വീടുവിട്ടിറങ്ങിയ കുട്ടിയെ തിരിച്ചേൽപ്പിച്ച് ആനവണ്ടി

വീടിന്റെ വിളക്കുകളാണ് ഓരോ കുഞ്ഞുങ്ങളും. അത്ര മേൽ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് മാതാപിതാക്കൾ ഓരോ കുഞ്ഞുങ്ങളെയും വളർത്തിയെടുക്കുന്നതും. പക്ഷേ ചില നിമിഷങ്ങൾ, അതുണ്ടാക്കുന്ന ചില സന്നിഗ്ദ്ധ ഘട്ടങ്ങൾ. പറയാതെ വയ്യ…

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കണ്ടക്ടർ ആയ ശ്രീ.എൻ.സുരേഷിനും ഡ്രൈവറായ ശ്രീ.എം.എസ്.ഹരിദാസിനും കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് സർവീസിലായിരുന്നു ഡ്യൂട്ടി. ബസ് കൊട്ടാരക്കരയിലെത്തിയപ്പോൾ 14 വയസ്സോളം തോന്നുന്ന ഒരു ബാലൻ ബസ്സിൽ കയറുകയും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ആവശ്യമായ തുക കയ്യിലില്ല എന്ന് ടിക്കറ്റ് നൽകിയപ്പോൾ കണ്ടക്ടറായ സുരേഷിന് മനസ്സിലായി.

അനുനയത്തിൽ കാര്യങ്ങൾ കുട്ടിയിൽ നിന്നും ചോദിച്ചറിയുകയും വിവരങ്ങൾ ഡ്രൈവറായ ഹരിദാസിനെ ബോധ്യപ്പെടുത്തിയ ശേഷം ചടയമംഗലം പോലീസ് സ്റ്റേഷനിൽ ബസ് എത്തിക്കുകയും ചെയ്തു. വിവരങ്ങൾ ചടയമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ ശ്രീ. സജു എസ്. ദാസിനെ അറിയിക്കുകയും തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്തു.

തുടർന്ന് മുണ്ടക്കയം സ്വദേശിയായ കുഞ്ഞിന്റെ രക്ഷിതാക്കൾ ചടയമംഗലത്തേക്ക് പുറപ്പെട്ടു എന്ന് ഉറപ്പു വരുത്തിയ ശേഷം ബസ് തിരുവനന്തപുരത്തേക്ക് സർവീസ് തുടർന്നു.

സർവ്വശ്രീ. സുരേഷ്, ഹരിദാസ്, സജു.എസ്.ദാസ് എന്നിവർ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ്. തക്കസമയത്ത് ഇവരുടെ കൂട്ടായ പ്രവർത്തനം കൊണ്ട് പൊതുസമൂഹത്തിന് നൽകാനായത് മികച്ച ഒരു സന്ദേശമാണ്. അതിലുപരി ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ കെടാതെ സൂക്ഷിച്ചു എന്നതുമാണ്.

എല്ലാവരും ഇവരെ മാതൃകയാക്കാൻ ശ്രമിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. സുഖയാത്ര… സുരക്ഷിതയാത്ര…കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം.

കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.