കെഎസ്ആർടിസി ബസ്സിൽ കിടന്നുറങ്ങി പോകാം; വരുന്നൂ സ്ലീപ്പർ ബസ്സുകൾ

കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു. കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി-സ്വിഫ്റ്റ് ആണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്.

സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്ആർടിസി- സിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവിടെ എത്തിച്ചേർന്ന 99 ബസുകളിൽ 28 എണ്ണം എ.സി ബസുകളാണ്. അതിൽ 8 ബസുകൾ വോൾവോ എ.സി സ്ലീപ്പറും, 20 ബസുകൾ എ.സി സെമി സ്ലീപ്പർ ബസുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിൽ ഇറക്കുന്നത്.

14.95 മീറ്റർ നീളത്തോട് കൂടിയ വോൾവോ ബസിൽ 11 ലിറ്റർ എഞ്ചിൻ, 430 എച്ച്.പി പവർ നൽകുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ​ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. സുരക്ഷയെ മുൻ നിർത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എ.ബി.എസ് ആൻഡ് ഇ.ബി.ഡി, ഇ.എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നൽകിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോയോട് കൂടിയ സസ്പെൻഷൻ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്.

ടെന്റർ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 (ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപ)യ്ക്കാണ് ഈ ബസുകൾ വാങ്ങുന്നത്. 40 യാത്രക്കാർക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകളാണ് ഈ ബസുകളിൽ ഉള്ളത്. ദീർ‌‍ഘ ദൂര യാത്രക്കാർക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകൾ സർവ്വീസ് നടത്തുന്നതോടെ കെഎസ്ആർടിസി -സിഫ്റ്റ് ലക്ഷ്യമിടുന്നത്.

അശോക് ലൈലാന്റ് ഷാസിയിൽ നിർമ്മിച്ചവയാണ് ഇതോടൊപ്പമുള്ള 20 ലക്ഷ്വറി എ.സി ബസുകൾ. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റർ നീളം, 197 HP പവർ നൽകുന്ന എഞ്ചിൻ, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ​ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, 4 വശവും എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.

സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിം​ഗ് സീറ്റുകൾ ഘടിപ്പിച്ചിരിക്കുന്ന ഈ ബസുകളിലെ പാസഞ്ചർ കപ്പാസിറ്റി 41 ആണ്. ദീർഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ലഗേജ് സ്‌പേസും ഈ ബസ്സുകളിലുണ്ട്. അശോക് ലൈലാന്റ് അംഗീകാരമുള്ള ബാം​ഗ്ലൂരിലെ എസ്.എം കണ്ണപ്പ അഥവാ പ്രകാശ് എന്ന വാഹന ബോഡി നിർമ്മാതാവാണ് ഈ ബസുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്.

ഏപ്രിൽ 11 നു തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്കാണ് സ്വിഫ്റ്റിന്റെ ആദ്യത്തെ സർവ്വീസ്. വൈകിട്ട്‌ 5.30 ന്‌ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഫ്ലാഗ്‌ഓഫ്‌ നിർവഹിക്കുക. ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നഷ്ടക്കണക്കുകളുടെ നിലയില്ലാക്കയത്തിൽ നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയ ചരിത്രം രചിക്കുമോ? കാത്തിരുന്നു കാണാം.