കാന്താ… വേഗം പോകാം… പൂരം കാണാൻ… കെ.എസ്.ആർ.ടി.സിയിൽ

വിവരണം – ലിജോ ചീരൻ ജോസ്.

തൃശ്ശൂർ പൂരം കാണുവാനായി ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിലാണ്. ബാംഗ്ലൂർ സിറ്റിയിലെ ട്രാഫിക് ബ്ലോക്കുകൾ കാരണം ഇലക്ട്രോണിക് സിറ്റിയിൽ വൈകി ഒൻപത് മണിയോടെയാണ് എത്തിയത്. യാത്ര തുടങ്ങി നല്ല ഡ്രൈവിങ്. പുലർച്ചെ മൂന്നേകാലോടെ കണ്ണ് തുറന്നു നോക്കുമ്പോൾ പാലക്കാട്‌ കെ.എസ്.ആർ.ടി.സി. സ്റ്റാന്ഡിലെ വർക്ഷോപ്പിൽ നിർത്തിയിരിക്കുന്നു.

വാഹനത്തിന് എന്തോ കാര്യമായ തകരാർ സംഭവിച്ചു എന്ന ധാരണയിൽ എല്ലാവരും ഉറക്കത്തിൽ നിന്ന് തലപൊക്കി നോക്കുന്നതിനിടയിൽ ക്രൂ വന്നു പറഞ്ഞു “യാത്രക്കാർ എല്ലാവരും വണ്ടി മാറി കയറണം, ഇതുപോലത്തെ തന്നെയുള്ള അടുത്ത വണ്ടിയിൽ നിങ്ങൾ ഇരുന്ന അതേ സീറ്റിൽ തന്നെ ഇരിക്കണം ലഗേജുകൾ എല്ലാവരും എടുക്കണം” എന്ന് ഓർമിപ്പിച്ചു.

വർക്ഷോപ്പിലെ വലിയ ഉപകരണങ്ങൾക്കിടയിൽ എല്ലാ യാത്രകാരും ഇറങ്ങി നിന്നു. അങ്ങനെ ഞങ്ങൾ വന്ന വണ്ടി വർക്ഷോപ്പിൽ നിന്ന് ഇറക്കി. ഉടൻ തന്നെ മറ്റൊരു സ്കാനിയ ബസ് വന്നു നിന്നു. അങ്ങനെ അതിലെ യാത്രക്കാരെ എല്ലാവരെയും അവിടെ ഇറങ്ങി. എന്നിട്ട് ഞങ്ങളോട് ഇപ്പോൾ വന്ന വണ്ടിയിൽ കയറാൻ പറഞ്ഞു.

ഞാൻ വന്ന ബസിലുള്ള യാത്രക്കാർ പലരും കയറി തുടങ്ങുന്നതിനിടയിൽ ഇപ്പോൾ ഞെങ്ങളോട് കയറാൻ പറഞ്ഞ ബസിലെ യാത്രകാരോട് അന്വേഷിച്ചു ഈ ബസ് എവിടന്നു വരുന്നതാ എന്ന്. “തിരുവനന്തപുരം ബാംഗ്ലൂർ സർവീസ്. ഇവിടെ പാലക്കാട്‌ എത്തിയത് തന്നെ ഒന്ന് രണ്ടു മണിക്കൂർ വൈകിയാണ്” – ഒരു യാത്രകാരന്റെ പ്രതികരണം.

ഈ ബസ് മാറ്റം എന്തിനാണെന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂർക്ക് യാത്ര തുടർന്ന ബസിനു അന്തർ സംസ്ഥാന പെർമിറ്റില്ല അതിനാൽ ഞെങ്ങൾ വന്ന വണ്ടിയിൽ തിരുവനന്തപുരം ബാംഗ്ലൂർ യാത്ര പുനഃരാരംഭിക്കും. ഞങ്ങളുടെ യാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അപ്പോഴും ബാംഗ്ലൂർ യാത്രക്കാർ വർക്ക് ഷോപ്പിൽ അവരുടെ ബസിനായി കാത്തു നിൽക്കുന്നു. പുറത്താണെങ്കിൽ നല്ല മഴയും.

ആ ബസ് ഇനി എപ്പോ ബാംഗ്ലൂർ എത്താനാണ്? ബാംഗ്ലൂർ യാത്രക്കാർ രാവിലെ ജോലിയിൽ പ്രവേശിക്കുവാനുള്ള നിരവധി പേർ ആ വാഹനത്തിൽ ഉണ്ടാകും. ഈ ദീർഘ ദൂര യാത്രകളിൽ ഇത്രെയും മണിക്കൂർ യാത്ര ചെയ്‌ത്‌ വന്ന എല്ലാ സുഖവും ഈ ഒരു സമയം കൊണ്ട് നഷ്ടപ്പെട്ടില്ലേ. ഇങ്ങനെയുള്ള പല അവസ്ഥകളുമാണ് പലരെയും നമ്മുടെ കെ.എസ്.ആർ.ടി.സിയെ വെറുക്കുന്നത്

മറ്റൊരു പെർമിറ്റ്‌ ഉള്ള വാഹനം യാത്ര പുറപ്പെടും മുൻപ് അധികൃതർ തയ്യാറാക്കിയിരുന്നേൽ ഈ അവസ്ഥ വരുമോ? ഇവിടെ വാഹനത്തിലെ ഡ്രൈവർ, കണ്ടക്ടർ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഈ കാര്യത്തിൽ അവർ അവർക്ക് മുകളിൽ നിന്ന് ലഭിക്കുന്ന നിർദേശം പിന്തുടരുന്നു. ഇനി തിരികെ പോകുമ്പോൾ എനിക്കും ആ ബസിലുള്ളവരുടെ അവസ്ഥയാണെങ്കിൽ നാളെ ജോലിക്ക് കയറുന്ന കാര്യം കട്ടപ്പൊക.