കുളമാവിലെ പിള്ളേച്ചൻ്റെ കടയും ഇടുക്കി ഓഫ്റോഡ് യാത്രയും

എഴുത്ത് – ലിബിൻ ജോസ്, മൂലമറ്റം.

ഇത്തവണ സംഗതി അൽപ്പം എരിവും പുളിയുമൊക്കെയുള്ള ഇടത്തേയ്ക്ക്‌ ആയിരുന്നു യാത്രയെങ്കിലും അങ്ങോട്ടുള്ള യാത്ര എനിക്ക്‌ ഇരട്ടി മധുരമായിരുന്നു. കാരണം നമ്മുടെ സ്വന്തം Tech Travel Eat by Sujith Bhakthan നും ആനവണ്ടിക്കാലം മുതൽക്കുതന്നെ ഇന്നും എല്ലാത്തിനും കൂടെയുള്ള പ്രിയസുഹൃത്തും വ്ലോഗറുമായ Prasanth Paravoor നും ഒപ്പമാവുമ്പോൾ അത്‌ മധുരിക്കാതിരിക്കില്ലല്ലോ?

പറഞ്ഞുവരുന്നത്‌ രുചിയുടെ മാസ്‌മരികതകൊണ്ട്‌ ‌ മെഗാസ്റ്റാറിനെ വരെ വീഴിച്ച ഇടുക്കിക്കാരന്റെ കുളമാവിലെ ശിവമയം ഹോട്ടലിലേയ്ക്കുള്ള ഒരു കൊച്ചുയാത്രയേക്കുറിച്ചാണ്. അതെ‌, അതാണ് കുളമാവിലെ മമ്മൂട്ടി എന്നറിയപ്പെടുന്ന പിള്ളേച്ചന്റെ രുചിക്കൂട്ട്‌ തേടിയുള്ള ആ യാത്ര.

വെറുമൊരു മീനച്ചാറിനൊക്കെ നാവിനെ ഇത്രമേൽ പുളകം കൊള്ളിക്കാനാവുമോ എന്നറിയണമെങ്കിൽ നിങ്ങൾ നേരെ തൊടുപുഴ – മൂലമറ്റം – ഇടുക്കി റൂട്ടിൽ യാത്ര തിരിച്ച്‌ ഇടുക്കിയിലെ കുളമാവ്‌ ഡാം കഴിഞ്ഞുള്ള മുത്തിയുരുണ്ടയാർ എന്ന സ്ഥലത്തെ സോമൻ പിള്ളയും (പിള്ളേച്ചനും) രമാ ദേവിയും ചേർന്ന് നടത്തുന്ന ശിവമയം എന്ന് പേരുള്ള കൊച്ച്‌ കടയിലേക്ക്‌ തന്നെ വേണം വണ്ടിതിരിച്ചുവിടാൻ.

2005 ൽ ഇടുക്കിയിലെ കീരിത്തോട്‌ എന്ന സ്ഥലത്ത്‌ നിന്നും താമസം മാറി കുളമാവിലെത്തിയ പിള്ളേച്ചനും കുടുംബവും ചേർന്ന് തുടങ്ങിയ ഈ കൊച്ചുകട സിനിമാ മേഖലയിലടക്കമുള്ള പല പ്രമുഖരുടെയും പ്രിയപ്പെട്ട രുചിക്കൂട്ടിന്റെ കലവറ ആണ്. 35 വർഷങ്ങൾക്കുമുൻപ്‌ മുത്തശ്ശൻ തുടങ്ങിവച്ച ലഘുഭക്ഷശാലയുടെ പരമ്പര അദ്ദേഹത്തിന്റെ പേരിനും, പെരുമയ്ക്കും ഒട്ടുംതന്നെ കോട്ടം തട്ടാതെ പിൽക്കാലത്ത്‌ പിള്ളേച്ചന്റെ സഹധർമ്മിണി രമാദേവിയുടെ കൈപ്പുണ്ണ്യവും ഒത്തുചേർത്ത്‌ തുടർന്നു പോരുകയായിരുന്നു. ‌

തനി നാടൻ രീതിയിൽ തുടങ്ങിവച്ച ഈ കൊച്ചുകടയിൽ ഊണിനൊപ്പം വിളമ്പിയിരുന്ന അച്ചാറിന്റെ രുചി ആളുകളെ ആകൃഷ്ടരാക്കാൻ തുടങ്ങിയതോടെയാണ് അൽപ്പം വിപുലമായ രീതിയിൽ അച്ചാറുകൾ ഉണ്ടാക്കി വിപണനം ചെയ്യുന്നതിനേക്കുറിച്ച്‌ പിള്ളേച്ചനും കുടുംബവും ചിന്തിക്കുന്നതും. അതോടെ ഇവിടുത്തെ ഏറ്റവും സ്പെഷ്യൽ ആയ വിഭവങ്ങളിലൊന്നായി മാറി കപ്പയും മീനച്ചാറും. അതുമാത്രമല്ലാട്ടോ പച്ചടിയും, അവിയലും, തോരനും സ്പെഷ്യൽ മീൻ, ബീഫ്‌ കറിയുമൊക്കെ കൂട്ടിയുള്ള തനി നാടൻ ഊണും കെങ്കേമമാണ്.

മീനച്ചാർ കൂടാതെ അടുത്തുള്ള ആദിവാസിമേഖലയിലെ ആളുകൾ കാട്ടിൽ നിന്നും പറിച്ചുകൊണ്ടുവന്നുകൊടുക്കുന്ന കാട്ടുമാങ്ങാ കൊണ്ടുള്ള അച്ചാറും, വെളുത്തുള്ളി അച്ചാർ, നാരങ്ങ – ഈന്തപ്പഴം അച്ചാർ, തുടങ്ങി പിള്ളേച്ചൻസ്‌ പിക്കിൾസ്‌ എന്ന പേരിൽ ബ്രാൻഡ്‌ ചെയ്ത അച്ചാറുകളുടെ രുചിപെരുമ ഇന്ന് കടൽ കടന്നുതുടങ്ങിയിരിക്കുന്നു. അച്ചാറുകളുടെ വിപണനത്തിന് ചുക്കാൻ പിടിക്കുന്നത്‌ ഫുഡ്ടെക്നോളജിസ്റ്റും MBA ബിരുദ വിദ്യാർത്ഥിയും കൂടിയായ പിള്ളേച്ചന്റെ മൂത്തമകൻ രാഹുൽ ആണ്.

പാതയോരത്ത്‌ തന്നെയുള്ള വീടിനോട്‌ ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ രാവിലെ 7 മുതൽ രാത്രി 10 മണിവരെയും ഇവിടെ വളരെ മിതമായ നിരക്കിൽ രുചികരമായ വിവിധയിനം ഭക്ഷണങ്ങൾ വിളിമ്പിവരുന്നു. കൃത്രിമ രുചിക്കൂട്ടുകൾ ഒന്നും ചേർക്കാതെ തനി നാടൻ രീതിയിൽ മല്ലി, മുളക്‌, മസാലക്കൂട്ടുകൾ എല്ലാം വറുത്തുപൊടിച്ചെടുക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്‌.

ഇടുക്കിയിലേയ്ക്കുള്ള മെയിൻ റൂട്ടിൽ ആയതിനാൽ മിക്കപ്പോഴും ഇന്നാട്ടിലെ സാധാരണക്കാരെക്കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെയും, റൈഡേഴ്സിന്റെയും ഇതുവഴി യാത്ര ചെയ്യുന്ന പല പ്രമുഖരുടെയും കൂടി പ്രിയപ്പെട്ട രുചിയുടെ കലവറയാണ് പിള്ളേച്ചന്റെ ശിവമയം എന്ന പേരിലുള്ള ഈ കൊച്ച്‌ ഭോജനശാല. വർഷങ്ങളായി ഇവിടുത്തെ കപ്പയുടെയും, മീൻ അച്ചാറിന്റെയും അഡിക്റ്റഡ്‌ ആയിപ്പോയ വ്യക്തിയാണ് ഞാനും.

ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. നാട്ടിലുള്ളപ്പോൾ ആഴ്ച്ചയിലൊരിക്കലെങ്കിലും പോയി ഇവിടുന്ന് കപ്പയും മീനച്ചാറും കഴിച്ചില്ലെങ്കിൽ വല്ലാത്തൊരു വിമ്മിഷ്ടമായിരുന്നു. കൂട്ടുകാരോടൊപ്പം ഒട്ടുമിക്ക ഞായറാഴ്ച്ചകളിലെയും സായാഹ്നം ചിലവഴിച്ചിരുന്നതും ഇവിടെയായിരുന്നു.

അങ്ങനെ ഭക്ഷണത്തോടൊപ്പം ചെറിയൊരു ഫോട്ടോഷൂട്ടും, വീഡിയോ കവറേജിനും ശേഷം സുജിത്ത്‌ ബ്രോയുടെ ടാറ്റാ ഹാരിയറിൽ ഞങ്ങൾ മൂവരുമൊന്നിച്ച്‌ പരിസരത്തുതന്നെ ഒരു ചെറിയ ഓഫ്‌ റോഡ്‌ ഡ്രൈവ്‌ പോവുകയുണ്ടായി. റഫ്‌ റോഡിൽ മികച്ചരീതിയിൽ
വണ്ടി മുന്നോട്ട്‌ പോയെങ്കിലും അൽപ്പമൊരു എസ്ക്ട്രീമായി തോന്നിയ കുറച്ച്‌ ഭാഗത്ത്‌ വണ്ടിയുടെ ഗ്രൗണ്ട്‌ ക്ലിയറൻസിന്റെ കുറവ്‌ ചെറിയൊരു പോരായ്മയായി തോന്നി.

ഒന്നുരണ്ട്‌ തവണ വണ്ടിയുടെ അടിഭാഗം റോഡിലെ കല്ലിൽ ചെറുതായി ഉരഞ്ഞ്‌ അൽപ്പനേരമൊന്ന് സ്റ്റക്ക്‌ ആയെങ്കിലും വണ്ടിക്ക്‌
വലിയ കാര്യമായ പരിക്കുകളോ ബുദ്ധിമുട്ടുകളോ ഒന്നും കൂടാതെ അവിടുന്ന് ഉപ്പുകുന്ന് വ്യൂ പോയിന്റ് ലക്ഷ്യമാ‌ക്കി ഞങ്ങൾ നീങ്ങി. അവിടുത്തെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച്‌ അൽപ്പനേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും തിരിച്ച്‌ ഇടുക്കി മെയിൻ റോഡിൽ പ്രവേശിച്ച്‌ ചുരമിറങ്ങി മൂലമറ്റത്തേയ്ക്ക്.

അപ്പോപ്പിന്നെ Tech Travel Eat ചാനലിൽ നമ്മൾ മുൻപ്‌ പരിചയപ്പെട്ടിട്ടുള്ള മൂലമറ്റത്തിന്റെ സ്വന്തം സെലിബ്രിറ്റിയായി മാറിയ സുശീലച്ചേച്ചിയുടെ നാടൻ ഭക്ഷണശാലയിൽ (Don Homely Foods) ഒന്ന് വിസിറ്റ്‌ ചെയ്യാതെ പോവാനാവില്ലല്ലോ? ആറുമണിയോടടുത്ത്‌ അവിടെയെത്തിച്ചേർന്ന ഞങ്ങളെ സുശീലച്ചേച്ചിയും കുടുംബവും വരവേറ്റത്‌ ചായയും, കോഴിക്കോടൻ ഹൽവയും, നാടൻ ബനാനാ ചിപ്സും, ഈന്തപ്പഴവും, നട്സും, ഫ്രൂട്‌സും, തുടങ്ങി വിവിധയിനം മധുരപലഹാരങ്ങളുമായാണ്. ഒടുവിൽ വേനൽചൂടിന് ചെറിയൊരു ശമനമെന്നോണം ഐസ്ക്രീമും.

എന്നേപ്പോലെ തന്നെ സുശീലചേച്ചിയുടെയും, കുടുംബത്തിന്റെയും ആ ദിവസം മധുരമൂറുന്നതായിരുന്നു എന്നുതന്നെ പറയാം.
ഏറെക്കാലത്ത ആഗ്രഹമായിരുന്ന ടാറ്റാ ടിയാഗോ കാർ സ്വന്തമാക്കിയതിന്റെ സന്തോഷമാണ് ആ കുടുംബം ഞങ്ങളോട്‌ പങ്കുവച്ചത്‌. ഈ കൊറോണക്കാലത്തും മികച്ചരീതിയിൽ ആ കൊച്ചുസംരംഭം മുന്നോട്ട്‌ കൊണ്ടുപോവാൻ സഹായമായതിന്റെ സന്തോഷവും ഞങ്ങളെ അറിയിക്കാൻ ചേച്ചിയുടെ കുടുംബം മറന്നില്ല.

അന്നത്തെ ടൈറ്റ്‌ ഷെഡ്യൂളിൽ സന്ധ്യയോടെ അവിടുന്ന്‌ അവർ മലപ്പുറത്തേയ്ക്ക്‌ യാത്ര തിരിക്കുമ്പോൾ കൂടെ വിളിച്ചെങ്കിലും Packed അല്ലാതിരുന്നതിനാലും മറ്റുചില കാര്യങ്ങൾ ഉണ്ടായിരുന്നതിനാലും “See You Next Time” പറഞ്ഞ്‌ ഞാനെന്റെ കൊച്ചുലോകത്തേയ്ക്കും, അവർ അൽപ്പം കൂടി വിശാലമായ മറ്റൊരു ലോകത്തേയ്ക്കും.