കെഎസ്ആർടിസി സ്‌കാനിയ ബസ് ബൈക്കിലും കാറുകളിലുമിടിച്ചു; എട്ടുപേർക്ക് പരിക്ക്..

അമിതവേഗതയിലെത്തിയ സ്കാനിയ ബസ് ബൈക്കിലും കാറുകളിലുമിടിച്ചു; എയർപോർട്ടിൽ പോവുകയായിരുന്ന കുടുംബത്തിനടക്കം 8 പേർക്ക് പരിക്ക്…

അമിതവേഗതയിലെത്തിയ കെഎസ്ആർടിസി സ്കാനിയ ബസ് ബൈക്കിലും ആഡംബര കാറിലും ആൾട്ടോ കാറിലുമിടിച്ച് എയർപോർട്ടിൽ പോവുകയായിരുന്ന കുടുംബത്തിനടക്കം 8 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച അഞ്ചു മണിയോടെ ബന്തിയോട് മള്ളങ്കയിൽ വെച്ചാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ സ്കാനിയ
ബസാണ് അപകടം വരുത്തിയത്.

ഓട്ടത്തിനിടെ നിയന്ത്രണം വിട്ട സ്‌കാനിയ ബസ് ആദ്യം ഒരു ബൈക്കിനെയായിരുന്നു ഇടിച്ചത്. പിന്നീട് ആൾട്ടോ കാറിലിടിച്ച ബസ് ഒരു ആഡംബര കാറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന ബന്തിയോട് സ്വദേശികളായ അറഫാത്ത് (20), ഫൈറൂസ് (22), ആൾട്ടോ കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ സന്ധ്യ (30), സനൂപ് (26), സന്ദീപ് (28) ആഡംബര കാറിലുണ്ടായിരുന്ന പൈവളിഗെയിലെ ആഷിഖ് (25), സുബൈദ (32), അസ്മ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ മംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

മംഗളൂരുവിലെ എയർപോർട്ടിലേക്ക് യാത്രക്കാരനെ കൊണ്ടുവിടാൻ പോവുകയായിരുന്നു കണ്ണൂർ സ്വദേശികൾ. സ്കാനിയ ബസ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്നതോടെ അൽപനേരം സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരും ബുദ്ധിമുട്ടിലായി. എന്നാൽ അപകടം നടന്നത് കേരളത്തിനുള്ളിലായത് ബസ് ജീവനക്കാർക്ക് ആശ്വാസമായി. കർണാടകയിൽ ആയിരുന്നെങ്കിൽ നാട്ടുകാരുടെ ഇടപെടൽ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. പൊതുവെ കേരള വണ്ടികൾ കണ്ടാൽ കലിയിളകുന്ന കൂട്ടരായ കന്നഡക്കാർ ജീവനക്കാരെയും ഒപ്പം ബസ്സും തല്ലിപ്പൊളിച്ചേനെ.

കെഎസ്ആർടിസി വാടകയ്ക്ക് എടുത്ത് സർവ്വീസ് നടത്തുന്ന TL 1 എന്ന ബസ്സാണ്‌ അപകടത്തിൽപ്പെട്ടത്.ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. ബസ്സിന്റെ മുൻഭാഗത്തെ ഇടതു വശം ഭാഗികമായി തകർന്നിട്ടുമുണ്ട്. ആഡംബര കാറിന്റെ പിന്ഭാഗത്താണ് ബസ് ഇടിച്ചു നിന്നത്. വാടകയ്ക്ക് എടുക്കുന്ന സ്‌കാനിയ ബസ്സുകളിൽ കെഎസ്ആർടിസിയുടെ കണ്ടക്ടർ മാത്രമേ ഉണ്ടാകുകയുള്ളൂ. ഡ്രൈവർമാർ കമ്പനി വകയായിരിക്കും.

ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് ആരോപണമുയരുന്നുണ്ടെങ്കിലും പരിശോധനാ വിവരങ്ങൾ വ്യക്തമായിട്ടില്ല. എന്താണ് അപകടത്തിന് ഇടയാക്കിയതെന്നും വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

ചിത്രങ്ങൾക്ക് കടപ്പാട് – ദീപക് ഉണ്ണികൃഷ്ണൻ.