എത്ര വലിയ കൊമ്പന്മാർ തുനിഞ്ഞിറങ്ങിയാലും യാത്രക്കാർ കെഎസ്ആർടിസിയോടൊപ്പം…

എത്ര വലിയ കൊമ്പന്മാർ എത്രയധികം സൗകര്യങ്ങളുമായി തുനിഞ്ഞിറങ്ങിയാലും യാത്രക്കാരുടെ മനസ്സിൽ കെഎസ്ആർടിസിയുടെ തട്ട് എന്നും താണിരിക്കും എന്ന യാഥാർഥ്യം ഇപ്പോഴായിരിക്കും സമൂഹം മുഴുവനും മനസ്സിലാക്കി തുടങ്ങിയത്. അതുകൊണ്ടു തന്നെയാണ് പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് സർവീസുകളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളും അനുഭവക്കുറിപ്പുകളും പരക്കുന്ന ഈ സമയത്ത് എല്ലാവരും കെഎസ്ആർടിസിയുടെ നന്മകൾ പുറംലോകത്തെ കൂടുതലായി അറിയിക്കുവാൻ താൽപര്യപ്പെടുന്നത്. കാരണം കെഎസ്ആർടിസി ഒരു വ്യക്തിയുടേത് അല്ല, നമ്മുടെയെല്ലാം സ്വന്തമാണ്. ഒരു സമൂഹത്തിന്റെ വിയർപ്പാണ് കെഎസ്ആർടിസിയുടെ ഇന്ധനം.

ചിലപ്പോൾ ചില കുറ്റങ്ങളും തെറ്റുകളുമൊക്കെ ഉണ്ടായേക്കാം, എങ്കിലും കെഎസ്ആർടിസിയ്ക്ക് എതിരെ ക്യാംപെയ്ൻ ഇറക്കുവാൻ ആരും മനസു കൊണ്ട് ഇഷ്ടപ്പെടുന്നില്ല. പരിമിതമായ സൗകര്യങ്ങൾ നൽകുന്ന സൂപ്പർഫാസ്റ്റ് ബസുകളിലെ യാത്രകൾ പോലും ആളുകൾ ആസ്വദിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഉയർന്നു കേൾക്കുന്നത്. ഇത്തരത്തിൽ കെഎസ്ആർടിസിയെയും ജീവനക്കാരെയും അതിലെ യാത്രകളെയും മുൻനിർത്തി ഒരു യാത്രക്കാരൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പാണു ചുവടെ കൊടുത്തിരിക്കുന്നത്. അതൊന്നു വായിക്കാം.

“കൊടുക്കുന്ന കാശിന് സാമാന്യം നല്ല സൗകര്യങ്ങൾ തരുന്നതാണ് കേരള ആർ ടി സി യുടെ സ്കാനിയ, വോൾവോ സർവ്വീസുകൾ. പൊതുവെ ജീവനക്കാരും മാന്യമായി പെരുമാറുന്നവരാണ്. എൻറെ യാത്രകളിൽ ഞാൻ തിരഞ്ഞെടുക്കുന്നത് കേരള ആർ ടി സി യാണ്. പല ദൂരയാത്രാ ബസുകളിലും ഫാസ്റ്റ് പാസഞ്ചർ ക്ലാസ്സുകൽ മുതൽ ഓൺലൈൻ റിസർവേഷനും ലഭ്യമാണ്. യാത്രകളിൽ ചെന്നെത്തുന്ന സ്ഥലങ്ങളെക്കാൾ എന്നെ സന്തോഷിപ്പിക്കുന്നത് യാത്രയിലുടനീളമുള്ള കാഴ്ചകളാണ്. അതുകൊണ്ടു തന്നെ മുൻനിര സീറ്റ് കിട്ടിയില്ലെങ്കിൽ ഞാൻ എൻറെ യാത്രകൾ മാറ്റിവയ്ക്കാറുണ്ട്.

പല സ്കാനിയ, വോൾവോ സർവ്വീസുകളിലും രാത്രി മുഴുവൻ ഉറങ്ങാതെ ഡ്രൈവറോടൊപ്പം ഫുട്ബോർഡിലെ Co – ഡ്രൈവർ സീറ്റിൽ ഇരുന്നു സംസാരിക്കാറും ഉണ്ട്. പലപ്പോഴും പാസഞ്ചറുടെ ലഗ്ഗേജുകൾ എടുത്തു കൊടുക്കാനും സഹായിച്ചിട്ടുണ്ട്. കയറുമ്പോൾ പരുക്കൻമാരായ പല ഡ്രൈവർമാരും കണ്ടക്ടർമാരും തിരിച്ച് ഇറങ്ങുമ്പോൾ, ഇനിയും ഏതെങ്കിലും യാത്രയിൽ കാണാം എന്നുപറയാറും ഉണ്ട്. എനിക്ക് ഇതുവരെ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല.

സത്യത്തിൽ ചിലരുടെ ധാരണ, “ഞാൻ കാശു കൊടുത്താണു കയറിയത്… എനിക്ക് ഉറങ്ങണം, കൃത്യസമയത്ത് എത്തണം” എന്നതൊക്കെയാണ്. തികച്ചും ശരിയാണ്. അതെല്ലാം ഒരു യാത്രക്കാരന്റെ അവകാശമാണ്. പക്ഷേ, നമ്മളെപ്പോലെ തന്നെയുള്ള മനുഷ്യജീവികളാണ് അവരും എന്ന് ഓർക്കണം. ആ പരിഗണനയെങ്കിലും കൊടുക്കണം. ഇടയ്ക്ക് കേടായി വഴിയിൽ വീണാൽപോലും, നമുക്കു വിളിച്ചു പറയാനോ, അന്വേഷിക്കാനോ കേരള ആർ ടി സി എന്ന പ്രസ്ഥാനം ഉണ്ട് എന്നെങ്കിലും ആശ്വസിക്കാമല്ലോ.”