കണ്ണൂർ എയർപോർട്ടിലേക്ക് KURTC യുടെ ചിൽ സർവ്വീസുകൾ വരുന്നൂ…

കണ്ണൂർ എയർപോർട്ട് യാഥാർഥ്യമായതോടെ കണ്ണൂരുകാരുടെ വിമാനയാത്രകൾ ഇപ്പോൾ അതുവഴിയാണ്. കൂടാതെ കാസർഗോഡ് ഭാഗത്തു നിന്നുള്ളവരും കണ്ണൂരിലേക്ക് വരുന്നുണ്ട്. എയർപോർട്ട് കണ്ണൂർ നഗരത്തിൽ നിന്നും ദൂരെയായതിനാൽ അവിടേക്ക് എത്തിപ്പെടാനായി പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുമെന്ന് എയർപോർട്ട് ഉത്ഘാടനത്തിനു മുന്നേ തന്നെ കെഎസ്ആർടിസി വാക്കു നൽകിയതാണ്.

ഇപ്പോളിതാ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് കെഎസ്ആർടിസിയുടെ (KURTC) ചിൽ ബസ് സർവ്വീസുകൾ ആരംഭിക്കുവാൻ പോകുകയാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നടത്തുന്ന KURTC യുടെ വോൾവോ എസി ലോഫ്‌ളോർ ബസ്സുകളാണ് ചിൽ ബസ്സുകൾ എന്ന പേരിൽ സർവ്വീസ് നടത്തുന്നത്. തുടക്കത്തിൽ കോഴിക്കോട് നിന്നുമായിരിക്കും കണ്ണൂർ എയർപോർട്ടിലേക്ക് ചിൽ ബസ് സർവ്വീസുകൾ ആരംഭിക്കുക. വിമാനയാത്രക്കാരെയും അതുപോലെ തന്നെ എയർപോർട്ട് ജീവനക്കാരെയും ഉദ്ദേശിച്ചുകൊണ്ടാണ് ഇത്തരത്തിൽ ബസ് സർവ്വീസുകൾ നടത്തുവാൻ തയ്യാറെടുക്കുന്നത്.

വിമാനങ്ങളുടെ Arrival, Departure സമയങ്ങൾക്ക് അനുസരിച്ചായിരിക്കും ചിൽ ബസ്സുകളുടെ സമയക്രമങ്ങൾ നിശ്ചയിക്കുക. ഇതുകൂടാതെ കണ്ണൂർ എയർപോർട്ട് കേന്ദ്രീകരിച്ചുകൊണ്ട് കോഴിക്കോട് – കാസർഗോഡ് സർവ്വീസുകൾ തുടങ്ങുന്നതിനെക്കുറിച്ചും അധികൃതർ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. നാദാപുരം, വടകര, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ ഇപ്പോൾ വിമാനയാത്രകൾക്കായി കണ്ണൂർ എയർപോർട്ടിനെയാണ് ആശ്രയിക്കുന്നതെന്ന നിഗമനത്തിൽ, ഈ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഹൈവേ റൂട്ട് ഒഴിവാക്കി കുഞ്ഞിപ്പള്ളി – നാദാപുരം – കൂത്തുപറമ്പ് – മട്ടന്നൂർ – എയർപോർട്ട് – കണ്ണൂർ – പയ്യന്നൂർ – കാസർഗോഡ് എന്നിങ്ങനെയായിരിക്കും കോഴിക്കോട് – കാസർഗോഡ് റൂട്ടിൽ എയർപോർട്ട് സർവ്വീസുകൾ നടത്തുക.

കാര്യങ്ങൾ ഇങ്ങനെയൊക്കെ പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷകളോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ ചില്‍ ബസ് സര്‍വ്വീസ് പരാജയമായതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. മിക്കയിടത്തും ചിൽ ബസ് സർവ്വീസുകൾ നഷ്ടം കാരണം നിർത്തി വെച്ചിരിക്കുകയാണ് ഇപ്പോൾ. തിരുവനന്തപുരം, കൊച്ചി റീജിയണുകൾക്ക് കീഴിലുള്ള ചിൽ ബസുകൾക്കും കാര്യമായ കളക്ഷൻ നേടാൻ കഴിയുന്നില്ല.

പുലർച്ചെ അഞ്ച് മുതൽ രാത്രി 10 വരെ ഒരു മണിക്കൂർ ഇടവിട്ടാണ് ചിൽബസുകളുടെ സർവ്വീസ്. ഉയർന്ന ടിക്കറ്റ് നിരക്കാണ് ദീർഘദൂര യാത്രക്കാരെ ചിൽ ബസിൽ നിന്നകറ്റിയത്. അതേസമയം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മലപ്പുറം ഭാഗങ്ങളിലേക്കുള്ള ബസ് സർവ്വീസുകൾ ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ നിർത്തിവെച്ച ബസ്സുകളാണ് ഇപ്പോൾ കണ്ണൂർ എയർപോർട്ടിലേക്ക് സർവ്വീസ് നടത്തുവാനാണ് തയ്യാറാക്കുന്നത്.
ലാഭകരമായ റൂട്ടുകൾ കണ്ടെത്തി നിർത്തിവച്ച ബാക്കി സർവ്വീസുകൾ കൂടി ഉടൻ പുനരാരംഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതർ പറയുന്നത്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.