മൂകാംബികയിൽ നിന്നും കുടജാദ്രിയിലേക്ക് ഒരു ജീപ്പ് യാത്ര !!

വിവരണം – രേഷ്‌മ രാജൻ.

കുടജാദ്രിയിൽ കുടചൂടുമാ കോടമഞ്ഞു പോലെയീ പ്രണയം..
എന്നെ പോലെ തന്നെ ഈ ഗാനത്തിൽ കൂടിയായിരിക്കും ഒട്ടുമിക്ക ആളുകളും കുടജാദ്രിയുടെ സൗന്ദര്യത്തെ കുറിച് കേൾക്കുന്നതും.. അതേപോലെ തന്നെ അരവിന്ദന്റെ അതിഥികൾ എന്ന സിമിമയിൽ കൂടി അവിടുത്തെ ഭംഗി അറിഞ്ഞവരും ആണ് നമ്മൾ മലയാളികൾ.

അരവിന്ദന്റെ അതിഥികൾ പല തവണ കാണുമ്പോഴും കുടജാദ്രി എന്നൊരു സ്വപ്നം മനസ്സിൽ കുന്നുകൂടിക്കൊണ്ടിരുന്നു.. അങ്ങനെ ഇരിക്കെ , വളരെ പെട്ടന്ന് ഒരുദിവസം മൂകാംബികയിൽ പോകാൻ ഭാഗ്യം കിട്ടിയത്.. കണ്ണൂരിൽ ജോലി ചെയ്യുന്നതിനാൽ വീട്ടിൽ ( ആലപ്പുഴ ) നിന്നും പോകുന്നതിനേക്കാൾ എളുപ്പവും ആയിരുന്നു.. അങ്ങനെ രാത്രിയിലെ കണ്ണൂരിൽ നിന്നുള്ള കൊല്ലൂർ ബസിൽ കയറി യാത്ര ആരംഭിച്ചു.

രാവിലെ ഏകദേശം 6 ആയപ്പോൾ മൂകാംബികയിൽ എത്തി.. ക്ഷേത്രത്തിന്റെ തന്നെ ഒരു ഗസ്റ്റ് house അവിടെ ഉണ്ട്.. അതിന്റെ മുന്പിലായിട്ടാണ് ബസ് നിർത്തുന്നത്..അവിടെ വളരെ ചുരുങ്ങിയ ചിലവിൽ താമസ സൗകര്യം ലഭിക്കും. ഏകദേശം 9 മണിയായപ്പോൾ ഞങ്ങൾ നേരെ മൂകാംബിക ക്ഷേത്രത്തിന്റെ മുൻപിൽ നിന്നും ജീപ്പിൽ കയറി.. 8 ആളുകൾ ആയങ്കിൽ മാത്രമേ ജീപ്പ് വീടു. ഒരാൾക്കു ഏകദേശം 350 രൂപ ആണ്… ഞങ്ങൾ ജീപ്പിൽ യാത്ര തുടർന്നു.. ഞാൻ പിന്നിലെ സീറ്റിൽ ആയിരുന്നു ഇരുന്നത്..

ഏകദേശം 40 കിലോമീറ്റർ ദൂരം ആണ് ജീപ്പിൽ സഞ്ചരിക്കേണ്ടത്.. അതിൽ 20 കിലോമീറ്റർ നല്ല റോഡ് ആണ്.. കുറച്ചൊക്കെ ഹെയർപിൻ ആണു. അതിനു ശേഷം 10 കിലോമീറ്റർ അത്ര നല്ല റോഡ് അല്ല.. ഇടക്കൊക്കെ ചെറിയ ചെറിയ ഗ്രാമങ്ങൾ ഒക്കെ കാണാൻ സാധിക്കും..പോകുന്ന വഴി നിറയെ കുരങ്ങാനെയും കാണാൻ കഴിയും. ശേഷിക്കുന്ന 10 കിലോമീറ്റർ ദൂരം ഓഫ്‌റോഡ് ആണ്.. ജീപ്പിന്റെ പിറകിലത്തെ സീറ്റിൽ ആണ് ഇരിക്കുന്നതെങ്കിൽ ആ ഒരു യാത്ര നല്ലരീതിയിൽ ആസ്വദിക്കാൻ സാധിക്കും.

വളരെ അധികം ബുദ്ധിമുട്ടിയാണ് ഡ്രൈവർ ചേട്ടൻ വണ്ടി ഓടിക്കുന്നത്. ഒരല്പം കഷ്ടത നിറഞ്ഞ വഴി ആണ് അത്. കുത്തനെയും വളവും തിരിവോടും കൂടിയ ഒരു വഴിയാണ് അത്. അതിലെ ട്രെക്കിങ്ങ് ചെയ്തും ബുള്ളെറ്റിലും പോകുന്ന നിരവധി ആളുകളെ കാണാൻ സാധിക്കും. എനിക്ക് നടുവിന് ഒരല്പം പ്രെശ്നം ഉണ്ട് എന്ന് ഞാൻ ഡ്രൈവറിനോട് പറഞ്ഞിരുന്നു.. ആയതിനാൽ ഒരല്പം പതുക്കെ ആണ് കൊണ്ട് പോയത്.. ഞാൻ വളരെയധികം ആസ്വദിച്ചാണ് ആ യാത്ര ചെയ്തത്..

ഏകദേശം 10.30 ആയപ്പോൾ ഞങ്ങൾ മുകളിൽ എത്തി.. വണ്ടി നിർത്തിയതിനു ശേഷം ഡ്രൈവർ പറഞ്ഞു 1 മണിക്കൂറിനുള്ളിൽ തിരിച്ച വരണം അത് കഴിഞ്ഞാൽ വെയ്റ്റിംഗ് ചാർജ് മേടിക്കും എന്ന്. അവിടെ ഒരു ചെറിയ കട മാത്രമേ ഒള്ളു. എല്ലാരും അവിടുന്ന് എന്തെങ്കിലും കഴിച്ചതിനു ശേഷമാണു ട്രെക്കിങ്ങ് ചെയ്യാൻ തുടങ്ങുന്നത്. ആദ്യമേ ഒരു അമ്പലം ഉണ്ട്.. അവിടെ പ്രാർത്ഥിച്ചതിനു ശേഷം നേരെ ട്രെക്കിങ്ങ് തുടങ്ങും.. പോകുന്ന വഴിയിൽ ഇടത്തോട്ട് പോയാൽ ഒരു ഗുഹയിൽ ശിവലിംഗം ഒകെ കാണാൻ സാധിക്കും.. മലനിരകൾ കൊണ്ട് പ്രകൃതിരമണീയം ആണ് കുടജാദ്രിയിലേക്കുള്ള വഴി…കുടജാദ്രിയിലേക്കു അടുക്കുംതോറും പോകുന്ന വഴിയുടെ വീതിയും കുറഞ്ഞു കുറഞ്ഞു വരും…

അല്പം ദൂരം ചെന്ന് കഴിഞ്ഞപ്പോൾ അങ്ങ് ദൂരെ സർവജ്ഞപീഠം കാണാൻ കഴിഞ്ഞു.. എനിക്ക് മാത്രമാണോ എന്ന് അറിയില്ല.. അത് കാണുമ്പൊൾ അതിന്റെ ഭംഗി കണ്ടു ഒരു നിമിഷം അവിടെ അങ്ങ് നിന്ന് പോകും..അങ്ങനെ അവസാനം ഞാനും എത്തി.. ആദി ശങ്കരാചാര്യരുടെ സർവജ്ഞപീഠത്തിൽ. അല്പം തണുപ്പോടുകൂടിയ ശാന്തമായ അന്തരീക്ഷം ആണ് അവിടെ.. അധികം തിരക്കൊന്നും ഇല്ലായിരുന്നതിനാൽ അവിടെ കയറി അല്പം നേരം ഇരിക്കാൻ സാധിച്ചു..എന്‍റെ ജീപ്പിൽ ഉണ്ടായിരുന്നവർക് 4 മണിക് ട്രെയിൻ ആണെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ അധികം വൈകാതെ തന്നെ അവിടുന്ന് തിരിച്ചിറങ്ങി… അപ്പോഴും കാഴ്ചകളൊക്കെ കണ്ടു കണ്ടാണ് ഇറങ്ങി വന്നത്..

തിരിച്ചുള്ള ജീപ്പിലെ യാത്രയും വളരെ നന്നായിരുന്നു. എങ്കിലും അങ്ങോട്ടു പോകുമ്പോൾ ആയിരുന്നു ഒന്നുകൂടി ആസ്വദിക്കാൻ കഴിഞ്ഞത്.. ഏകദേശം 3 മണിയായപ്പോൾ റൂമിൽ എത്തി റസ്റ്റ് എടുത്തിട്ട് വൈകുനേരം 6 ആയപ്പോൾ മൂകാംബികയിൽ പോയി.. അവിടെ വൈകുംനേരം ആയതിനാൽ അധികം തിരക്ക് ഇല്ലായിരുന്നു.. ദേവി ദർശനം കഴിഞ്ഞ അമ്പലത്തിനുള്ളിൽ അൽപ നേരം ഇരുന്നു.. 8 മണി ആകുമ്പോൾ എല്ലാര്ക്കും അവിടെ ഭക്ഷണം കൊടുക്കും.. ഞാൻ അതും കഴിച്ച കഴ്ഞ്ഞു നേരെ റൂമിൽ എത്തി ബാഗ് എടുത്ത് ചെന്നപ്പോൾ അവിടെ തിരിച്ചു വരാനുള്ള വണ്ടി കിടപ്പുണ്ടായിരുന്നു.. അതിൽ കയറി രാവിലെ ആയപ്പോൾ കണ്ണൂർ എത്തി. അടുത്ത കുടജാദ്രിയിൽ ട്രെക്കിങ്ങ് ചെയ്ത പോകണം എന്നൊരു ആഗ്രഹം ബാക്കി.