവീസുകൾക്ക് തുരങ്കം വെയ്ക്കുവാൻ പല കളികളും നടത്തിയെങ്കിലും മിന്നലിന്റെ ജനപ്രീതിയിൽ അവയെല്ലാം നിഷ്‌ഫലമായിപ്പോയി.

ഒരു ജില്ലയിൽ പരമാവധി ഒരു സ്റ്റോപ്പ് എന്ന നിലയിലാണ് മിന്നൽ ഓടുന്നത്. സൂപ്പർ ഡീലക്സ് ബസ് ആണെങ്കിലും വേഗതയെ കണക്കിലെടുത്തുകൊണ്ട് മിന്നലുകളുടെ ടിക്കറ്റ് നിരക്കുകളിൽ സൂപ്പർ ഡീലക്‌സിനേക്കാൾ പത്തു രൂപയോളം കൂടുതലായിട്ടായിരിക്കും. വഴിയിൽ എത്ര ബ്ലോക്കുകൾ ഉണ്ടെങ്കിലും വേഗതയിൽ യാതൊരു വിധ കോംപർമൈസും ഇല്ലാതെ കൃത്യ സമയം പാലിക്കുവാൻ മിന്നലുകൾ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതിവേഗ സർവ്വീസുകൾ ആയതിനാൽ സ്കാനിയയ്ക്കും, വോൾവോയ്ക്കും വരെ ലഭിക്കാത്ത പദവിയാണ് മിന്നലിനു കെഎസ്ആർടിസിയിൽ ഉള്ളത്.

മിന്നലുകൾ കേരളത്തിനുള്ളിൽ മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂയെങ്കിലും ഇതിന് ആരാധകർ അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലുമുണ്ട്. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് തമിഴ്‌നാട് സ്വദേശിയായ ശരത് മിന്നലിനെക്കുറിച്ച് കേരളത്തിൽ വന്നുകൊണ്ട് ചെയ്തിരിക്കുന്ന വ്‌ളോഗ്. തൻ്റെ യൂട്യൂബ് ചാനലായ ‘Tuber Basss’ ൽ ആണ് ഈ വീഡിയോ ശരത് പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇതിനർത്ഥം നമ്മുടെ കെഎസ്ആർടിസി മിന്നലിന്റെ പ്രശസ്തി കേരളം വിട്ടു മറ്റു സംസ്ഥാനക്കാർക്കിടയിലും എത്തിയിരിക്കുന്നു എന്നാണ്. ആ വീഡിയോ റിവ്യൂ താഴെ കൊടുത്തിരിക്കുന്നു. ഒന്നു കണ്ടുനോക്കാം.

പൊതുവെ തമിഴ്‌നാട്ടുകാർക്ക് അവരുടെ ടി.എൻ.എസ്.ടി.സി, എസ്.ഇ.ടി.സി. ബസുകളെക്കാൾ കൂടുതലിഷ്ടം നമ്മുടെ കെഎസ്ആർടിസി ബസ്സുകളോടാണ്. നല്ല വേഗതയും യാത്രാസുഖവുമാണ് ഇവരെയെല്ലാം തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളെക്കാളും കെഎസ്ആർടിസിയെ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും മിന്നൽ ഇപ്പോഴും യാത്രക്കാർക്കിടയിൽ മികച്ച അഭിപ്രായങ്ങളും നേടിക്കൊണ്ട് മിന്നിക്കൊണ്ടിരിക്കുകയാണ്…