കെഎസ്ആർടിസി കുളമാക്കിയ ഹണിമൂൺ യാത്ര

ഇങ്ങനെ ആണെങ്കിൽ KSRTC ഉടനെ സ്വയം പര്യാപ്തമായ നിലയിലേക്ക് കുതിച്ചു ഉയരും നോക്കി ഇരുന്നോ. മോളെ പെണ്ണ് കാണിച്ചിട്ട് അമ്മയെ കെട്ടിച്ചു തരുന്ന സ്വഭാവവുമായി KSRTC കൊട്ടാരക്കര ഡിപ്പോ ടിക്കറ്റ് റീസെർവേഷൻ അപരാത.

തൃശ്ശൂരിലേക്ക് ഉള്ള യാത്രയ്ക്കായാണ് കൊട്ടാരക്കര നിന്നു സീറ്റ് ബുക് ചെയ്യുന്നത് കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ആണ് ബസ്. ടിക്കറ്റ് ബുക്ക് ചെയ്ത സമയം കല്യാണം കഴിഞ്ഞു മധുവിധു ആഘോഷിക്കുന്ന ടൈമായത്കൊണ്ട് ഒരുമിച്ചു ഇരുന്നു യാത്ര ചെയ്യാൻ ഒരു ഡബിൾ സീറ്റ് ബുക്ക് ചെയ്തു ക്യാഷ് അടച്ചു സീറ്റ് ഉറപ്പിച്ചു. ഇതുവരെ ശുഭം.

രാവിലെ ബസിൽ കയറിയപ്പോൾ സീറ്റ് നമ്പർ നോക്കിയപ്പോൾ ഒരു സീറ്റ് കണ്ടക്ടറിന്റെ അടുത്തും അടുത്ത സീറ്റ് ബാക്ക് ഡോറിന്റെ തൊട്ടു പുറകിലും. ടിക്കറ്റ് ബുക് ചെയ്തപ്പോൾ എടുത്തു ചോദിച്ചു ഉറപ്പാക്കിയ സീറ്റുകൾ ആണ്. ശുഭം.

കണ്ടക്ടറോട് പരാതി പറഞ്ഞു. മറുപടിയോ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കൂ എന്നായിരുന്നു. എന്തോ മുഖം വാടിയപ്പോൾ ആവും അല്ലെങ്കിൽ നവ മിഥുനങ്ങളെ കണ്ടു മനസ്സലിഞ്ഞോ മുന്നിലെ യാത്രക്കാരനോട് ഒരു അഭ്യർഥന ഒന്നു മാറിക്കൊടുക്കോ എന്ന്. ജാഡ കണ്ടുപിടിച്ചത് താൻ ആണെന്ന ഭാവത്തിൽ അയാൾ പറഞ്ഞു “പറ്റില്ല.” വീണ്ടും ശുഭം.

ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ കമ്പ്യൂട്ടറിൽ സീറ്റ് കാട്ടി ബുക്ക് ചെയ്ത ആ സാറിനെ മനസിൽ സ്മരിച്ചു കൊണ്ടു, പോകെ പോകെ നമുക്ക് സീറ്റ് മാറ്റിയെടുക്കാം എന്ന് പ്രതീക്ഷ നൽകിയ കണ്ടക്ടറുടെ മുഖത്തേക്ക് നോക്കി ഞങ്ങൾ തൃശൂരിലേക്ക്.

എഴുത്ത് – ധനു രാജ് കവിത.