കെഎസ്ആര്‍ടിസി രാജധാനിയിലുണ്ടൊരു വാട്സ്ആപ് ​ഗ്രൂപ്പ്; രാജധാനി റൈഡേഴ്സ്

എഴുത്ത് – എ.ആര്‍ മെഹ്ബൂബ്, ചിത്രം: ഫുവാദ് സനീന്‍.

‘ബസ് ഇപ്പോൾ കൊണ്ടോട്ടി കഴിഞ്ഞിട്ടുണ്ട്.. അത്യാവശ്യം തിരക്കുണ്ട്… ഓവർ ഓവർ…’ ‘ഒ.കെ… ഞങ്ങൾ രാമനാട്ടുകരയിൽ കാത്തിരിപ്പുണ്ട് ഓവർ ഓവർ…’ങേ.. ഇതെന്ത് കൂത്ത്..? പരിചയമില്ലാത്ത യാത്രികർ പരസ്പരം ചോദിച്ചു. ഇതാണ് ഇവിടുത്തെ കൂത്തെന്നും ചിരിച്ച് മറുപടി നൽകി വാട്സ്ആപ്പ് സന്ദേശം അയച്ച സിനീഷ് യാത്ര തുടർന്നു. സംഭവം നടക്കുന്നത് പാലക്കാട്-കോഴിക്കോട് റൂട്ടിലോടുന്ന രാജധാനി പോയിന്റ് ടു പോയിന്റ് കെ.എസ്.ആർ.ടി.സി ബസിലാണ്. ബസിനോടുള്ള ആരാധന മൂത്ത് സ്ഥിരം യാത്രികർ തുടങ്ങിവച്ച വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം അയച്ചതെന്ന് അറിഞ്ഞതോടെ പലരുടെയും മുഖത്ത് ചിരിപടർന്നു.

പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രികർ പലരും വ്യത്യസ്ത സ്റ്റോപ്പുകളിൽ നിന്ന് യാത്ര തുടങ്ങുന്നവർ. ഒന്നിലധികം ദിവസം ഒരേ മുഖങ്ങൾ ബസിൽ കാണുന്നതോടെ ഇവർ പരസ്പരം പരിചയപ്പെടും. സ്ഥിരം യാത്രികർ ആണെന്ന് അറിഞ്ഞാലോ ഉടൻ തന്നെ ‘രാജധാനി റൈഡേഴ്സ്’ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കും. ഇതോടെ യാത്രികർക്ക് ബസിന്റെ സമയം മുതൽ എല്ലാ വിവരങ്ങളും തത്സമയം അറിയാനും കഴിയും.

യാത്ര തുടങ്ങിയലോ ചൂടുള്ള ചർച്ചാ വിഷയങ്ങളാവും ഇവർക്ക് സംസാരിക്കാനുണ്ടാവുക. രാഷ്ട്രീയം, കായികം, സിനിമ എന്നിങ്ങനെ നീളും ദിവസവുമുള്ള ചർച്ചകൾ. ചിരിച്ചും തമാശ പറഞ്ഞും ബസ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുപോലും ഇവർ അറിയാറില്ല. കണ്ടക്ടർ ‘കോഴിക്കോട്.. കോഴിക്കോടേയ്…’ എന്ന് വിളിച്ചുപറയുമ്പോഴാണ് സ്റ്റാൻഡില്‍ എത്തിയ കാര്യം പലരും അറിയുക. ചർച്ച മുഴുമിപ്പിക്കാനാവതെ അവർ ജോലിസ്ഥലങ്ങളിലേക്ക് യാത്രയാകും.

സിനീഷ് കോഴിക്കോട്ടെ വി.എച്ച്.എസ്.ഇ സ്‌കൂള്‍ അദ്ധ്യപകനാണ്. മാക്സൽ ഫിനാൻസിലെ ഉദ്യോഗസ്ഥൻ പ്രകാശ്, ധനകാര്യവകുപ്പിലെ എ.സി ഉബൈദുല്ല, കോഴിക്കോട് ബീച്ചാശുപത്രി സൂപ്രണ്ട് ഡോ. ഉമർഫാറുഖ്, പി.ഡബ്ല്യു.ഡിയിലെ ടി.വിജയകുമാർ, കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ.അഷ്‌ന, കൊണ്ടോട്ടി സ്‌കൂൾ അദ്ധ്യാപിക മഞ്ജു, സുധീഷ, സ്വപ്ന തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള യാത്രികര്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്. പോയിന്റ് ടു പോയിന്റ് ബസ് സർവീസ് തുടങ്ങുന്നതിന് മുമ്പ് വ്യത്യസ്ത ബസുകളെ ആശ്രയിച്ചായിരുന്നു ഇവരുടെ യാത്ര. ചുരുക്കം സ്റ്റോപ്പുകളും വേഗതയും സൗഹൃദവും കൂടി ചേർന്നപ്പോൾ ഇവർ രാജധാനിയുടെ സ്വന്തം കൂട്ടുകാരായി.

ഒമ്പതുപേരുമായി തുടങ്ങിയ വാട്സ്ആപ് കൂട്ടായ്മയിൽ ഇപ്പോൾ 45 അംഗങ്ങളുണ്ട്. ഇവരുടെ സ്ഥിരം യാത്ര കൊണ്ട് നഷ്ടത്തിലായിരുന്ന സർവീസ് ലാഭത്തിലായെന്ന് കെ.എസ്.ആർ.ടി.സി അധികാരികളും പറയുന്നു. കഴിഞ്ഞ ദിവസം ബസിൽ കാണാതായ പഴ്സ് തിരിച്ചെത്തിച്ചുകൊടുത്ത കണ്ടക്ടർ യേശുനാഥനെ ഇവർ ആദരിച്ചിരുന്നു. വെറും യാത്ര മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ഇവർ കൂട്ടായ്മയുടെ കീഴിൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൂട്ടായ്മ.