കെഎസ്ആർടിസി സ്‌കാനിയ ബസ്സിനു സ്‌കൂൾ വളപ്പിൽ എന്താ കാര്യം?

കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ്സിന്‌ ഈ സ്‌കൂളിൽ എന്താ കാര്യം? ഒറ്റ നോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ ആരും ഇങ്ങനെ കരുതിപ്പോകും. കാഴ്ചക്കാരിൽ അത്ഭുതവും അമ്പരപ്പും പടർത്തിയ ഈ ദൃശ്യം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. ആരൊക്കെയോ ചിത്രങ്ങൾ പകർത്തി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെയാണ് കാര്യം പുറംലോകമറിയുന്നത്. “നാളെ ചിലപ്പോ മരത്തിലിടിച്ച KSRTC ബസെന്നും പറഞ്ഞു വാട്‌സാപ്പിൽ വന്നേക്കാം..” എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

150 ഓളം വർഷങ്ങൾ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ആറ്റിങ്ങലിലെ ഗവ: മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ. സംസ്ഥാനതലത്തിലുള്ള പൊതു വിദ്യാലയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ സ്‌കൂളിന് 5 കോടി രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ട്. ഈ തുക ഉൾപ്പെടെ മൊത്തം 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടത്തിയിരിക്കുന്നത്. രണ്ടുകോടിരൂപ വീതം എംപി, എംഎൽഎ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ചു. അവശേഷിക്കുന്ന ഒരുകോടി രൂപ പിടിഎയും അധ്യാപകരും സന്നദ്ധസംഘടനകളും പൂർവവിദ്യാർഥികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് സംഘടിപ്പിച്ചത്.

ഓരോ നിയോജക മണ്ഡലത്തിലെയും ഓരോ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിന്റെ ഭാഗമായാണ് പൊതു വിദ്യാലയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ സ്‌കൂളിന് 5 കോടി രൂപ ലഭിച്ചത്. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽനിന്ന‌് പാഠ്യപാഠ്യേതരമായ മികവ്‌ കൊണ്ടും ചരിത്ര പശ്ചാത്തലം കൊണ്ടും മാതൃകയും ഉന്നത പഠനനിലവാരം കാത്ത്‌ സൂക്ഷിക്കുന്നതുമായ  സ്കൂളിനെ അഡ്വ. ബി സത്യൻ എംഎൽഎയാണ‌് തെരഞ്ഞെടുത്തത്‌.ഇതുപ്രകാരം സ്‌കൂളിന് ഇപ്പോൾ പുതിയ ഭാവങ്ങൾ കൈവന്നിരിക്കുകയാണ്.

അങ്ങനെയാണ് കെഎസ്ആർടിസി സ്‌കാനിയ സർവീസായ ഗരുഡ മഹാരാജയുടെ മോഡൽ സ്‌കൂളിൽ ഇടംപിടിക്കുന്നത്. ഒറ്റ നോട്ടത്തിൽ സ്‌കൂളിലെ ചെറിയ പേരമരത്തിനു സമീപത്തായി ഒരു സ്‌കാനിയ ബസ് നിർത്തിയിട്ടിരിക്കുന്നതായേ ആളുകൾക്ക് തോന്നുകയുള്ളൂ. അത്രയ്ക്ക് മനോഹരമായിട്ടാണ് ഈ മോഡൽ അവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ഈ മനോഹര കലാസൃഷ്ടിയ്ക്ക് പിന്നിൽ ആരാണെന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

കെഎസ്ആർടിസിയുടെ ഏറ്റവും ഉയർന്ന ക്ളാസിലുള്ള പ്രീമിയം സർവീസാണ് ഗരുഡ മഹാരാജ എന്ന പേരിലോടുന്ന സ്‌കാനിയ ബസ്സുകൾ. കേരളത്തിനകത്തും, കോയമ്പത്തൂർ, ബെംഗളൂരു, മൈസൂർ, കൊല്ലൂർ മൂകാംബിക, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആർടിസിയുടെ സ്‌കാനിയ സർവ്വീസുകൾ ലഭ്യമാണ്.

19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ഇംഗ്ലീഷ് ലേണിങ് സെന്റർ ആയാണ് ഈ സ്‌കൂൾ തുടങ്ങുന്നത്. പിന്നീട് 1950 ൽ ഇത് ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളായി രൂപാന്തരം പ്രാപിച്ചു. സ്‌കൂളിലെ ഭൂരിഭാഗം ക്ലാസ്സ് റൂമുകളും കെട്ടിടങ്ങളുമെല്ലാം ഇത്രയധികം വർഷങ്ങൾ പഴക്കമേറിയതാണ്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.

പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ന് ഈ സ്‌കൂളിൽ ആകെ 38 ഹൈടെക് ക്ലാസ്സ് റൂമുകളുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 സ്മാർട്ട് ക്ലാസ്സ് റൂമുകളും, ഹൈസ്ക്കൂൾ വിഭാഗത്തിൽ 22 സ്മാർട്ട് ക്ലാസ്സ് റൂമുകളും 6 ഹൈടെക് ക്ലാസ്സ് റൂമുകളുമാണ് ഉള്ളത്. സ്‌കൂളിലെ പുതിയ കെട്ടിടത്തിലാണ് ആരെയും അതിശയിപ്പിക്കുന്ന കെഎസ്ആർടിസി സ്‌കാനിയ ബസ് ഇടം പിടിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി എക്സ്റ്റൻഷൻ ബ്ലോക്ക‌്, കിച്ചൻ ഡൈനിങ‌് ബ്ലോക്ക‌്, സ്റ്റേജ‌് , അഡ്മിൻ ബ്ലോക്ക‌് തുടങ്ങിയവയും പുതുതായി പണികഴിപ്പിച്ചിട്ടുള്ളവയാണ്.

രാജ്യാന്തര നിലവാരമുള്ള കെട്ടിടസമുച്ചയം, സെമിനാർഹാൾ, റീഡിങ് റൂം, സ്മാർട് ക്ലാസ്മുറികൾ, ജൈവവൈവിധ്യപാർക്ക്, ടാലന്റ് ലാബ്, ലാംഗ്വേജ് ലാബ്, അത്യാധുനിക ലബോറട്ടറികൾ, ആധുനിക കിച്ചൻ, ഡൈനിങ് ഹാൾ, ഗ്രീൻപ്രോട്ടോക്കോൾ ക്യാംപസ്, ആധുനിക ശൗചാലയങ്ങൾ, മാലിന്യസംസ്കരണ സംവിധാനം, സോളർലൈറ്റിങ്, ആധുനിക കളിസ്ഥലങ്ങളും നീന്തൽകുളവും എന്നിവയാണു പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നത്.

എന്തായാലും നമ്മുടെ സർക്കാർ സ്‌കൂളുകൾക്ക് ഇത്തരത്തിലുള്ള മാറ്റങ്ങൾ അനിവാര്യം തന്നെയാണ്. ഇന്ന് ഏത് ഹൈടെക് പ്രൈവറ്റ് സ്‌കൂളുകളെക്കാളും മികച്ച രീതിയിലാണ് സർക്കാർ സ്‌കൂളുകളുടെ ചുവരുകൾ നമുക്ക് കാണാനാകുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആറ്റിങ്ങൽ ബോയ്സ് സ്‌കൂളിലെ ഒറിജിനൽ പോലെ തോന്നിപ്പിക്കുന്ന കെഎസ്ആർടിസി സ്‌കാനിയ ബസ്.

ചിത്രങ്ങൾ – രാജീവ് രാജൻ, കണ്ണൻ കെ.പി.