1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക് മാറ്റുകൂട്ടുന്നത്.

വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കോടമഞ്ഞുപുതച്ച മൂന്നാറിൻ്റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുമോ? പലരും ചിന്തിക്കുന്നുണ്ട്. എന്നാൽ നമ്മുടെ സ്വന്തം ആനവണ്ടി അതിന് അവസ്സരം നൽകുകയാണ്.

മൂന്നാറിലേക്ക് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുവാനായി ടൂർ പാക്കേജുമായി മുന്നോട്ടു വന്നിരിക്കുകയാണ് കെഎസ്ആർടിസി. ചരിത്രത്തിലാദ്യമായാണ് കെഎസ്ആർടിസി ഇത്തരത്തിലൊരു ടൂർ പാക്കേജ് ഔദ്യോഗികമായി ആരംഭിക്കുന്നത്. തുടക്കത്തിൽ മലപ്പുറത്തു നിന്നുമാണ് മൂന്നാറിലേക്ക് കെഎസ്ആർടിസി ടൂർ പാക്കേജ് ആരംഭിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മലപ്പുറത്തു നിന്നും യാത്ര തുടങ്ങി രാത്രി 7.30 നു മൂന്നാറിൽ എത്തിച്ചേരുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു രാത്രി മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ സജ്ജീകരിച്ചിരിക്കുന്ന സ്ലീപ്പർ കോച്ചിൽ സഞ്ചാരികൾക്ക് ഉറങ്ങാം. സഞ്ചാരികൾക്ക് നിലവിൽ മൂന്നാർ ഡിപ്പോയിൽ ഉള്ള ടോയ്ലറ്റ് സൗകര്യം ഉപയോ​ഗിക്കാം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇതിനായി ടോയിലറ്റുകൾ നവീകരിച്ചിട്ടുമുണ്ട്. ഇനി വൃത്തിയെക്കുറിച്ച് പേടി വേണ്ട. ഓരോ ​ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി മാത്രമേ അടുത്ത ​ഗ്രൂപ്പിന് നൽകുകയുള്ളൂ.

സ്ലീപ്പർ ബസ്സിൽ താമസിച്ച ശേഷം പിറ്റേന്ന് (ഞായറാഴ്ച) കെഎസ്ആർടിസിയുടെ മൂന്നാർ സൈറ്റ് സീയിങ് ബസ്സിൽക്കയറി മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ടൂറിസ്റ്റ് ആകർഷണങ്ങൾ സന്ദർശിക്കാം. ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ​ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളൊക്കെ ഉൾപ്പെട്ടതാണ് ഈ സൈറ്റ്സീയിങ്. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം നൽകുകയും, കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്യും. മൂന്നാർ കറക്കത്തിനു ശേഷം വൈകുന്നേരം 6 മണിയ്ക്ക് സഞ്ചാരികളെയും കൊണ്ട് തിരികെ മലപ്പുറത്തേക്ക് ബസ് മടങ്ങും.

മേൽപ്പറഞ്ഞ പാക്കേജിന് വെറും 1000 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്ന ചാർജ്ജ്. 1000 രൂപക്ക് സഞ്ചാരികൾക്ക് മലപ്പുറത്ത് നിന്നും മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര, അന്തിയുറങ്ങാൻ കുറഞ്ഞ ചിലവിൽ സ്ലീപ്പർ ബസ്, ചുറ്റിയടിക്കാൻ സൈറ്റ് സീയിംഗ് സർവ്വീസ് എന്നിവ ഈ പാക്കേജിൽ ലഭ്യമാണ്.

കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റിതര വരുമാനവര്‍ധനയും കുറഞ്ഞ ചെലവില്‍ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുക എന്നതുമാണ് ടൂര്‍ പാക്കേജിന്റെ ലക്ഷ്യം. മൂന്നാർ സന്ദർശിക്കുന്നവരിൽ ഭൂരിഭാഗവും മലപ്പുറം ഭാഗത്തു നിന്നുള്ളവരാണ് എന്ന കാരണത്താലാണ് ഈ ടൂർ മലപ്പുറത്ത് നിന്നും ആരംഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നും സമാനരീതിയിലുള്ള വ്യത്യസ്ത നിരക്കുകളിലുള്ള ടൂർ പാക്കേജുകൾ നിലവിൽ വരുത്തുമെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു.

കെഎസ്ആർടിസിയുടെ ടൂർ പാക്കേജിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും, ബുക്ക് ചെയ്യുവാനും ബന്ധപ്പെടുക, കെഎസ്ആർടിസി മലപ്പുറം – Phone 0483 2734950, കെഎസ്ആർടിസി മൂന്നാർ – 04865 230201. കെഎസ്ആർടിസി കൺട്രോൾറൂം (24×7) – മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799. സോഷ്യൽ മീഡിയ സെൽ കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972.