ചങ്ങനാശ്ശേരി, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നും ബാംഗ്ലൂർ സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി

കേരളത്തിൽ അന്തർസംസ്ഥാന പ്രൈവറ്റ് ബസ്സുകളുടെ സമരം തുടർന്നുകൊണ്ടു പോകുമ്പോൾ മറുവശത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നെല്ലാം ബെംഗളുരുവിലേക്ക് സ്പെഷ്യൽ ബസ് സർവ്വീസുകൾ നടത്തി യാത്രക്കാരുടെ മനസ്സു കവരുകയാണ് കെഎസ്ആർടിസി. കട്ടപ്പനയിൽ നിന്നുമാണ് കെഎസ്ആർടിസി ഇപ്പോൾ പുതുതായി ബെംഗളുരുവിലേക്ക് സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. പ്രൈവറ്റ് ബസ് സർവ്വീസുകൾ മാത്രമുണ്ടായിരുന്ന കട്ടപ്പനയിൽ നിന്നും ഇതാദ്യമായാണ് കെഎസ്ആർടിസി സർവ്വീസ് ബെംഗളുരുവിലേക്ക് ആരംഭിച്ചിരിക്കുന്നത്.

സൂപ്പർ എക്സ്പ്രസ്സ് ബസ്സാണ് കട്ടപ്പന – ബെംഗളൂരു റൂട്ടിൽ ഇപ്പോൾ കെഎസ്ആർടിസി ഓടിക്കുന്നത്. ഈ സർവ്വീസ് നടത്തുന്നതിനായി നിലവിൽ പാലാ – ബന്തടുക്ക റൂട്ടിൽ ഓടിക്കൊണ്ടിരുന്ന സൂപ്പർ എക്സ്പ്രസ്സ് ബസ്സാണ് ഉപയോഗിക്കുന്നത്. കട്ടപ്പനയിൽ നിന്നും വൈകുന്നേരം 4 മണിയ്ക്ക് പുറപ്പെടുന്ന ബസ് തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കൽപ്പറ്റ, മാനന്തവാടി, മൈസൂർ വഴി ബെംഗളൂരുവിൽ പിറ്റേദിവസം രാവിലെ 8.50 നാണു എത്തിച്ചേരുന്നത്. തമിഴ്‌നാട് വഴിയുള്ള പെർമിറ്റ് പ്രശ്നങ്ങൾ കാരണമാണ് ഈ സർവ്വീസ് വയനാട് വഴി ഓടിക്കുന്നത്. യാത്രക്കാർക്ക് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ഈ സർവ്വീസിന് ഓൺലൈൻ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന – ബെംഗളൂരു ടിക്കറ്റ് ചാർജ്ജ് 780 രൂപയാണ്. കെഎസ്ആർടിസിയ്ക്ക് നിലവിൽ ഇടുക്കി ജില്ലയിൽ നിന്നും നേരിട്ട് ബെംഗളുരുവിലേക്ക് സർവ്വീസ് ഉള്ളത് മൂന്നാറിൽ നിന്നുമാണ്.

പ്രളയത്തിൽ തകർന്ന കട്ടപ്പന കെഎസ‌്ആർടിസ‌ി ഡിപ്പോ ജൂലൈ രണ്ട‌് മുതൽ വെള്ളയാംകുടിയിൽ വീണ്ടും പ്രവർത്തനം തുടങ്ങും. വർക‌്ഷോപ്പും അന്ന‌ുതന്നെ പ്രവർത്തനമാരംഭിക്കുമെന്ന‌് കെ‌എസ‌്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ‌് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർഥം ബസുകൾ കട്ടപ്പന പഴയ ബസ‌്സ‌്റ്റാൻഡിൽ നിന്ന‌് സർവീസാരംഭിക്കും. വിവിധ ഫണ്ടുകളിൽനിന്നായി ലഭിച്ച 75 ലക്ഷം രൂപയ‌്ക്കാണ‌് വെള്ളയാംകുടിയിലെ ഡിപ്പോയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത‌്.

കട്ടപ്പനയ്ക്ക് പുറമെ ചങ്ങനാശ്ശേരിയിൽ നിന്നും ബെംഗളുരുവിലേക്ക് ഒരു സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവ്വീസ് കൂടി കെഎസ്ആർടിസി നടത്തുന്നുണ്ട്. ചങ്ങനാശ്ശേരിയിൽ നിന്നും വൈകീട്ട് 4.55 നു പുറപ്പെടുന്ന ഈ ബസ് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ഹൊസൂർ വഴി പിറ്റേദിവസം രാവിലെ 6.25 നു ബെംഗളൂരുവിൽ എത്തിച്ചേരും. 844 രൂപയാണ് ചങ്ങനാശ്ശേരിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ചാർജ്ജ്. ഈ സർവീസിനും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാൻ : online.keralartc.com സന്ദർശിക്കുക.

സമരത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ – ബാംഗ്ലൂർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ അധികമായി 5 ബസുകളാണ് കെഎസ്ആർടിസി എത്തിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സമയത്തു തന്നെയാണ് കെഎസ്ആർടിസിയുടെ പുതിയ ബസുകളും സർവീസ് നടത്തുക. നിലവിൽ എത്തിച്ച 5 ബസുകളും കേരള – കർണാടക പെർമിറ്റുള്ളവയാണ്. നിലവിൽ ഒരു ഫാസ്റ്റ് പാസഞ്ചറും 3 ഓർഡിനറിയും ഉൾപ്പെടെ 4 കെഎസ്ആർടിസി ബസുകളാണ് കണ്ണൂർ ഡിപ്പോയിൽ നിന്നു ബാംഗ്ലൂരിലേക്കു പോകുന്നത്. പുലർച്ചെ 4.30, രാത്രി 7.30, 8.10, 8.30 എന്നിങ്ങനെയാണ് ബസുകളുടെ സമയക്രമം. ഇതോടെ കണ്ണൂർ – ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 9 ആകും.

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകളിലെ പരിശോധന തുടരുമെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ സമരം ശക്തമാക്കുകയാണ് ബസുടമകള്‍. രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ ജി ഫോം നല്‍കി നികുതി അടക്കുന്നത് അവസാനിപ്പിക്കും. ഇതിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ കൂടി സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഓട്ടോ ടാക്സി ട്രേഡ് യൂണിയനുകളുടെ പിന്തുണയും ബസുടമകളുടെ സംഘടന തേടിയിട്ടുണ്ട്.

അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളെപ്പറ്റി വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് തുടക്കും കുറിച്ചത്. അന്തഃസംസ്ഥാന ബസ്സിലെ യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവരികയും യാത്രക്കാരിക്കുനേരെ പീഡനശ്രമം നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധനയ്ക്ക് തുടക്കം കുറിച്ചത്.

കടപ്പാട് – മനോരമ ഓൺലൈൻ, മീഡിയ വൺ.