ബുള്ളറ്റ് ചതിച്ചു, KSRTC രക്ഷിച്ചു; കല്യാണം കഴിഞ്ഞുള്ള ആദ്യയാത്ര ആനവണ്ടിയിൽ…

കെഎസ്ആർടിസി എന്നും മലയാളികൾക്ക് ഒരു ഹരമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ തലമുറയിലെ ആളുകൾക്ക്. നൊസ്റ്റാൾജിയയും നമ്മുടെ സ്വന്തം വണ്ടി എന്ന ഒരു തോന്നലുമെല്ലാം കെഎസ്ആർടിസിയെ യുവതീ യുവാക്കൾക്കിടയിൽ ഒരു ഹീറോയായി നിലനിർത്തിയിരിക്കുകയാണ്. കുറ്റങ്ങളും കുറവുകളുമൊക്കെ ഏറെയുണ്ടെങ്കിലും അവയെല്ലാം ആനവണ്ടിയോടുള്ള ഇവരുടെയെല്ലാം സ്നേഹത്തിനു മുന്നിൽ ഒന്നുമല്ലാതാകുന്നു.

പണ്ടൊക്കെ ട്രിപ്പ്, ടൂർ എന്നൊക്കെപ്പറഞ്ഞാൽ ടെമ്പോ ട്രാവലർ, ടൂറിസ്റ്റ് ബസ് തുടങ്ങിയവയിലൊക്കെയായിരുന്നു, എന്നാൽ ഇന്ന് കെഎസ്ആർടിസി ബസ്സിൽ മാത്രം കയറി ട്രിപ്പ് പോകുന്നവർ നമ്മുടെ കൂട്ടത്തിൽ ഏറെയാണെന്ന് എല്ലാവർക്കുമറിയാം. അത്തരത്തിലൊരു അനുഭവമാണ് പൊന്നാനി സ്വദേശിയായ സോനുരാജ് പങ്കുവെയ്ക്കുന്നത്. സോനുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് നമുക്കൊന്നു നോക്കാം.

“കല്യാണം കഴിഞ്ഞു നാലാം ദിവസം കെട്യോൾക്ക് ഒരാഗ്രഹം നൈറ്റ്‌ റൈഡ് പോകണമെന്ന്. ഒന്നും നോക്കിയില്ല രണ്ടുപേരും റെഡി ആയി ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങി. കിക്കർ അടിച്ചു വയ്യാണ്ടായി സ്റ്റാർട്ട്‌ ആകുന്നില്ല. ചുമ്മാ ഒന്ന് പെട്രോൾ ടാങ്ക് തുറന്നു നോക്കി. രാജസ്ഥാൻ മരുഭൂമി….(പെട്രോൾ ടാങ്ക് കാലി). നിരാശയോടെ അവളോട് ചോദിച്ചു പ്രതികാരം നാളെ മതിയോ. കാലത്ത് ഹർത്താൽ ആയതു കൊണ്ട് വൈകീട്ട് പെട്രോൾ പമ്പിൽ നല്ല തിരക്കാണെന്നു അനിയൻ പറഞ്ഞു. നോ വേ. വേറെ ഓപ്ഷൻ ഇല്ല. ഞങ്ങൾ ചുമ്മാ നടക്കാൻ തുടങ്ങി.

ഞാനും അവളും അനിയനും കൂടെ നടന്നു നടന്ന് പൊന്നാനി ജംഗ്ഷൻ എത്തി. ആ വരുന്നു മ്മടെ ആനവണ്ടി. വലിയ തിരക്ക് ഇല്ല. ഞങ്ങൾ ബസ്സിൽ കയറി ഇരുന്നു. അത് തിരൂർ പോകുന്ന ബസ്സ് ആണ്. ന്നാ വണ്ടി തീരൂർക്ക് പോട്ടെ. കണ്ടക്ടർ ചേട്ടൻ വന്നു ടിക്കറ്റ് തന്നു.. ബസ്സ് പോകാൻ തുടങ്ങി.. കുലുങ്ങി കുലുങ്ങി ആടിയാടി പുറത്ത് ചെറിയ കാറ്റും.. ഒരു ചാറ്റൽ മഴ കൂടെ ഉണ്ടേൽ പൊളിച്ചേനെ. ഒരു പ്രത്യേക ഫീൽ.. മ്മടെ ആനവണ്ടിയെ വെല്ലാൻ ഒരു റൈഡ് നും പറ്റൂല്ലട്ടാ…

പകുതി വഴി എത്തിയപ്പോൾ വണ്ടി നിർത്തി. നോക്കിയപ്പോ റോഡിൽ ആൾക്കാർ കൂടി നിക്കുന്നു. പടച്ചോനെ ഹർത്താൽ രാത്രിയും ഉണ്ടോ? ഇവിടെ ഇറങ്ങേണ്ടി വരുമോ.. നോക്കുമ്പോൾ ഏതോ വണ്ടി കുഴിയിൽ ചാടിയതാണ്. വണ്ടി പിന്നെയും നീങ്ങി തുടങ്ങി. ഓരോ സ്റ്റോപ്പിൽ നിന്നും ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അങ്ങനെ തിരൂർ ബസ് സ്റ്റാൻഡിൽ വണ്ടി നിർത്തി.

അവിടെയെങ്ങും അധികം ആളുകൾ ഒന്നുംതന്നെ ഇല്ല. കടകളുടെ കാര്യവും അങ്ങനെ തന്നെ. ഒരു പാനിപൂരി വിൽക്കുന്ന കട മാത്രമേ തുറന്നിട്ടുള്ളൂ. അവിടെ ചെന്ന് അതും വാങ്ങി കഴിച്ചുകൊണ്ട് ഞങ്ങൾ തിരൂർ ബസ് സ്റ്റാൻഡിൽ കുറെ നേരം കറങ്ങി നടന്നു. പിന്നീട് അടുത്ത ബസ്സിൽ തിരിച്ചു പൊന്നാനിക്ക്. കല്യാണം കഴിഞ്ഞുള്ള ആദ്യ യാത്ര മ്മടെ KSRTC യിൽ… അത് ഏതായാലും ഉഷാറായി. കെട്യോളും ഹാപ്പി.. യാത്ര ചെറുത് ആണേലും ആ ഒരു ഫീലിംഗ് ഇമ്മിണി വലുതാണ്..”