കെഎസ്ആർടിസിയ്ക്ക് വേണം ഗണേഷ് കുമാർ – ടോമിൻ തച്ചങ്കരി കോംബോ

നഷ്ടക്കണക്കുകളുടെ നിലയില്ലാക്കയത്തിൽ മുങ്ങി, ലാഭമെന്ന കരയിലേക്ക് നീന്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയ്ക്ക് രക്ഷകരായി ഇനിയാര് എന്നൊരു ചോദ്യം ഇപ്പോൾ എല്ലാവരുടെയും ഉള്ളിലുണ്ട്. അതിനുള്ള ഉത്തരം യാത്രക്കാരും ആണവണ്ടിപ്രേമികളുമെല്ലാം കണ്ടെത്തിക്കഴിഞ്ഞു. ടോമിൻ തച്ചങ്കരിയെ വീണ്ടും കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിക്കുകയും, നിലവിലെ പത്തനാപുരം എം.എൽ.എ. ആയ കെ.ബി. ഗണേഷ് കുമാറിനു ഗതാഗത വകുപ്പും കൈമാറുക. അതെ, തച്ചങ്കരി – ഗണേഷ് കുമാർ കോംബോയ്ക്കായി കാത്തിരിക്കുകയാണ് ആളുകൾ.

എന്തുകൊണ്ടാണ് ഇവർ ഇത്രയ്ക്ക് ജനപ്രിയരായി മാറിയതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണമുണ്ട്, കെഎസ്ആർടിസി എന്നെങ്കിലും മാറ്റങ്ങൾ ഉൾക്കൊണ്ട്, നേരായ പാതയിലൂടെ ലാഭത്തിലേക്ക് ഓടിയിട്ടുണ്ടെങ്കിൽ അത് ഗണേഷ് കുമാർ മന്ത്രിയായിരുന്ന കാലത്തും, ടോമിൻ തച്ചങ്കരി എംഡിയായിരുന്ന കാലത്തുമാണ്. നിലവിലെ മന്ത്രിയും എംഡിയും മോശമാണ് എന്നല്ല അതിനർത്ഥം. എങ്കിലും മെച്ചപ്പെട്ട പ്രവർത്തനം മേൽപ്പറഞ്ഞ ആ രണ്ടു വ്യക്തികൾ കെഎസ്ആർടിസിയുടെ കടിഞ്ഞാൽ പിടിച്ചപ്പോൾ ആണെന്നതാണു സത്യം.

ഏറെ നാളുകളായി ഒരേ രീതിയിൽ പൊയ്ക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ കുറച്ചെങ്കിലും മാറ്റങ്ങൾ കൊണ്ടുവന്നത് ഗണേഷ് കുമാർ മന്ത്രിയായിരുന്ന കാലത്താണ്. കോര്‍പ്പറേഷനെ ലാഭത്തിലാക്കാരും വരുമാനം കൂട്ടാനുമായി നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. നഷ്ടത്തിന്റെ ട്രാക്കില്‍ നിന്ന് ലാഭത്തിന്റെ ട്രാക്കിലേക്ക് മാറ്റി ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ മുന്നോട്ടു നയിക്കുവാൻ അദ്ദേഹം പുതിയ ബസ്സുകൾ ഉൾപ്പെടെ പല നല്ല കാര്യങ്ങളും ചെയ്തു.

ഇനി ടോമിൻ തച്ചങ്കരിയുടെ കാര്യം പറയുകയാണെങ്കിൽ, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി എത്തിക്കുന്നതിൽ വീഴ്ച വരാത്ത കാലം ഉണ്ടായിരുന്നെങ്കിൽ അത് ടോമിൻ തച്ചങ്കരി എംഡിയായിരുന്ന സമയത്തായിരുന്നു. കെഎസ്ആർടിസിയെ കടക്കെണിയിൽ നിന്നും കരകയറ്റുവാനായി ഒട്ടേറെ മാറ്റങ്ങൾ നടപ്പിലാക്കിയ സമയത്ത് ജീവനക്കാർക്കെല്ലാം അതൃപ്തി ഉണ്ടായിരുന്നെങ്കിലും തച്ചങ്കരി സ്ഥാനത്തു നിന്നും പോയതോടെയാണ് അദ്ദേഹത്തിൻ്റെ വില എല്ലാവരും മനസിലാക്കിയത്.

ഒട്ടേറെ മാറ്റങ്ങൾ കെഎസ്ആർടിസിയിൽ വരുത്തി ലാഭത്തിലാക്കുവാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങളായിരുന്നു പിന്നീട് നാം കണ്ടത്. കണ്ടക്ടർമാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാൻ ഒരു ദിവസം കണ്ടക്ടറായി വരെ അദ്ദേഹം ഡ്യൂട്ടി എടുക്കുകയും സ്റ്റേഷൻ മാസ്റ്റർമാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുവാൻ ഒരു ദിവസം ഏറ്റവും തിരക്കേറിയ കെഎസ്ആർടിസി ഡിപ്പോയായ തമ്പാനൂരിൽ (തിരുവനന്തപുരം സെൻട്രൽ) സ്റ്റേഷൻ മാസ്റ്ററായും ചാർജ്ജെടുത്തു പരിശോധിക്കുകയുണ്ടായി.

എന്നാൽ കെഎസ്ആർടിസിയിലെ ചിലർക്ക് തച്ചങ്കരിയുടെ ഈ പരിഷ്‌ക്കാരങ്ങൾ അത്ര പിടിച്ചില്ല. അങ്ങനെ അവസാനം പാവം രാജമാണിക്യത്തിനെപ്പോലെ തച്ചങ്കരിയും കെഎസ്ആർടിസിയിൽ നിന്നും പുറത്തായി. ഇതിന് ശേഷം കൂടുതൽ കുഴപ്പത്തിലേക്ക് കെ എസ് ആർടി സി എത്തി. ഇത് മനസ്സിലാക്കിയാണ് സർക്കാർ വീണ്ടും തച്ചങ്കരിയെ കെ എസ് ആർ ടി സി എംഡിയാക്കാൻ ശ്രമിക്കുന്നത്.

കെഎസ്ആർടിസിയുടെയും ജീവനക്കാരുടെയും അഭിമാനം രക്ഷിക്കുവാൻ, വീണ്ടും മന്ത്രി സ്ഥാനത്തേക്ക് ഗണേഷ് കുമാറും എംഡി സ്ഥാനത്തേക്ക് തച്ചങ്കരിയും മാസ്സ് എൻട്രിയുമായി കയറി വരുമോയെന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. നല്ലൊരു വാർത്തയ്ക്കായി നമുക്ക് കാത്തിരിക്കാം.